മരിയുപോള്‍ നഗരം കീഴടങ്ങാന്‍ റഷ്യ നല്‍കിയ സമയം കഴിഞ്ഞു;കടുത്ത നിലപാടിലുറച്ച് കീവ്

 മരിയുപോള്‍ നഗരം കീഴടങ്ങാന്‍ റഷ്യ നല്‍കിയ സമയം കഴിഞ്ഞു;കടുത്ത നിലപാടിലുറച്ച് കീവ്


കീവ് : കിഴക്കന്‍ ഉക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളിന് കീഴടങ്ങാന്‍ അന്ത്യശാസനാ രൂപത്തില്‍ മോസ്‌കോ നല്‍കിയിരുന്ന സമയം കഴിഞ്ഞു.തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് അനുവദിച്ചത്.റഷ്യയുടെ ആവശ്യം കീവ് നിരസിച്ചിരുന്നു.കീഴടങ്ങാത്തപക്ഷം പ്രത്യാഘാതം അതിഗുരുതരമാകുമെന്ന് മോസ്‌കോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ തന്റെ രാജ്യത്തെ റഷ്യന്‍ അധിനിവേശത്തെ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മ്മനി നടത്തിയ അതിക്രമങ്ങളുമായാണ് താരതമ്യ വിധേയമാക്കിയത്.'ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ചകളാണെ'ന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്നെ പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമേ പുടിനുള്ളുവെന്നും ഈ ആക്രമണം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതിയാണുള്ളതെന്നും വ്‌ലാദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ പലപ്പോഴും ഏകപക്ഷീയമാണെന്നും റഷ്യ ആക്രമണത്തില്‍ നിന്ന് പിന്മാറാനുള്ള യാതൊരു സാദ്ധ്യതയും കാണുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. 'ഞാനെന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിനായി ശ്രമിച്ചു.'- സെലന്‍സ്‌കി ആവര്‍ത്തിക്കുന്നു.

'ഏതു തരം മാര്‍ഗ്ഗവും സമാധാനം പുലരാനായി ഞങ്ങള്‍ ഉപയോഗിക്കും. പരസ്പരം എന്ത് ഒത്തുതീര്‍പ്പിനും തയ്യാറാകാന്‍ ചര്‍ച്ച നടത്തുന്ന ഇരുകൂട്ടരും തയ്യാറാകണം. ഇനി ഒരു ചര്‍ച്ചകൂടി നടക്കാനിരിക്കുന്നു. അത് പരാജയപ്പെട്ടാല്‍ ലോകശക്തികളും റഷ്യയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക. ഒരു മൂന്നാം ലോകമഹായുദ്ധം മുന്നില്‍കാണുന്നു. അത് അപകടമാണ്.' സെലന്‍സ്‌കി പറഞ്ഞു.

മരിയുപോളിനെ റഷ്യ തകര്‍ക്കുകയാണ്. ഇതുവരെ തുറമുഖ നഗരത്തില്‍ 2500 പേരാണ് മരണപ്പെട്ടത്. ഒരു ദിവസം 235 പേര്‍ വരെ മരിച്ചുവീഴുന്നുവെന്ന കണക്കുകള്‍ വലിയ ദു:ഖവും ആശങ്കയും ഉണ്ടാക്കുന്നുവെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. ജനങ്ങളെ കൊന്നൊടുക്കുന്ന റഷ്യന്‍ കാടത്തം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഉടന്‍ ഇടപെടണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

ഉക്രേനിയന്‍ നഗരങ്ങളില്‍ നിന്ന് ഞായറാഴ്ച ആകെ 7,295 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.ഏഴ് മാനുഷിക ഇടനാഴികളില്‍ നാലെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.അതേസമയം, റഷ്യയും ഉക്രെയ്‌നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഇരുപക്ഷവും ഒരു കരാറുമായി അടുത്തുവെന്നും മധ്യസ്ഥ റോളിലുള്ള തുര്‍ക്കി അവകാശപ്പെട്ടു. എന്നാല്‍ സെലെന്‍സ്‌കിയുമായുള്ള ചര്‍ച്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സന്നദ്ധനായിട്ടില്ലെന്നും വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.