ചൈനീസ് വിമാനം തകര്‍ന്ന് 24 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല; എല്ലാവരും എരിഞ്ഞടങ്ങിയതായി അനുമാനം

ചൈനീസ് വിമാനം തകര്‍ന്ന് 24 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല; എല്ലാവരും എരിഞ്ഞടങ്ങിയതായി അനുമാനം

ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകരുടെ സംഘം. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും വമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആരെയും കണ്ടെത്താനായില്ല. ഇതോടെ വിമാനത്തിലുണ്ടായിരുന്ന 132 പേരും എരിഞ്ഞടങ്ങിയതായാണ് അനുമാനം. 123 യാത്രക്കാരും ഒമ്പത് ക്രൂ മെമ്പേഴ്സുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലുണ്ടായിരുന്ന യാത്രക്കാരെയോ അവരുടെ മൃതദേഹങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് ഇനിയും വ്യക്തതയില്ല. ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ കുണ്‍മിംഗില്‍ നിന്ന് ഗുവാങ്‌സോയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഉച്ചകഴിഞ്ഞ് 3.05 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ന് നഷ്ടമാവുകയായിരുന്നു. മലമുകളിലേക്ക് വിമാനം കുപ്പുകുത്തി വീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായി. ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുപ്പതിനായിരം അടി ഉയരത്തില്‍ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്.

അപകടമുണ്ടായ മേഖലയിലേക്ക് എത്തിച്ചേരാനുണ്ടായ കാലതാമസവും പ്രതികൂല കാലാവസ്ഥയും രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. വളരെ ചെറിയ പാതയാണ് മലമുകളിലേക്കുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള വലിയ വാഹനങ്ങള്‍ ഇതിനാല്‍ ഈ മേഖലയില്‍ എത്തിക്കാന്‍ സാധിച്ചില്ല.

നിലത്തേക്ക് വീഴുന്ന സമയത്ത് വിമാനത്തില്‍ നിന്ന് പുകയൊന്നും കണ്ടിരുന്നില്ലെന്നും എന്നാല്‍ കുത്തനെ താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് അപകടത്തേക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടമുണ്ടായ പ്രദേശത്തെ മരങ്ങളില്‍ വിമാനത്തില്‍ നിന്നുള്ള വസ്ത്രങ്ങളും മറ്റും തൂങ്ങിയ നിലയില്‍ കണ്ടുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

അപകടത്തില്‍ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം തുടരുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.