കെ റെയില്‍ സമരത്തിന് സഭയുടെ പിന്തുണ; പ്രതിരോധത്തിലായ കേരളാ കോണ്‍ഗ്രസിന് മൗനവൃതം

കെ റെയില്‍ സമരത്തിന് സഭയുടെ പിന്തുണ; പ്രതിരോധത്തിലായ കേരളാ കോണ്‍ഗ്രസിന് മൗനവൃതം

കോട്ടയം: കെ റെയില്‍ സമരത്തിന് കത്തോലിക്കാ സഭ പിന്തുണ പ്രഖ്യാപിച്ചതോടെ ഇടതു മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് എം പ്രതിരോധത്തിലായി. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ ദിവസം കനത്ത സംഘര്‍ഷമുണ്ടായ മാടപ്പള്ളി സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കേരളാ കോണ്‍ഗ്രസിന് സ്വാധീനമുള്ള മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളും കെ റെയില്‍ വിരുദ്ധ സമരം ശക്തമാണ്. കോട്ടയം ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലൂടെയാണ് കെ റെയില്‍ പാത കടന്നു പോകുന്നത്.

എറണാകുളം ജില്ലയില്‍ പിറവം മണ്ഡലത്തിലും പത്തനംതിട്ട ജില്ലയില്‍ ആറന്മുള, കോയിപ്പുറം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം തുടങ്ങിയ സ്ഥലങ്ങളിലൂടെയും കെ റെയില്‍ കടന്നു പോകുന്നു. ഈ പ്രദേശങ്ങളിലെല്ലാം കേരളാ കോണ്‍ഗ്രസിന് സാമാന്യം സ്വാധീനമുണ്ട്.

വടക്കന്‍ കേരളത്തില്‍ കേരളാ കോണ്‍ഗ്രസിന് സ്വാധീനമുള്ള കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും സമരം ശക്തമാണ്. സമരത്തിനെതിരെ മന്ത്രി സജി ചെറിയാന്റെ 'തീവ്രവാദ' പ്രസ്താവന ഓര്‍ത്തഡോക്‌സ് സഭയേയും ചൊടിപ്പിച്ചു. ചെങ്ങന്നൂരില്‍ കല്ലിടുന്നത് തടയാന്‍ ശ്രമിച്ച വൈദികനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ ഓര്‍ത്തഡോക്‌സ് സഭ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പദ്ധതിയോടുള്ള എതിര്‍പ്പ് സംസ്ഥാനത്തൊട്ടാകെ അലയടിക്കുമ്പോഴും സിപിഎം നിലപാടിനെ ഭയന്ന് തല്‍ക്കാലം മൗനം പാലിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പക്ഷേ, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം എങ്ങനെ തണുപ്പിക്കും എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

കേരളാ കോണ്‍ഗ്രസിനെപ്പോലെ തന്നെ ഇടതു മുന്നണിയിലെ പല ഘടകകക്ഷികളും തങ്ങളുടെ എതിരഭിപ്രായം പുറത്തു പറയാനാകാതെ ഉള്ളിലൊതുക്കിയിരിക്കുകയാണ്. സിപിഐ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ മനസില്ലാ മനസോടെയാണെങ്കിലും കെ റെയിലിനൊപ്പമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.