ഇന്ത്യൻ കല: തിരിഞ്ഞുനോട്ടവും ഭാവിപ്രതീക്ഷകളും

ഇന്ത്യൻ കല: തിരിഞ്ഞുനോട്ടവും ഭാവിപ്രതീക്ഷകളും

'കലാകാരൻ പ്രത്യേകതരത്തിലുള്ള ഒരു മനുഷ്യനല്ല, എന്നാൽ ഓരോ മനുഷ്യനും പ്രത്യേക തരത്തിലുള്ള കലാകാരനാണ്.' പ്രസിദ്ധ ഇന്ത്യൻ കലാചിന്തകനായ ആനന്ദകുമാരസ്വാമിയുടെ വാക്കുകളാണിത്. ഇന്ത്യൻ കലാപാരമ്പര്യത്തേയും കലാചിന്തകളേയും സംബന്ധിച്ച് ഇതു വളരെ പ്രസക്തമായ വാക്കുകളാണിത്. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിൽ കല മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നുവെന്നും എല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള കലാപ്രക്രിയയിൽ ഉൾപ്പെട്ടിരുന്നുവെന്നും കാണാൻ കഴിയും. അതു മിക്കവാറും മതാനുഷ്ഠാനവുമായി ബന്ധപ്പെട്ടതായിരുന്നു. ഇന്ത്യൻ കാഴ്ച്ചപ്പാടിൽ കലയ്ക്ക് നിർവ്വഹണപരമായ (Functional) ലക്ഷ്യമുണ്ട്. മനുഷ്യലോകത്തെ ദൈവങ്ങളുമായി ബന്ധിപ്പിക്കുന്ന കവാടമായിട്ടാണ് കല വർത്തിച്ചിരുന്നത്. ഉദാഹരണമായി, ഐശ്വര്യദേവതയെ വരവേൽക്കാനും ദുഷ്ടാത്മക്കളെ പുറത്താക്കാനുംവേണ്ടിയുള്ളതായിരുന്നു, പലയിടങ്ങളിലും വീടുകൾക്ക് മുമ്പിൽ വരച്ചിരുന്നകോലം എന്ന അനുഷ്ഠാനകലാവിഷ്‌ക്കാരം. 



ഇന്ത്യൻ സംസ്‌കാരവും കലകളും മനുഷ്യജീവിതത്തിലും ജീവിതസാഹചര്യങ്ങളിലും വേരൂന്നിയതായിരുന്നു, ജീവിതത്തിൽ നിന്ന് വേറിട്ട ഒന്നായിരുന്നില്ല. കല മനുഷ്യമനസ്സിനെസംസ്‌കരിക്കുന്നതാണ്, വിമലീകരിക്കുന്നതാണ് എന്നതായിരുന്നു കലകളെക്കുറിച്ചുള്ള ഇന്ത്യൻ വിചാരം. ഐതേരിയ എന്ന പുരാതന മുനിവരൻ പറഞ്ഞിട്ടുള്ളത് 'ശില്പം ആത്മാനാം സംസ്‌കൃതേ' എന്നാണ്. ശില്പം എന്നത് എല്ലാ കലാരൂപങ്ങളെയും കുറിക്കുന്നതാണ്. ആത്മന്റെയും ബ്രഹ്മന്റെയും സംയോഗമാണ് ഇന്ത്യൻ കലയുടെ ലക്ഷ്യം. ഒരാളുടെ ആത്മം, പ്രപഞ്ചത്തിന്റെ ആത്മത്തെ തേടുകയും, ആ പരംചൈതന്യത്തിൽ ലയിക്കുകയും ചെയ്തുകൊണ്ട് അന്ധകാരാവൃതമായ ഈ സംസാരസാഗരത്തിൽനിന്ന് വിമുക്തിനേടുകയും ചെയ്യുന്നു. ഇങ്ങനെ ജീവാത്മാവ് അതിന്റെ ആത്മസത്തയെ തിരിച്ചറിയുകയും ബ്രഹ്മസത്തയിലേക്ക് വിമോചിപ്പിക്കുകയും ചെയ്യുന്നു. കല ഇത്തരത്തിൽ വ്യക്തിയെ അഹംബോധത്തിൽനിന്ന് വിമുക്തനാക്കുകയും ആത്മസത്തയുടെ പൊരുൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.



