വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഭരണ വകുപ്പുകളുടെ മേധാവിയാകാന്‍ സ്ത്രീകള്‍ക്ക് ഇനി അയോഗ്യതയുണ്ടാകില്ല. ഇതുള്‍പ്പെടെ നിര്‍ണ്ണായക പുതുമകള്‍ ഉള്‍പ്പെടുത്തി വത്തിക്കാന്‍ കൂരിയയുടെ പുതിയ അപ്പസ്‌തോലിക ഭരണഘടന ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. സ്ത്രീകളടക്കം മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കാ വിശ്വാസിക്കും വകുപ്പു മേധാവികളാകാമെന്ന് ജൂണ്‍ അഞ്ചിന് പെന്തക്കോസ്ത് ദിനത്തില്‍ പ്രാബല്യത്തില്‍ വരുന്ന 54 പേജുള്ള ഭരണഘടനയില്‍ പറയുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അംഗീകരിച്ച 1988 ലെ ഭരണഘടന നര്‍ദ്ദേശിച്ചിട്ടുള്ളത് വകുപ്പുകളുടെ മേധാവി കര്‍ദിനാള്‍ അല്ലെങ്കില്‍ ബിഷപ്പുമാര്‍ ആയിരിക്കണമെന്നാണ്. ഒരു സെക്രട്ടറി, വിദഗ്ധര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവരാകണം സഹായികള്‍. മാര്‍പ്പാപ്പ, ബിഷപ്പുമാര്‍, മറ്റ് നിയുക്ത ശുശ്രൂഷകര്‍ എന്നിവര്‍ക്ക് പുറമേ അത്മായര്‍ക്കും ഭരണ പങ്കാളിത്തമുണ്ടാവണമെന്ന് പുതിയ ഭരണഘടനയുടെ ആമുഖം പറയുന്നു.
വിശ്വാസികളിലെ ഏതൊരാള്‍ക്കും കൂരിയയിലെ വകുപ്പ് അല്ലെങ്കില്‍ സംഘടനകളുടെ ചുമതലയേല്‍പ്പിക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് തീരുമാനിക്കുകയും അവരെ നിയമിക്കുകയും ചെയ്യാമെന്ന് ഭരണഘടന തത്ത്വങ്ങളില്‍ പറയുന്നു. വത്തിക്കാനിലെ സാമ്പത്തിക വകുപ്പിന്റെ തലപ്പത്തേക്ക് സ്ത്രീയെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത കാര്യം 2018ല്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്നത്.
കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണര്‍ പദവിയിലേക്ക് സിസ്റ്റര്‍ റാഫെല്ല പെട്രിനിയെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷംതന്നെ ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലിയെ നീതി, സമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്‍ വികസന കാര്യാലയത്തിന്റെ ഇടക്കാല സെക്രട്ടറിയായും നിയമിച്ചിരുന്നു. കൂടാതെ, ബിഷപ്പ്സ് സിനഡിന്റെ സഹ-അണ്ടര്‍ സെക്രട്ടറിയായി സേവിയര്‍ മിഷനറി സിസ്റ്റേഴ്സിലെ ഫ്രഞ്ച് അംഗമായ സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ടിനെ മാര്‍പാപ്പ തെരഞ്ഞെടുത്തിരുന്നു.
2013-ലെ കോണ്‍ക്ലേവിന് മുന്നോടിയായുള്ള ജനറല്‍ കോണ്‍ഗ്രിഗേഷനുകളില്‍ ആരംഭിച്ച ഒരു നീണ്ട ശ്രവണ പ്രക്രിയയുടെ ഫലമായാണ് ഭരണഘടനയ്ക്ക് അന്തിമ രൂപം നല്‍കിയത്. 1988 ജൂണ്‍ 28-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചതും 1989 മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വന്നതുമായ 'പാസ്റ്റര്‍ ബോണസിന്' പകരമാണ് 250 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'പ്രെഡിക്കേറ്റ് ഇവാഞ്ചലിയം' എന്ന പുതിയ ഭരണഘടന നിലവില്‍ വരുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ 2013-ലെ പ്രീ-കോണ്‍ക്ലേവ് മീറ്റിംഗുകളില്‍ നിന്ന് സൂചനകള്‍ എടുത്ത്ലോകമെമ്പാടുമുള്ള പ്രാദേശിക സഭകളില്‍ നിന്നുള്ള സംഭാവനകളോടെ 2013 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ നടന്ന യോഗങ്ങളില്‍ കര്‍ദിനാള്‍മാര്‍ ഉള്‍പ്പെട്ട സംഘങ്ങളുടെ നീണ്ട പ്രവര്‍ത്തനത്തിന്റെ ഫലമായാണ്് ഈ രേഖ രൂപം പ്രാപിച്ചതെന്ന് വത്തിക്കാന്‍ കാര്യാലയത്തിലെ പ്രസ് ഓഫീസ് അറിയിച്ചു.വിപുലമായ പരിഷ്‌കരണതതിനു ശേഷമാണ് പുതിയ ഭരണഘടന അവതരിപ്പിക്കപ്പെടുന്നത്.
സ്റ്റേറ്റ് സെക്രട്ടേറിയറ്റ്, ഡികാസ്റ്ററികള്‍, ഓഫീസുകള്‍ എന്നിവ ചേര്‍ന്നതാണ് കൂരിയ എന്നും അവയെല്ലാം നിയമപരമായി തുല്യമാണെന്നും പുതിയ ഭരണഘടന ഊന്നിപ്പറയുന്നു.സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി നേരിട്ട് മാര്‍പ്പാപ്പ നയിക്കത്തക്കവിധത്തിലുള്ള കാതലായ മാറ്റവും നിര്‍ദ്ദേശിക്കുന്നു പുതിയ ഭരണഘടന. ജനങ്ങളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള കോണ്‍ഗ്രിഗേഷന്‍, നവ സുവിശേഷീകരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എന്നിങ്ങനെ ഇതിനു കിഴിലുള്ള രണ്ട് ഓഫീസുകളുടെ തലവന്മാരും പ്രോ-പ്രിഫെക്ടുകളായിരിക്കും.
വിശുദ്ധരുടെ നാമകരണങ്ങള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്റ്റ് കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോ, കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്റെ സെക്രട്ടറി ബിഷപ് മാര്‍ക്കോ മെല്ലിനോ, കാനോനിക നിയമ പണ്ഡിതനും പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയിലെ എമറിറ്റസ് പ്രൊഫസറുമായ ഈശോ സഭാംഗം ഫാ. ജിയാന്‍ഫ്രാങ്കോ ഗിര്‍ലാന്‍ഡ എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് 21-ന് രാവിലെ 11:30-ന്, വത്തിക്കാന്‍ കാര്യാലയത്തിലെ പ്രസ് ഓഫീസില്‍ പ്രെഡിക്കേറ്റ് ഇവാഞ്ചലിയം അവതരിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.