തൊടുപുഴ: ഓണ്‍ലൈന്‍ കമ്പനിയുടേതിന് സമാനമായ വ്യാജ ലോഗോയും സ്‌ക്രാച്ച് കാര്‍ഡും ഉപയോഗിച്ച് വീട്ടമ്മയുടെ പണം തട്ടാന്‍ ശ്രമം. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയ വീട്ടമ്മയുടെ വിലാസത്തിലേക്ക് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയുടേതെന്ന വ്യാജേന സ്‌ക്രാച്ച് കാര്‍ഡ് രജിസ്റ്റേര്‍ഡായി അയച്ചുനല്‍കിയായിരുന്നു തട്ടിപ്പ് നീക്കം. തപാലില്‍ വന്ന കത്തും സ്‌ക്രാച്ച് കാര്‍ഡും തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ പണം നഷ്ടമായില്ല.
നെടുങ്കണ്ടം മുല്ലവേലില്‍ എംഎസ് ഷാജിയുടെ ഭാര്യ മിനി ഷാജിയുടെ പേരിലാണ് തിങ്കളാഴ്ച ഓണ്‍ലൈന്‍ വ്യാപാരശൃംഖലയുടെ പേരും ലോഗോയുമുള്ള കത്തും സ്‌ക്രാച്ച് കാര്‍ഡും വന്നത്. വീട്ടമ്മ കാര്‍ഡ് ചുരണ്ടിയപ്പോള്‍ കണ്ടത് 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്ന സന്ദേശം. കത്തുലഭിച്ചതിന് പിന്നാലെ സമ്മാനം ലഭിച്ചതായി വിവരിക്കുന്ന ഒരു സന്ദേശവും വീട്ടമ്മയുടെ മൊബൈലിലേക്ക് വന്നു.
കത്തും കാര്‍ഡും വീട്ടമ്മ പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ് ഷാജിക്ക് കൈമാറി. ഷാജി സന്ദേശം അയച്ച നമ്പരിലേക്ക് തിരികെ വിളിച്ചപ്പോള്‍, ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയിലെ ജീവനക്കാരാണെന്ന രീതിയില്‍ മലയാളവും ബംഗാളിയും കലര്‍ന്ന ഭാഷയില്‍ ഒരാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. താങ്കള്‍ക്ക് 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതിനായി അക്കൗണ്ട് വിവരങ്ങളും യുപിഐ ഇടപാടിലൂടെ 12,000 രൂപയും അയാള്‍ ആവശ്യപ്പെട്ടു.
പണമാവശ്യപ്പെട്ടപ്പോള്‍തന്നെ ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ കോള്‍ കട്ടു ചെയ്തതായും ഷാജി പറഞ്ഞു. പണം നഷ്ടപ്പെടാത്തതിനാല്‍ വീട്ടമ്മ പരാതികളൊന്നും നല്‍കിയിട്ടില്ല. മലയോര ജില്ലകളില്‍ ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.