ആദിവാസികളുൾപ്പെടെയുള്ള അടിസ്ഥാന ജനസമൂഹങ്ങൾ കലയെ തങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിട്ടാണ് കണക്കാക്കുന്നത്. കലാവിഷ്‌കാരങ്ങളും മതാനുഷ്ഠാനങ്ങളും അനുദിനജീവിതചര്യകളും ഒക്കെകൂടിക്കലർന്ന അവരുടെ ജീവിതം പ്രകൃതിയും പരസ്പരവുമുള്ള ബന്ധത്താൽ ആരോഗ്യപരവും ലളിതസുന്ദരവുമായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്തഘടകങ്ങളെ പാരസ്പര്യത്തിൽ കോർത്തിണക്കുന്നതിന് കല പ്രത്യേകമായ ഒരു പങ്കുവഹിച്ചിരുന്നു.


ഇന്ത്യൻ കലാപരിപ്രേക്ഷ്യം
ഇന്ത്യയുടെ കലാപൈതൃകം വളരെ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമാണ്. വിവിധ സംസ്‌കാരങ്ങളും മതധാരകളും ഭാരതീയ കലാപൈതൃകത്തെ സമ്പന്നമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പൗരാണിക നാഗരികതയുടെ കാലം മുതൽ ഹൈന്ദവ, ബുദ്ധ, ജൈന മുസ്ലീം, ക്രൈസ്തവ സംസ്‌കാരങ്ങൾ തുടങ്ങി ആധുനിക കലാമുന്നേറ്റങ്ങൾ വരെ ഇന്ത്യൻ കലാസാംസ്‌കാരിക ലോകത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ഈ സംസ്‌കാരങ്ങളെ അടിസ്ഥാനമാക്കിയതാണ് ഇന്ത്യയുടെ കലാചരിത്രം. എന്നാൽനാടോടി ആദിവാസി കലകൾക്ക് ഇന്ത്യൻ കലാചരിത്രത്തിൽ വേണ്ടത്രസ്ഥാനം നൽകപ്പെട്ടിട്ടില്ല. അത് മറ്റൊരു സംസ്‌കാരധാരയായിട്ടാണ് നിലകൊള്ളുന്നതും കണക്കാക്കപ്പെടുന്നതും. അത് എത്രമാത്രം ശരിയായ സമീപനമാണ് എന്നതിൽ സംശയമുണ്ട്. പ്രസിദ്ധരായ പല ഭാരതീയ കലാകാരന്മാരും നാടോടി ആദിവാസി കലാസംസ്‌കൃതിയാൽ സ്വാധീനിക്കപ്പെട്ടവരായിരുന്നു.



