ഹിജാബ് നിരോധനം; വധഭീഷണിയെത്തുടർന്ന് ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കി കർണാടക

ഹിജാബ് നിരോധനം; വധഭീഷണിയെത്തുടർന്ന് ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കി കർണാടക

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ച കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കി സംസ്ഥാന സര്‍ക്കാര്‍.

മധുരയില്‍ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ എഫ്‌ ഐ ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ക്ലാസില്‍ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി യു കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഴിഞ്ഞ 16ന് ചരിത്രവിധി പുറപ്പെടുവിച്ചത്.

വിദ്യാലയങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതിനെ കോടതി അനുകൂലിക്കുകയും ചെയ്തിരുന്നു. ഹിജാബ് നിരോധനം ഭരണഘടനാപരമായി അനുവദനീയമാണ്. അതിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ല. വിദ്യാലയങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയോ, സ്വകാര്യതയുടെയോ ലംഘനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തമിഴ്നാടുമായി ഏകോപിച്ച്‌ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.

കര്‍ണാടക ഹൈക്കോടതിക്കും ജഡ്ജിമാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മൂന്ന് തമിഴ്നാട് തൗഹീദ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മധുരയിലെ കോരിപാളയം പ്രദേശത്ത് അടുത്തിടെ നടന്ന ഒരു പരിപാടിയിലായിരുന്നു ജഡ്ജിമാര്‍ക്കെതിരെയുള്ള പരാമര്‍ശം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.