ആമസോണ്‍ കാടിനുള്ളില്‍ കുരുന്നുകള്‍ വഴിതെറ്റി അലഞ്ഞത് 26 ദിവസം; എല്ലും തോലുമായി അവിശ്വസനീയമായ തിരിച്ചുവരവ്

ആമസോണ്‍ കാടിനുള്ളില്‍ കുരുന്നുകള്‍ വഴിതെറ്റി അലഞ്ഞത് 26 ദിവസം; എല്ലും തോലുമായി അവിശ്വസനീയമായ തിരിച്ചുവരവ്

ബ്രസീലിയ: മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന, വന്യജീവികള്‍ ഏറെയുള്ള കൊടുംവനത്തിനുള്ളില്‍ വഴിതെറ്റി അലഞ്ഞ രണ്ട് കുരുന്നുകള്‍ 26 ദിവസത്തിനുശേഷം അവിശ്വസനീയമായി തിരിച്ചെത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.

ബ്രസീലിലെ തദ്ദേശീയ മുറ വിഭാഗത്തില്‍പ്പെട്ട ഒമ്പതും ഏഴും വയസുള്ള ഗ്ലെയ്സണ്‍, ഗൗകോ എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ വനമേഖലയായ ആമസോണ്‍ മഴക്കാടുകളില്‍ ഒറ്റപ്പെട്ടുപോയത്. ഘോരവനത്തില്‍ 35 കിലോമീറ്റര്‍ ഉള്ളിലായാണ് ഇവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വനത്തില്‍ അകപ്പെട്ട് 26 ദിവസത്തിനു ശേഷമായിരുന്നു ഇത്. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ സ്ഥിതിയിലായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല.

കുട്ടികള്‍ കാണാതാകുന്നതിനു മുന്‍പ്

ഫെബ്രുവരി 18ന് ആണ് കുട്ടികളെ വനത്തിനുള്ളില്‍ കാണാതായത്. ആമസോണസ് സംസ്ഥാനത്തെ മണിക്കോര്‍ സ്വദേശികളായ ഇവര്‍ പക്ഷികളെ വേട്ടയാടുന്നതിനാണ് കാട്ടിലേക്കു പോയത്. പിന്നീട് കുട്ടികള്‍ക്ക് വഴിതെറ്റുകയായിരുന്നു. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും ദിവസങ്ങളോളം വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. 260-ലധികം സന്നദ്ധപ്രവര്‍ത്തകരാണ് രാപ്പകല്‍ തിരച്ചില്‍ നടത്തിയത്. മഴക്കാലത്ത് ആമസോണ്‍ ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും മഞ്ഞു മൂടിയ, വഴുക്കലുള്ള വഴികളും മറികടക്കുക പ്രയാസമായിരുന്നു. ഒടുവില്‍ ഫെബ്രുവരി 26-ന്, എട്ടാം ദിവസം അന്വേഷണം അവസാനിപ്പിച്ചു.

കാട്ടില്‍ മരംവെട്ടാന്‍ പോയ ഗ്രാമവാസിയായ ഒരാളാണ് ഒടുവില്‍ കുട്ടികളെ കണ്ടെത്തുന്നത്. തിരിച്ചുവരാനുള്ള വഴിയറിയാതെ 25 ദിവസം അലഞ്ഞ കുട്ടികള്‍ മഴവെള്ളവും കാട്ടുപഴങ്ങളും കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. കണ്ടെത്തുമ്പോള്‍ രണ്ടു പേരും വെറും മണ്ണില്‍ കിടക്കുകയായിരുന്നു. വിശപ്പും വേദനയും മൂലം നടക്കാന്‍ പോലുമാകാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു. പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും അവരെ ബാധിച്ചിരുന്നു. ശരീരത്തിന്റെ പലയിടത്തും ഉരഞ്ഞു പൊട്ടിയ പാടുകളുണ്ടായിരുന്നു.

ഗ്ലൗകോയെയും ഗ്ലെയ്‌സണെയും ആദ്യം മണിക്കോറിലെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മനൗസിലെ മറ്റൊരു ആശുപത്രിയിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ചു. മഴവെള്ളവും, തടാകത്തിലെ ജലവും, കാട്ടിനുള്ളില്‍ കിട്ടുന്ന പഴമായ സോര്‍വയും കഴിച്ചാണ് കുട്ടികള്‍ അതിജീവിച്ചത്. അതേസമയം അവരുടെ ആരോഗ്യം അപകടനിലയിലായിരുന്നില്ലെന്ന് രക്ഷാസംഘത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.