ഒരു സമൂഹത്തിന്റെ മാറുന്ന മുഖച്ഛായയുടെ അസാധാരണമായ ലിഖിതങ്ങളും ശേഷിപ്പുകളുമാണ് ആ സമൂഹത്തിന്റെ കലാപൈതൃകം. സ്വാതന്ത്ര്യസമരകാലത്തെ കലാചരിത്രം ആത്മസംഘർഷത്തിന്റെയും ദേശീയബോധത്താൽ ആവേശഭരിതവുമായിരുന്നു. ദേശീയബോധത്തെ ഉണർത്തുന്നതിനും ഭാരതമണ്ണിന്റെ തനിമയെയും ഐക്യത്തേയും ഊട്ടിയുറപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതരത്തിൽ സ്വാതന്ത്ര്യസമരാഗ്‌നിയിൽ നിറഞ്ഞതായിരുന്നു ആ കാലഘട്ടത്തിലെഇന്ത്യൻ കലാരംഗം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാനപ്പെട്ട രണ്ട് നാഴികക്കല്ലുകൾ കലാരംഗവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. പ്രസിദ്ധ ഇന്ത്യൻ കലാകാരന്മാരുടെ ൻേതൃത്വത്തിൽ തുടങ്ങിയ പ്രോഗ്രസ്സീസ് ആർട്ടിസ്റ്റ് ഗ്രൂപ്പ് ഇന്ത്യൻ കലയെ ആധുനിക പരീക്ഷണങ്ങളിലൂടെ മുന്നേറാൻ സഹായിച്ചു. ശൈലിയുടെ കാര്യത്തിലും ഉള്ളടക്കത്തിലും സമ്പൂർണ്ണസ്വാതന്ത്ര്യത്തോടെ കലാവിഷ്‌ക്കാരങ്ങൾ എന്ന ആശയത്തെ ആസ്പദമാക്കിയായിരുന്നു ഈ പുരോഗമന കലാകൂട്ടായ്മയുടെ കലാ പരീക്ഷണങ്ങൾ.
രണ്ടാമത്തെ നാഴികക്കല്ല് 1990 കളുടെ ആരംഭത്തിൽ തുടങ്ങിയ ആഗോളവത്ക്കരണം ആണ്. ഭൂതകാലത്തിന്റെ ഭാരം പേറാതെ സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ആഗോളതലത്തിലേക്ക് ഇന്ത്യ കലയെ എത്തിക്കുന്നതിൽ ആഗോളവത്ക്കരണം കാരണമായി. 'പരമമായതിനെ സൃഷ്ടിക്കുന്നതിനോ ഇല്ലാതാക്കാനോ കഴിയില്ല. അതനുഭവിക്കാൻ മാത്രമേ കഴിയൂ' എന്ന ഇന്ത്യൻ ദാർശനികചിന്തയിൽനിന്ന് ഇന്ത്യൻ കലാകാരന്മാർ പ്രചോദനം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആധുനിക കലയുടെ അമൂർത്തത (abstraction) എന്ന കലാസങ്കൽപം ഇന്ത്യയ്ക്ക് പുതുതായ കാര്യമായിരുന്നില്ല. പരമ്പരാഗതമായി ഇന്ത്യയിൽ നിലനിന്നിരുന്ന അമൂർത്ത ആവിഷ്‌കാരങ്ങളെയും പ്രതീകങ്ങളെയും സ്വീകരിച്ചുകൊണ്ടുള്ള ഇന്ത്യൻ കല ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആധുനിക സാങ്കേതികവിദ്യകൾ ഇന്ന് കലാകാരന്മാർ തങ്ങളുടെ സൃഷ്ടികളിൽ ഉപയോഗിക്കുന്നുണ്ട്. പ്രതിഷ്ഠാപന കലകളിലും ശില്പങ്ങളും ഒക്കെ ആധുനിക ഇലക്ട്രോണിക് വിദ്യകൾ ഉപയോഗിക്കപ്പെടുന്നു. പ്രിന്റിംഗ് സാങ്കേതികവിദ്യകൾ കലാവിഷ്‌കാരങ്ങളുടെ പതിപ്പുകൾ വ്യാപകമാക്കുകയും ചെയ്യുന്നു.
വർഷങ്ങളായി ഇന്ത്യൻ കലാലോകം അതിന്റെ സംക്രമണ (transition period) ഘട്ടത്തിലായിരുന്നു. പൗരാണിക ക്ഷേത്രകലകളും ശില്പങ്ങളും രാജ്യകൊട്ടാരകലകളും മുഗൾ, ബ്രിട്ടീഷ് കാലത്തേയും സ്വാതന്ത്ര്യാനന്തരകാലത്തേയും ഒക്കെ കലകൾ നിരവധി ഘടകങ്ങളിലൂടെയും പരിവർത്തനങ്ങളിലൂടെയും കടന്നുപോയി. ഇന്ത്യൻ സാംസ്‌കാരിക തനിമ വിട്ടുകളയാതെ ഇന്ത്യൻ കലഅന്താരാഷ്ട്രതലത്തിലേക്ക് വളർന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.
