റഷ്യന്‍ ക്രൂരത തുറന്നു കാട്ടി ഉക്രേനിയന്‍ ആര്‍ച്ച്ബിഷപ്പ്; യു എസ് നാഷണല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമ സമ്മേളനം

റഷ്യന്‍ ക്രൂരത തുറന്നു കാട്ടി ഉക്രേനിയന്‍ ആര്‍ച്ച്ബിഷപ്പ്; യു എസ് നാഷണല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമ സമ്മേളനം

വാഷിംഗ്ടണ്‍: റഷ്യന്‍ അധിനിവേശത്തില്‍ ഉക്രെയ്ന്‍ ജനത നേരിടുന്ന അതിഭീകര പീഡനത്തിന്റെ കഥകള്‍ വാഷിംഗ്ടണ്‍ നാഷണല്‍ പ്രസ് ക്ലബ്ബിലെ മാധ്യമസമ്മേളനത്തിലൂടെ എണ്ണിപ്പറഞ്ഞ് അമേരിക്കന്‍ മനഃസാക്ഷിയെ ഞെട്ടിച്ചും കണ്ണീരണിയിച്ചും ഫിലാഡല്‍ഫിയയിലെ ഉക്രേനിയന്‍ കാത്തലിക് ആര്‍ച്ച്ബിഷപ്പ് ബോറിസ് ഗുഡ്സിയാക്ക്. 'കൊല്ലരുത്' എന്നു പറയുന്ന സുവിശേഷ ഭാഗം റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍ 'തുറന്നു വായിക്കണ'മെന്നും ഉക്രേനിയന്‍ അംബാസഡര്‍ ഒക്‌സാന മാര്‍ക്കറോവയുടെ സാന്നിധ്യത്തില്‍ സംസാരിക്കവേ ആര്‍ച്ച്ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് ഒന്നിന് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിനിടെ പ്രഥമ വനിത ജില്‍ ബൈഡന്റെ അതിഥിയായെത്തിയതോടെ അമേരിക്കന്‍ ജനതയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രദ്ധാകേന്ദ്രമായിരുന്നു ആര്‍ച്ച്ബിഷപ്പ് ഗുഡ്‌സിയാക്ക്. 'രാജ്യത്തെ മെത്രാന്‍മാരും, വൈദികരും സാധാരണക്കാര്‍ക്കൊപ്പം മുന്‍നിരയില്‍ ഉണ്ട്,' അദ്ദേഹം പറഞ്ഞു. അവരും ഭീകരതയെ അഭിമുഖീകരിക്കുന്നു.അതിനിടെയും ഭക്ഷണവും ഗതാഗതവും ആവശ്യമായ പ്രാര്‍ത്ഥനാ സഹായവുമേകുന്നു. രാജ്യത്തെ കത്തോലിക്കാ സഭ പീഡിതര്‍ക്കൊപ്പമാണ്.

ഉക്രെയ്നിനെതിരായ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സംസാരിച്ചിരുന്നു. പുടിനോടും പാത്രിയര്‍ക്കീസ് കിറിലിനോടും സംസാരിക്കാന്‍ മാര്‍പാപ്പയോട് പറഞ്ഞതായും അദ്ദേഹം അറിയിച്ചു.'മാര്‍പാപ്പ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. പാപ്പ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്, പക്ഷേ അവരില്‍ നിന്ന് അതിനനുസൃതമായ പ്രതികരണം ലഭിച്ചതായി തോന്നുന്നില്ല'.

പുടിന്‍ ക്രമമായി ഉയര്‍ത്തി വന്ന ഭീഷണികള്‍ നേരിടാന്‍ ഒന്നും ചെയ്യാതിരുന്ന യുഎസ് പ്രസിഡന്റുമാരായ ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ് എന്നിവരുള്‍പ്പെടെയുള്ള പാശ്ചാത്യ നേതാക്കളെ അദ്ദേഹം കുറ്റപ്പെടുത്തി. 'ഇന്നലെയോ തലേദിവസമോ പുടിന്‍ ചെയ്ത കാര്യം മാത്രമല്ല ഇപ്പോഴത്തെ ദുരന്തത്തിനിടയാക്കിയത് . 20 - 30 വര്‍ഷമായി അദ്ദേഹം ഇത് തന്നെയാണ് ചെയ്തുവന്നത്, '-ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

