അഞ്ഞൂറു വര്‍ഷം മുമ്പ് വംശനാശം വന്ന 'ഡോഡോ'യുടെ പുനര്‍ജന്മത്തിനു വഴി തെളിച്ച് ഡി.എന്‍.എ സാമ്പിള്‍

  അഞ്ഞൂറു വര്‍ഷം മുമ്പ് വംശനാശം വന്ന 'ഡോഡോ'യുടെ പുനര്‍ജന്മത്തിനു വഴി തെളിച്ച് ഡി.എന്‍.എ സാമ്പിള്‍

വാഷിംഗ്ടണ്‍:നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ഡോഡോ എന്ന ഭീമന്‍ പക്ഷിയുടെ ഡി.എന്‍.എ സാമ്പിള്‍ കണ്ടെത്തി ജനിതക ഘടനയ്ക്കു പൂര്‍ണ്ണ രൂപം നല്‍കാനായതിന്റെ ആവേശം പങ്കുവയ്ക്കുന്നു ശസ്ത്രജ്ഞര്‍. അത്ഭുത ജീവിയായി കഥാ പുസ്തകങ്ങളിലും സിനിമയിലും സ്ഥാനം പിടിച്ച ഡോഡോയുടെ 'ജീനോം' പൂര്‍ണമായും ക്രമീകരിക്കാനായെന്ന്് അവര്‍ പറയുമ്പോള്‍ ഡോഡോയുടെ പുനര്‍ജനിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ആക്കം കൂടുന്നു.

മൗറീഷ്യസില്‍ വിഹരിച്ചിരുന്ന 3 അടി ഉയരമുള്ള ഡോഡോ (Raphus cucullatus) 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു.പക്ഷേ, പറക്കാന്‍ കഴിയാത്ത മനോഹര പക്ഷി മണ്‍മറഞ്ഞുപോയിട്ടും 'Alice’s Adventures in Wonderland ' എന്ന ഹോളിവുഡ് സിനിമയിലൂടെ ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ മനസില്‍ കുടിയേറി പാര്‍ത്തു. ഏറെക്കാലമായി ഇംഗ്ലീഷ് ഭാഷയിലുള്ള 'as dead as a dodo ' എന്ന പ്രയോഗം നീക്കം ചെയ്യാന്‍ ഭാഷാശാസ്ത്രജ്ഞര്‍ നിര്‍ബന്ധിതരാകുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതായത് ഭാവിയില്‍ ഡോഡോയെ വിജയകരമായി 'ക്ലോണ്‍' ചെയ്യാനാകുമെന്ന് ആധുനിക ശാസ്ത്രത്തിന് നന്ദി രേഖപ്പെടുത്തി, 'ദ ടെലഗ്രാഫ് ' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോഡോയുടെ കേടുപാട് സംഭവിക്കാത്ത ഡി.എന്‍.എ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വര്‍ഷങ്ങളായി ശാസ്ത്രലോകം. അവസാനം ഡെന്‍മാര്‍ക്കില്‍ നിന്ന് ലഭിച്ച ഒരു ഫോസിലില്‍ നിന്ന് ഡി.എന്‍.എ സാമ്പിള്‍ കണ്ടെത്താനായി. ഇതിന്റെ ക്രമീകരണമാണ് ശാസ്ത്രജ്ഞര്‍ അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയത്.

പഠനത്തിനു നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്താക്രൂസിലെ പരിസ്ഥിതിശാസ്ത്രത്തിന്റെയും പരിണാമ ജീവശാസ്ത്രത്തിന്റെയും പ്രൊഫസറായ ബെത്ത് ഷാപ്പിറോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തന്റെ ഗവേഷക സംഘം ഡെന്‍മാര്‍ക്കിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം വഴി മുഴുവന്‍ ജനിതക ശ്രേണിയും (full genetic sequence) പ്രസിദ്ധീകരിക്കുമെന്ന് അവര്‍ അറിയിച്ചു.


ഭാവിയില്‍ ഡോഡോയുടെ ഡി.എന്‍.എ അടങ്ങിയ കോശത്തെ ലബോറട്ടറി അന്തരീക്ഷത്തില്‍ ജീന്‍ എഡിറ്റിങ്ങിന് വിധേയമാക്കാം.തുടര്‍ന്ന് ആ കോശത്തില്‍ നിന്ന് ഡോഡോയെ സൃഷ്ടിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലോണിങ്ങിലൂടെ ചെമ്മരിയാടായ 'ഡോളി'യെ സൃഷ്ടിച്ച അതേ രീതി പ്രയോഗിക്കാമെന്നാണ് അവരുടെ അനുമാനം.

എന്നാല്‍ പക്ഷികളില്‍ ക്ലോണിംഗ് പ്രാവര്‍ത്തികമാകുമോ എന്ന ചോദ്യത്തിന് ഇതുവരെ അന്തിമ ഉത്തരമില്ല. ജനിതകപരമായി ഇന്നത്തെ നിക്കോബാര്‍ പ്രാവുകളുമായാണ് ഡോഡോയ്ക്ക് സാമ്യം. ഡോഡോ പക്ഷികളെ തിരികെ എത്തിക്കാന്‍ നിക്കോബാര്‍ പ്രാവുകളുടെ ഡി.എന്‍.എ എഡിറ്റ് ചെയ്ത് ഡോഡോ ഡി.എന്‍.എ ഉള്‍പ്പെടുത്താനാവുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. എന്തായാലും ഭാവിയില്‍ ഈ ക്രമീകരിച്ച ഡി.എന്‍.എ ഡോഡോ എന്ന പക്ഷിവര്‍ഗത്തിന്റെ തന്നെ പുനര്‍ജന്മത്തിന് കാരണമാകുമെന്ന ഉറപ്പിലാണ് ശാസ്ത്രലോകം.

മൗറീഷ്യസ് ദ്വീപിലാണ് ആദ്യമായി ഡോഡോയെ കണ്ടെത്തിയതായി രേഖയുള്ളത്.പക്ഷേ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പര്യവേഷണം നടത്തിയിരുന്ന നാവികര്‍ മൗറീഷ്യസില്‍ എത്തിയത് ഡോഡോയ്ക്കു വിനയായി മാറി. നാവികരുടെ വളര്‍ത്തു മൃഗങ്ങള്‍ ഭീമന്‍ പക്ഷിയുടെ മാംസം ആഹാരമാക്കാന്‍ തുടങ്ങി. കൂടാതെ മനുഷ്യരുടെ വ്യാപക വേട്ടയാടലുകളും ഡോഡോയെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റാനിടയാക്കി. അങ്ങനെ 17 ാം നൂറ്റാണ്ടോടെ ഡോഡോ കഥകളിലും ചിത്രങ്ങളിലുമായി ഒതുങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.