കലാകൃത്തുക്കൾ തങ്ങളുടെ സ്വന്തം ശൈലികളോടൊപ്പം ദേശത്തിന്റെ താൽപര്യങ്ങളെയും അഭിലാഷങ്ങളെയും ഉൾക്കൊള്ളിച്ചുള്ള കലാവിഷ്‌കാരങ്ങൾ നടത്തി. ഇന്ത്യൻ കലാരംഗത്തെ പ്രഗത്ഭരുടെ സൃഷ്ടികൾ ആഗോളകലാവിപണിയിൽ വളരെ വിലമതിക്കപ്പെട്ടതായിത്തീർന്നു.


ഇന്ത്യൻ കല: വർത്തമാന-ഭാവി ചിന്തകൾ
ബിനാലെപോലുള്ള കലാമേളകൾ പൊതുജനങ്ങളുടെ കലാഭിരുചിയെ പരുവപ്പെടുത്തുന്നതിനും പുതിയ കലാസങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനും സഹായകരമായിത്തീർന്നിട്ടുണ്ട്. പരിചിതമായ കലാസങ്കൽപങ്ങൾക്കപ്പുറമായി, കലയുടെ നിയതമായ ചട്ടക്കൂടുകളിൽനിന്നും കാഴ്ചപ്പാടുകളിൽനിന്നും കലയെ മോചിപ്പിക്കുകയും വിശാലമായ അർത്ഥതലങ്ങളിലേക്ക് കലയെ പ്രതിഷ്ഠിക്കുകയുമാണ് ബിനാലേകളിൽ. ഇന്നു മനുഷ്യർ നേരിടുന്ന സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവും അസ്തിത്വപരവുമായ പ്രശ്നങ്ങളിലേക്കും വിഷയങ്ങളിലേക്കും അവ സംബന്ധിച്ചുള്ള വിമർശനാത്മകവും ഉത്തരവാദിത്വപരവുമായ അവബോധത്തിലേക്കും നിലപാടുകളിലേക്കുമാണ് ഈ കലാസൃഷ്ടികൾ നമ്മെ എത്തിക്കുന്നത്. ദൃശ്യപരം മാത്രമല്ല ശബ്ദവും ചലനവും കേൾവിയുമൊക്കെ കലാവിഷ്‌കാരത്തിന്റെ ഭാഗമാക്കിക്കൊണ്ട് സമഗ്രമായ ഒരു അനുഭവത്തിലൂടെയാണ് ആസ്വാദകർ കടന്നുപോകുന്നത്. വെറും കാഴ്ചക്കാരായിമാത്രം കടന്നുപോകാനാവില്ലതാനും. ചരിത്രത്തിലൂടെയും കണ്ണീരും വിയർപ്പും വീണ മണ്ണിലൂടെയും സമാധാനത്തിന്റെ സ്വപ്നഭൂമിയിലൂടെയും ഒക്കെയാണ് നാം കടന്നുപോകുന്നത്. മനുഷ്യന്റെ ജീവിതപരിസരങ്ങളെ മാറ്റിനിർത്തിക്കൊണ്ടല്ല, പ്രത്യുത അവന്റെ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക തലങ്ങളെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തരം കലാവിഷ്‌കാരങ്ങൾ നടക്കുന്നത്. ഗാലറി കേന്ദ്രീകൃതമായിരുന്ന കലയെ മനുഷ്യജീവിത പരിസരങ്ങളുമായി കൂട്ടിയിണക്കുകയാണ് ഇത്തരം കലാമേളകളിലൂടെ നടക്കുന്നത്. അത് പൊതുജനങ്ങളുമായി അടുത്തബന്ധം സൃഷ്ടിക്കുകയും കലാസൃഷ്ടികളും പൊതുജനങ്ങളുമായും ഉള്ള സംവേദനം സാധ്യമാക്കുകയും ചെയ്യുന്നു. പൊതുവെ കലയെ അവഗണിക്കുന്നനമ്മുടെ മനോഭാവത്തിന് കുറച്ചൊക്കെ ഇത് ഒരു പരിഹാരമായേക്കും എന്നു കരുതാം.