യുദ്ധമെന്ന പേരില്‍ നിരപരാധികളായ ഉക്രേനിയക്കാരെ കൊല്ലുന്നത് എത്രയും വേഗം നിര്‍ത്തണം. 'ബൈബിളിലെ സംഭവമാണ് അവിടെ ആവര്‍ത്തിക്കുന്നത്. ദാവീദും ഗോലിയാത്തുമായുള്ള ഏറ്റുമുട്ടല്‍ '- ആര്‍ച്ച്ബിഷപ്പ് ഗുഡ്സിയാക്ക് പറഞ്ഞു.അതിശക്തമായ റഷ്യന്‍ സൈന്യത്തിനെതിരെ രാജ്യവും ജനതയും പിടിച്ചുനില്‍ക്കുന്നു. ഉക്രേനിയക്കാര്‍ സഹജാതരുടെ മൃതദേഹങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിലൂടെയും, അവര്‍ക്ക് ചുറ്റും അരാജകത്വം അരങ്ങേറുമ്പോള്‍ മരിച്ചവരെ സംസ്‌കരിക്കുന്നതിലൂടെയും യോഹന്നാന്‍ 15:13 സുവിശേഷ വചനമാണ് ജീവിതത്തില്‍ പകര്‍ത്തുന്നത്; അപരനു വേണ്ടിയുള്ള ജീവത്യാഗ സന്നദ്ധത ഉക്രേനിയന്‍ ക്രിസ്ത്യാനികള്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു.'ഇതിലും വലിയ സ്‌നേഹം വേറെയില്ല'- ആര്‍ച്ച്ബിഷപ്പ് ഗുഡ്‌സിയാക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നയവൈകല്യവും അദ്ദേഹം തുറന്നുകാട്ടി.

'ലോകം ഒരുമിക്കുന്നു'

പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള മുന്നേറ്റമാണ് ഉക്രെയ്നിലേതെന്ന്് മാര്‍ച്ച് 13-ന് മോസ്‌കോയില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ റഷ്യയുടെ നാഷണല്‍ ഗാര്‍ഡ് മേധാവിയായ വിക്ടര്‍ സോളോടോവിനു സമ്മതിക്കേണ്ടിവന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.അപ്പോള്‍ ദൈവമാതാവിന്റെ ചിത്രം സോളോടോവിനു സമ്മാനിക്കപ്പെട്ടു. 'വിജയം നമുക്കായിരിക്കും, ഈ ചിത്രം റഷ്യന്‍ സൈന്യത്തെ സംരക്ഷിക്കുകയും വിജയം ത്വരിതപ്പെടുത്തുകയും ചെയ്യും.' എന്നാണ് സോളോടോവ് പാത്രിയര്‍ക്കീസിനു മുന്നില്‍ അവകാശപ്പെട്ടത്.

'ഇങ്ങനെയെല്ലാം സംഭവിക്കുന്നു ... റഷ്യന്‍ തലസ്ഥാനത്തെ ഏറ്റവും വലിയ പള്ളിയില്‍, ഒരു സഭാ പിതാവ് ഈ യുദ്ധക്കുറ്റവാളികള്‍ക്ക് ദൈവമാതാവിനെ നല്‍കുന്നു,'- ആര്‍ച്ച്ബിഷപ്പ് ഗുഡ്‌സിയാക്ക് പറഞ്ഞു.' റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും അതിന്റെ നേതൃത്വവും പ്രസിഡന്റ് പുടിനൊപ്പം ഈ യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്നത് വളരെ സങ്കടകരമാണ്.'

