അഫ്ഗാനിസ്താനിലെ മുന്‍ ധനമന്ത്രി വാഷിംഗ്ടണില്‍ ഊബര്‍ ഡ്രൈവര്‍;'കുടുംബം പോറ്റാന്‍ കഴിയുന്നു; നന്ദി'

അഫ്ഗാനിസ്താനിലെ മുന്‍ ധനമന്ത്രി വാഷിംഗ്ടണില്‍  ഊബര്‍ ഡ്രൈവര്‍;'കുടുംബം പോറ്റാന്‍ കഴിയുന്നു; നന്ദി'


വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിക്കും മുമ്പേ രക്ഷപ്പെട്ടു പോന്ന മുന്‍ ധനമന്ത്രി കുടുംബത്തെ പോറ്റാന്‍ വാഷിംഗ്ടണില്‍ ഊബര്‍ ടാക്‌സി ഓടിക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം മുന്‍ ധനമന്ത്രി ഖാലിദ് പയേന്ദ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ അതിഥി അധ്യാപകനായും ജോലി ചെയ്യുന്നുണ്ട്.

കാബൂളിനെ താലിബാന്‍ കീഴടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ധനമന്ത്രി സ്ഥാനം രാജിവെച്ച് പോയ ആളാണ് ഖാലിദ് പയേന്ദ.താലിബാന്‍ ഭരണം പിടിച്ചതോടെ മുങ്ങിയ അഷ്‌റഫ് ഘാനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരിന്റെ അവസാന ധനകാര്യ മന്ത്രിയായിരുന്നു പയേന്ദ. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാനാണ് ഊബറോടിക്കാന്‍ തുടങ്ങിയതെന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ഇവിടെ ലഭിച്ച തൊഴിലിന് നന്ദിയുണ്ടെന്നും താന്‍ കൃതാര്‍ത്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ 50 യാത്രകള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍, എനിക്ക് 95 ഡോളര്‍ ബോണസ് ലഭിക്കും,' ഹോണ്ട അക്കോര്‍ഡിന്റെ വളയത്തിനു പിന്നിലിരുന്ന് പയേന്ദ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. 40-കാരനായ അദ്ദേഹത്തിന് 6 ബില്യണ്‍ യുഎസ് ഡോളറിന്റെ പിന്തുണയുള്ള ബജറ്റിന് മേല്‍നോട്ടം വഹിച്ചുപോന്ന ഭാവമില്ല. ഈ ആഴ്ച ആദ്യം ഒരു രാത്രി ആറു മണിക്കൂര്‍ ജോലി കൊണ്ട് 150-ല്‍ അധികം ഡോളര്‍ സമ്പാദിക്കാനായ കഥയും പറഞ്ഞു അദ്ദേഹം.പക്ഷേ, 'ഇപ്പോള്‍, എനിക്ക് രാജ്യമില്ല. ഞാന്‍ ഇവിടത്തെയും അവിടത്തെയും പൗരനല്ല. തികച്ചും ശൂന്യതയുടേതായ ഒരു വികാരമാണിത്്.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.