കല മനുഷ്യജീവിതത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നിരിക്കെ, നമ്മുടെ സമൂഹത്തിൽ കലയെ അവഗണിക്കുന്ന ഒരു സമീപനമാണ് ഉള്ളത്. കലമനുഷ്യന്റെ ലാഭേച്ഛക്ക് ഉചിതമായ ഒന്നല്ലായെന്നും അതുകൊണ്ട് കല പ്രയോജനരഹിതമാണെന്നുമുള്ള ഒരു കാഴ്ചപ്പാട് കേരളസമൂഹത്തിനുണ്ട്. മത്‌സരയിനമായും ഹോബിയായും ഒക്കെയാണ് നമ്മുടെ സമൂഹത്തിലും വിദ്യാഭ്യാസപദ്ധതിയിലുംകലയ്ക്കുള്ളസ്ഥാനം.
നിശ്ചിതാർത്ഥത്തിൽ ചിലപ്പോൾ എല്ലാവരും കലാകാരന്മാരോ കലാകാരികളോ ആകുന്നില്ലെങ്കിലും, നന്ദലാൽ ബോസ് പറഞ്ഞിട്ടുള്ളതുപോലെ, ഏതെങ്കിലും തരത്തിലുള്ള കലാവിദ്യാഭ്യാസം ഏതു തലത്തിലുള്ളവരാണെങ്കിലും ഏവർക്കും ആവശ്യമാണ്. അതു നമ്മുടെ മനുഷ്യഭാവത്തെ തെളിമയുള്ളതാക്കുകയും ആന്തരിക സന്തുലിതാവസ്ഥയെ നിലനിർത്തുകയും ചെയ്യുന്നു. ജീവിതത്തിന്റെ അന്ത:സാരവും മൗലീകതയും മനസ്സിലാക്കുന്നതിനും അതു സഹായകരമാകുന്നു.
മനുഷ്യൻ ക്രിയാത്മക ജീവിയാണ്. ഒരു യന്ത്രത്തെപ്പോലെ യാന്ത്രികമായല്ല അവന്റെ പ്രവർത്തനങ്ങളും ജീവിതവും. അവന്റെ കർമ്മം സൃഷ്ടാത്മകമാണ്. ക്രിയാത്ക കർമ്മമാണ് അവന്റെ അസ്തിത്വത്തിന്റെ തലത്തെ അർത്ഥപൂർണ്ണമാക്കുന്നത്, അവന്റെ ആന്തരികഉണ്മയെ പ്രശോഭിപ്പിക്കുകയും വൈകാരിക ഭാവാത്മകതയെ സ്വച്ഛസുന്ദരമാക്കുകയും ചെയ്യുന്നത്.


രവീന്ദ്രനാഥ് ടാഗോറിന്റെ കാഴ്ചപ്പാടിൽ കല ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമാണ്. ആരോഗ്യപരമായ വ്യക്തിത്വവികാസവും ഉദാത്തമായ മനുഷ്യബന്ധങ്ങളും അതു സാധ്യമാക്കുന്നു.ഗാന്ധിജിക്കും ടാഗോറിനും സ്വതന്ത്രമനുഷ്യനെ (liberated human being) ക്കുറിച്ചുള്ള ദർശനം ഉണ്ടായിരുന്നു. അത് യാഥാർത്ഥ്യമാകുന്നത് ക്രിയാത്മകതയിൽ അടിസ്ഥാനപ്പെടുത്തിയ വിദ്യാഭ്യാസത്തിലൂടെയാണ്. ഇത്തരം ക്രിയാത്മക കർമ്മങ്ങൾ ഒരു വ്യക്തിയുടെ ആന്തരിക സന്തുലിതാവസ്ഥയും (unity within) മനുഷ്യ സമൂഹവുമായുള്ള ഐക്യവും ഉറപ്പുവരുത്തുന്നു.
