'യുദ്ധം നിര്‍ത്തണമെന്ന യു.എന്‍ കോടതി വിധി റഷ്യക്കു ബാധകമല്ല': പുടിന്റെ പ്രസ് സെക്രട്ടറി

'യുദ്ധം നിര്‍ത്തണമെന്ന യു.എന്‍ കോടതി വിധി റഷ്യക്കു ബാധകമല്ല': പുടിന്റെ പ്രസ് സെക്രട്ടറി

ക്രെംലിന്‍: ഉക്രെയ്‌നിലെ പ്രകോപനരഹിതമായ അധിനിവേശം തടയാനുള്ള യു.എന്‍ കോടതിയുടെ ഉത്തരവ് റഷ്യ നിരസിച്ചു.'ഞങ്ങള്‍ക്ക് ആ നിര്‍ദ്ദേശം കണക്കിലെടുക്കാനാവില്ല,'-പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു.

1948-ലെ വംശഹത്യ കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തിനായി ഉക്രെയ്ന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനുള്ള അധികാരം അന്താരാഷ്ട്ര നീതിന്യായ കോടതിക്കില്ലെന്ന് മോസ്‌കോ അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ കക്ഷികളുടെ സമ്മതം അനിവാര്യമാണ്. ഇവിടെ അതുണ്ടായിട്ടില്ല- ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയിലാണ് കേസെന്ന് പ്രിസൈഡിംഗ് ജഡ്ജി ജോവാന്‍ ഡോനോഗ് ചൂണ്ടിക്കാട്ടിയിരുന്നു.

വിഘടനവാദികളുടെ അധീനതയിലുള്ള ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളില്‍ ഉക്രെയ്ന്‍ വംശഹത്യ നടത്തിയെന്ന് തെറ്റായി ആരോപിച്ചാണ് മോസ്‌കോ അധിനിവേശം ആരംഭിച്ചതെന്ന ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഉക്രെയ്നില്‍ വംശഹത്യ നടന്നതിന് കോടതിക്കു മുന്നില്‍ തെളിവില്ലെന്ന് പ്രിസൈഡിംഗ് ജഡ്ജി നിരീക്ഷിച്ചു.വംശഹത്യ ആരോപിച്ചുള്ള സൈനിക നടപടിക്ക് 1948-ലെ കണ്‍വെന്‍ഷന്റെ അംഗീകാരം അവകാശപ്പെടുന്നതെങ്ങനെയെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചു.

ഹേഗില്‍ നടന്ന ഹിയറിംഗില്‍ റഷ്യന്‍ പ്രതിനിധികളാരും പങ്കെടുത്തില്ല.ഉക്രെയ്ന്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിന്മേല്‍ പൂര്‍ണ്ണമായ വാദം കേള്‍ക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.