ഗുരുതരമായി പരിക്കേറ്റ രോഗികളെ ചികിത്സിക്കുന്നതിന് കവചിത ആംബുലന്‍സുകള്‍ രാജ്യത്തിന് ധാരാളമായി വേണം. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, തുടങ്ങി എല്ലാത്തരം സാധനങ്ങളും രാജ്യത്തിന് ആവശ്യമാണ്. സഹായമെത്തിക്കണം- ലോകമെമ്പാടുമുള്ള ഉക്രേനിയന്‍ കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ചുമതലക്കാരന്‍ കൂടിയായി ആര്‍ച്ച്ബിഷപ്പ് ഗുഡ്സിയാക്ക് അഭ്യര്‍ത്ഥിച്ചു.മതനേതാവ് എന്ന നിലയില്‍ തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് ഗുഡ്സിയാക്ക് കൂട്ടിച്ചേര്‍ത്തു: 'ഈ ദുരന്തത്തില്‍ നല്ല കാര്യങ്ങള്‍ കാണേണ്ടത് പ്രധാനമാണ്. ലോകം കൂടുതല്‍ ഒരുമിക്കുന്നുണ്ട്.'


റഷ്യ ഉക്രെയ്‌നിനോട് ചെയ്യുന്ന ക്രൂരതയ്ക്ക് ചരിത്രത്തില്‍ സമാനതകള്‍ അധികമില്ലെന്ന് അംബാസഡര്‍ ഒക്‌സാന മാര്‍ക്കറോവ പറഞ്ഞു. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് സാധാരണക്കാരെ ഭയപ്പെടുത്തി പീഡിപ്പിച്ചശേഷം കൊല്ലുന്നു. റഷ്യ ഉക്രെയ്‌നിന്റെ സാംസ്‌കാരിക ചിഹ്നങ്ങളും പൈതൃക ഇടങ്ങളും നശിപ്പിക്കുന്നു; ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ. 'ഗ്രീക്ക് ഓര്‍ത്തഡോക്‌സ് , ഗ്രീക്ക് കത്തോലിക്കാ പള്ളികളും സിനഗോഗുകളും മോസ്‌ക്കുകളും തകര്‍ക്കപ്പെടുന്നു.'.

ഉക്രേനിയക്കാര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ആയുധങ്ങള്‍ ആവശ്യമാണ്, കൂടാതെ മാനുഷിക സഹായവും വേണം. സുരക്ഷിത ഇടനാഴികള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ അത്യാവശ്യം. പാശ്ചാത്യര്‍ക്ക് ഏര്‍പ്പെടുത്താന്‍ കഴിയുന്ന ഏറ്റവും ശക്തമായ ഉപരോധങ്ങള്‍ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.

'ഒരു സ്വേച്ഛാധിപത്യ ആക്രമണാത്മക ആണവശക്തിക്ക്് വിവേചനരഹിതമായി അയല്‍ രാജ്യത്തെ ആക്രമിക്കാനാകുന്നത് ശരിയാണോ?' മാര്‍ക്കറോവ ചോദിച്ചു. 'നമ്മളെല്ലാവരും ഒരുമിച്ച്, പരിഷ്‌കൃത ലോകത്തിലെ എല്ലാവരും 'ഇല്ല' എന്ന് നിര്‍ണ്ണായകമായ ഉത്തരം നല്‍കുകയാണു വേണ്ടതെന്ന് എനിക്ക് ഉറപ്പുണ്ട്.' 1930 കളില്‍ കിഴക്കന്‍ യൂറോപ്പിലെ നാസി അധിനിവേശങ്ങളില്‍ നടപടിയെടുക്കാത്തതില്‍ ലോകം പിന്നീടു ഖേദിച്ചു. അന്നത്തെ നിഷ്‌ക്രിയത വലിയ ആഗോള സംഘര്‍ഷത്തിന് വഴിയൊരുക്കി -അവര്‍ പറഞ്ഞു.

'ഇപ്പോഴത്തെ അതിക്രമം തടയാനാകാതെ വന്നാല്‍ പിന്നീട് ഉക്രെയ്‌നെ മാത്രം സഹായിച്ചാല്‍ പോരെന്നതാകും സ്ഥിതി... ഉക്രെയ്‌നിലെ അധിനിവേശം കൊണ്ട് അവര്‍ നിര്‍ത്തില്ല എന്നാണ് റഷ്യയില്‍ നിന്ന് നമ്മള്‍ കേള്‍ക്കുന്നത്.'- ഒക്‌സാന മാര്‍ക്കറോവ ലോകത്തിന് മുന്നറിയിപ്പു നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.