ഇന്നത്തെ വിദ്യാഭ്യാസരീതി മനുഷ്യനെ വിഭജിക്കുന്നതാണ്. മത്സരത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും സ്വാർത്ഥചിന്തയുടെയും സംസ്‌കാരത്തെയാണ് അത് വളർത്തുന്നത്. കുട്ടികളിൽ അറിവുകൾ കുത്തിചെലുത്തുന്നു, എന്നാൽ മനുഷ്യനെന്ന നിലയിലുള്ള ഭാവാത്മകതയും ദയാവായ്പും വളർത്താൻ ശ്രമിക്കുന്നില്ല. പ്രകൃതിയിൽ നിന്ന് ഇന്നത്തെ മനുഷ്യൻ അകലുന്നു. മനുഷ്യർ പരസ്പരം അകലുകയും വിഘടിക്കുകയും ചെയ്യുന്നു.
നമ്മിലെ ക്രിയാത്മകത അതിന്റെ ഏറ്റവും സുന്ദരവുമായ രൂപത്തിൽ ആവിഷ്‌കൃതമാകുന്നത് പാരസ്പര്യത്തിന്റെ അനുഭവത്തിലാണ്. പ്രകൃതിയുടെ സ്വഭാവമാണ, പാരസ്പര്യത്തിലായിക്കൊണ്ട് ക്രിയാത്മകമാകുക എന്നത്. എല്ലാറ്റിനെയും ഉൾക്കൊണ്ടുകൊണ്ട് എന്നാൽ തനിമയോടെ വളരുകയും നിലനിൽക്കുകയും ചെയ്യുക എന്നതാണ് പ്രകൃതിയുടെ സംസ്‌കാരം. ഇത് അറിയുകയും പ്രകൃതിയുടെ താളലയത്തിൽ ഉൾച്ചേരുകയും ചെയ്യാൻ കലാഭാവുകത്വം നമ്മെ സഹായിക്കുന്നു.
ഇത്തരത്തിൽ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കല എത്രമാത്രം ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് സംശയമാണ്. മറ്റെല്ലാകാര്യങ്ങളും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ മനുഷ്യത്വവളർച്ചക്കാവശ്യമായ കലാവിദ്യാഭ്യാസം എന്തുകൊണ്ട് വിദ്യാഭ്യാസസംവിധാനത്തിന്റെ ഭാഗമാകുന്നില്ല? കാരണം ഇന്ന് വിദ്യാഭ്യാസസംവിധാനം നിശ്ചയിക്കുന്നത് അത് എത്രമാത്രം പണസംബന്ധമായും ലാഭസംബന്ധമായും പ്രയോജനപ്രദമാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. നല്ല മനുഷ്യരെ പരുവപ്പെടുത്തുന്ന നല്ല വ്യക്തിത്വരൂപീകരണം സാധിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് നാം ചിന്തിക്കുന്നില്ല.ആരോഗ്യപരമായ ഒരു വ്യക്തിത്വവികാസത്തിനും മനുഷ്യബന്ധങ്ങൾക്കും കല ജിവിതത്തിന്റെ അവിഭാജ്യഘടകമാണ് എന്നായിരുന്നു ടാഗോർ വിശ്വസിച്ചിരുന്നത്.കലാവിദ്യാഭ്യാസം എന്നതുകൊണ്ട് അതിന്റെ സാങ്കേതിക പ്രാവീണ്യം ആർജ്ജിക്കുക എന്നതു മാത്രമല്ല. അതൊരു ജീവിത സമീപനമാണ്, മനുഷ്യത്വഭാവങ്ങളെ വികസ്വരമാക്കുന്ന പ്രക്രിയയും അവബോധവുമാണ്.



