ന്യൂഡല്‍ഹി: പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനും എംഎല്‍എമാര്‍ക്കും നിർദേശവുമായി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാൾ. ജനഹിതം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രിമാരോടും എംഎൽഎമാരോടും അദ്ദേഹം പറഞ്ഞു.
ഇന്ന് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മന്ത്രിമാരോടും എംഎല്‍എമാരോടുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നുകില്‍ നന്നായി പ്രവര്‍ത്തിക്കണമെന്നും അഴിമതിയില്‍ ഏര്‍പ്പെട്ടാല്‍ തല ഉരുളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കുമെന്നും അവര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കണമെന്നും' കെജ്രിവാള്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നത് അവരുടെ ഉത്തരവാദിത്തങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ ഞാന്‍ അഭിനന്ദിക്കില്ല. പകരം ഞാന്‍ അവര്‍ക്ക് ആശംസകള്‍ നല്‍കും. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഭഗവന്ത് മാന്‍ നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നല്‍കും. ഒരു ദിവസം 24 മണിക്കൂര്‍ മതിയാകില്ല. ദിവസവും 30 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും. ലക്ഷ്യം കണ്ടില്ലെങ്കില്‍ മന്ത്രിയെ മാറ്റുമെന്ന് ജനങ്ങള്‍ പറയും. അപ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നും, പക്ഷേ നിങ്ങളെ മാറ്റി സ്ഥാപിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലെന്ന്' കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി.
'പഞ്ചാബിലെ ജനങ്ങള്‍ വജ്രങ്ങള്‍ തിരഞ്ഞെടുത്തു. നിങ്ങളെല്ലാവരും വജ്രങ്ങളാണ്. നിങ്ങള്‍ എല്ലാവരും കഴിവുള്ളവരാണ്, പക്ഷേ ഞങ്ങള്‍ 92 പേരും ഒരു ടീമായി കഠിനാധ്വാനം ചെയ്യണം. നമ്മള്‍ ഒരു ടീമായി പ്രവര്‍ത്തിക്കാതെ, ആഗ്രഹങ്ങളും അത്യാഗ്രഹവും മുന്നില്‍ നിര്‍ത്തിയാല്‍, പഞ്ചാബ് തോല്‍ക്കും. നാമെല്ലാവരും ഒരു ടീമായി പ്രവര്‍ത്തിക്കേണ്ടത് പഞ്ചാബിന് പ്രധാനമാണെന്ന് കെജ്രിവാള്‍ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 117ല്‍ 92 സീറ്റും നേടിയാണ് ആം ആദ്മി പാര്‍ട്ടി ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ഈ ആഴ്ച ആദ്യം പാര്‍ട്ടി നേതാവ് ഭഗവന്ത് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും പിന്നീട് 10 എം എല്‍ എമാരെ ഇന്നലെ മന്ത്രിസഭയില്‍ മന്ത്രിമാരായി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.