കെ റെയില്‍ കല്ലിടല്‍ ഇന്നും തുടരും; തടയാനുറച്ച് സമരസമിതി

കെ റെയില്‍ കല്ലിടല്‍ ഇന്നും തുടരും; തടയാനുറച്ച് സമരസമിതി

കോഴിക്കോട്: ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഇന്നലെ കല്ലിടല്‍ നിര്‍ത്തിയത്.

ഇവിടെ ഇന്ന് നടപടികള്‍ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സര്‍വേ നടപടി തടയുമെന്ന് സമരസമിതിയും വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികള്‍. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ വീടുകളില്‍ അതിരടയാള കല്ലിടുന്നത് അംഗീകരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബിജെപിയുടെ മൂന്ന് ദിവസത്തെ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭ പദയാത്രയ്ക്കും ഇന്ന് ജില്ലയില്‍ തുടക്കമാവും. കാട്ടില പീടിക മുതല്‍ കുഞ്ഞിപ്പള്ളി വരെയാണ് പദയാത്ര. സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് കെ റെയില്‍ കല്ലിടലിനെതിരെ ഉയര്‍ന്നത്. കോഴിക്കോട് കെ റെയില്‍ കല്ല് സമരക്കാര്‍ പിഴുത് കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാര്‍ ഉറച്ച് നില്‍ക്കുന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരവുമായി രംഗത്തുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.