യാതൊന്നും യാതൊരു കർമ്മവും നമ്മൾ ജീവിക്കുന്ന, നമുക്കു ചുറ്റുമുള്ള പരിസ്ഥിതിയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നായികാണാൻ കഴിയില്ല. പരസ്പരബന്ധത്തിന്റെയും ചുറ്റുമുള്ള പ്രകൃതിയുടെയും ഭാഗമായിക്കൊണ്ടാണ് സന്തുലിതമായ ഒരു വ്യക്തിത്വരൂപീകരണം സാധ്യമാകുന്നത്.
നിർഭാഗ്യവശാൽ കല നമ്മുടെ അനുദിന ജീവിതത്തിൽനിന്ന് വേറിട്ട ഒരു കാര്യമായിട്ടാണ് നിലനിൽക്കുന്നത്. അത് ഏതാനും ചില കലാകാരന്മാരുടെ മാത്രം ഒരു കാര്യമായും, സാധാരണ ജീവിതവുമായി അതിനു കാര്യമായ ബന്ധമൊന്നുമില്ലായെന്ന മിഥ്യാധാരണയും നിലനിൽക്കുന്നുണ്ട്.ഇന്ത്യൻ കാഴ്ചപ്പാടിൽ കലയും ജീവിതവും രണ്ടല്ല. നാടോടി സംസ്‌കൃതിയും ആദിവാസികലയും ഇതിനു ശക്തമായ സാക്ഷ്യങ്ങളാണ്. ഇന്ത്യൻ ചിന്തയിൽ കലാകാരൻ ഒരു യോഗിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. യോഗ എന്നത് ലയത്തിന്റെയും സമന്വയ ഐക്യത്തിന്റെയും അവബോധത്തിലേക്കുള്ള മാർഗ്ഗമാണ്.
ജീവിതത്തിന്റെ ആദ്യനാളുകളിൽതന്നെ ക്രിയാത്മകതയുടെ ലക്ഷണങ്ങൾ ഒരാൾ കാണിച്ചു തുടങ്ങും, എന്നാൽ വളരുമ്പോൾ അതു നിലനിർത്താനും വളർത്താനും കഴിയാതെ വരുന്നു. സഹജഭാവമല്ലാതെ മറ്റ് എന്തൊക്കെയോ ആയിത്തീരുന്നതിനാണ് ശ്രമം. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായവും സാമൂഹ്യവ്യവസ്ഥയും, ക്രിയാത്മകതയെയും സ്വ-ഭാവത്തെയും ഇല്ലാതാക്കുന്ന തരത്തിലുള്ള സമീപനവും സമ്മർദ്ദവുമാണ് വളർന്നു വരുന്ന കുട്ടികളുടെ മേൽ പ്രയോഗിക്കുക. അതുകൊണ്ടുതന്നെ ബാല്യകാലത്തിന്റെ അവസാനത്തോടെ ഒരാളുടെ ക്രിയാത്മകത അസ്തമിക്കുകയും ചെയ്യുന്നു.
ടാഗോർ മനുഷ്യഐക്യത്തിന്റെ വളർച്ചയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്, ഇങ്ങനെയാണ്: അതു അമ്മയുടെ സ്നേഹത്തിൽ തുടങ്ങുന്നു, അതു അടുത്ത കുടുംബാംഗങ്ങളോടും പിന്നെ ചാർച്ചക്കാരോടും പിന്നീട് അതു വിശ്വമാനവസ്നേഹത്തിലേക്കും വളരുന്നു. സ്നേഹത്തിൽ ആസ്പദമാക്കിയ ഈ പാരസ്പര്യ ഭാവത്തിന്റെ അടിസ്ഥാനം ക്രിയാത്മകതയാണ്. ഇതാണ് വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യവും. ക്രിയാത്മകത എപ്പോഴും സൃഷ്ടാത്മകമാണ്. ഒരിക്കലും നശീകരണാത്മകവും ഹിംസാത്മകവും ആകില്ല.ലയത്തിന്റെയും ഐക്യത്തിന്റെയും പാരസ്പര്യത്തിന്റെയും അനുഭവത്തിലേക്ക് കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ട്. അതു ശക്തമായിതന്നെ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കും.



