അമൂല്യങ്ങളായ 29 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി ഓസ്‌ട്രേലിയ

അമൂല്യങ്ങളായ 29 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി ഓസ്‌ട്രേലിയ

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 29 പുരാവസ്തുക്കള്‍ രാജ്യത്തിനു തിരികെ നല്‍കി ഓസ്‌ട്രേലിയ. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ ഇന്നലെ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിന് മുന്നോടിയായാണ് പുരാവസ്തുക്കള്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കു കൈമാറിയത്. ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുരാവസ്തുക്കളാണ് രാജ്യത്തേക്ക് തിരികെ എത്തിയിരിക്കുന്നത്. ശിവന്‍, മഹാവിഷ്ണു, അവതാരങ്ങള്‍, ജൈന പാരമ്പര്യമുള്ള പുരാവസ്തുക്കള്‍, ഛായാചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.

9-10 നൂറ്റാണ്ടുകളിലെ പുരാവസ്തുക്കള്‍ വരെ കൈമാറിയവയിലുണ്ട്. ചരല്‍ക്കല്ല്, മാര്‍ബിള്‍, വെങ്കലം, പിച്ചള, കടലാസ് എന്നിങ്ങനെ വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്‍പങ്ങളും ചിത്രങ്ങളുമാണ് ഇവ. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാതന വസ്തുക്കളാണ് ഇവ. ഓസ്‌ട്രേലിയയില്‍ നിന്ന് തിരികെയെത്തിയ ഈ പുരാവസ്തുക്കള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തിയിരുന്നു.

ഓസ്‌ട്രേലിയ മുന്‍പും ഇന്ത്യയില്‍ നിന്നുള്ള പുരാവസ്തുക്കള്‍ തിരികെ നല്‍കിയിരുന്നു. 2016 ല്‍ കാന്‍ബെറയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് ഓസ്ട്രേലിയയിലെ നാഷണല്‍ ഗാലറി അവരുടെ ഏഷ്യന്‍ ആര്‍ട്ട് ശേഖരത്തില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് മടക്കി തന്നത് വാര്‍ത്തയായിരുന്നു. പ്രത്യംഗിര ദേവിയുടെ 900 വര്‍ഷം പഴക്കമുള്ള ശിലാ പ്രതിമ അടക്കം ഉള്‍പ്പെടുന്നതായിരുന്നു പുരാവസ്തുക്കള്‍. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് അന്ന് തിരികെ നല്‍കിയത്.

പിന്നീട് 2021-ല്‍ നാഷണല്‍ ആര്‍ട്ട് ഗാലറി ഇന്ത്യയില്‍നിന്നും എത്തിയ പുരാവസ്തുക്കള്‍ തിരികെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതിലേറിയ പങ്കും സുഭാഷ് കപൂര്‍ എന്നയാള്‍ വഴി ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു. ഇയാള്‍ പിന്നീട് തടവിലായി. പുരാവസ്തുക്കള്‍ പലതും ക്ഷേത്രങ്ങളില്‍ നിന്നടക്കം മോഷ്ടിക്കപ്പെട്ടവയാണ് എന്നാണ് കരുതുന്നത്.

വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ 1,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപം വ്യാപിപ്പിക്കും. ഓസ്‌ട്രേലിയ ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.

പ്രധാനമന്ത്രി മോഡിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടിയാണ് ഇന്നലെ നടന്നത്. 2020 ജൂണ്‍ 4-നായിരുന്നു ആദ്യത്തേത് നടന്നത്. റഷ്യ-ഉക്രൈന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണു സൂചന.

കൂടുതല്‍ വായനയ്ക്ക്

ഇന്ത്യയില്‍നിന്ന് മോഷ്ടിക്കപ്പെട്ട അമൂല്യങ്ങളായ കലാസൃഷ്ടികള്‍ ഓസ്ട്രേലിയ തിരിച്ചുനല്‍കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.