റഷ്യയുടെ നാലാമത്തെ മേജര്‍ ജനറലും കൊല്ലപ്പെട്ടു; സമാധാന ചര്‍ച്ചയില്‍ പുരോഗതിയെന്ന് റഷ്യ

റഷ്യയുടെ നാലാമത്തെ മേജര്‍ ജനറലും കൊല്ലപ്പെട്ടു; സമാധാന ചര്‍ച്ചയില്‍ പുരോഗതിയെന്ന് റഷ്യ


കീവ്: ഉക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച് മൂന്നു വാരം പിന്നിടുമ്പോള്‍ റഷ്യയുടെ നാലാമത്തെ മേജര്‍ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജര്‍ ജനറല്‍ ഒലെഗ് മിത്യേവ് ആണ് തുറമുഖ നഗരമായ മരിയൂപോളിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

മേജറിന്റെ മൃതദേഹത്തിന്റെ ചിത്രം ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്‌ചെങ്കോ വഴി ഉക്രെയ്ന്‍ പുറത്തുവിട്ടു. കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്‌കി ഒരു റഷ്യന്‍ ജനറല്‍ കൂടി കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിരുന്നില്ല.

അതേസമയം ഉക്രെയ്നുമായി നടത്തിയ സമാധാന ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് റഷ്യ പറഞ്ഞു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ ചില ധാരണകള്‍ ഉരുത്തിരിഞ്ഞതായാണ് ലാവ്‌റോവ് വ്യക്തമാക്കിയത്.

യുദ്ധത്തില്‍ ഇതുവരെയായി റഷ്യയ്ക്ക് 13 കമാന്‍ഡന്‍മാരെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജിആര്‍യു മിലിട്ടറി ഇന്റലിജന്‍സ് ചാര്‍ജുള്ള ക്യാപ്റ്റന്‍ അലക്സി ഗ്ലൂഷ്ചാക്ക് മരിയൂപോളിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടങ്കിലും മരണത്തിന്റെ വിശദാംശങ്ങള്‍ റഷ്യ പുറത്ത് വിട്ടിരുന്നില്ല. യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരെ കുറിച്ചുള്ള വിവരങ്ങളൊന്നും റഷ്യ ഇപ്പോള്‍ പുറത്ത് വിടുന്നില്ല. കൊല്ലപ്പെട്ട സൈനികരുടെ സംസ്‌കാര ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത് വരുമ്പോഴാണ് പല സൈനികരുടേയും വാര്‍ത്ത സ്ഥിരീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.