ജീവിത കേന്ദ്രീകൃതമായ കല
കല മനുഷ്യന്റെ സ്വഭാവത്തിന്റെ ഭാഗം തന്നെയാണ്. മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാൻ കലയ്ക്ക് കഴിയുന്നു. ജീവിതത്തെ ധന്യമാക്കുന്നതിനും സമാധാനവും ആനന്ദവും പ്രധാനം ചെയ്യുന്നതിനും കലയ്ക്ക് കഴിയും. ക്രിയാത്മകതയും സമാധാനവും തമ്മിൽ സഹജമായ ഒരു ബന്ധം മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ട്. മനുഷ്യത്വഭാവങ്ങളുടെ നൈർമല്യങ്ങളെ നിലനിർത്തുന്നതിന് കലകൾ നമ്മെ സഹായിക്കുന്നു.
ഇന്ന് നമ്മുടെ സമൂഹം കൂടുതൽ ഹിംസാത്മകമായിക്കൊണ്ടിരിക്കുകയാണ്. വാക്കിലും, സമീപനങ്ങളിലും പ്രവൃത്തികളിലുമൊക്കെ. അധികാരധാർഷ്ട്യവും അടിച്ചമർത്തലുകളും, വേർതിരിവുകളും ശത്രുതാമനോഭാവങ്ങളും ഒക്കെ ശക്തിയാർജ്ജിക്കുന്നു. യുവതലമുറ പല തരത്തിലുള്ള ദൂഷ്യാവസ്ഥകളിലേക്ക് ചെന്നുപെടുന്നു. ഈ സാഹചര്യത്തിൽ കലാവിദ്യാഭ്യാസവും കലാത്മക പ്രവർത്തനങ്ങളും മനുഷ്യത്വപരവും സമാധാനപൂർവ്വവുമായ ജീവിതാവസ്ഥയെ രൂപപ്പെടുത്തുന്നതിന് സഹായകരമാകും. ബെർനി വാറെൻ അഭിപ്രായപ്പെട്ടിരിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യം ആ സമൂഹത്തിന്റെ കലാപരമായ പ്രവൃത്തികളിലൂടെയാണ് നിഴലിക്കുന്നത്എന്നാണ്.
നമ്മുടെ സമൂഹജീവിതത്തിൽ, വിദ്യാഭ്യാസ പദ്ധതിയിൽ, ആത്മീയാന്വേഷണങ്ങളിലൊക്കെ, കലയെ ഉൾപ്പെടുത്തുകയും ജീവിതത്തെ കലാത്മകമായി സമീപിക്കുകയും ചെയ്യുമ്പോൾ, സങ്കീർണ്ണവും അസ്വസ്ഥത നിറഞ്ഞതുമായ ജീവിതത്തെ സമാധാനപൂർണ്ണവും ധനാത്മകവുമാക്കി തീർക്കാൻ കഴിയും. കല ഏതാനും ചിലർക്കു മാത്രം മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതല്ലെന്നും കലയും ജീവിതവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തിരിച്ചറിയുകയും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സുദൃഢമാക്കുകയും, പാരസ്പര്യത്തിന്റെയും പരസ്പര ആദരവിന്റെയും സംസ്‌കാരത്തിലേക്ക് നമ്മൾ വളരുകയും ചെയ്യത്തക്കവിധത്തിൽ, വിവിധ കലാരൂപങ്ങൾ നമ്മുടെ ജീവിതത്തെയും ജീവിതപരിസരങ്ങളെയും സുന്ദരമാക്കിത്തീർക്കുകയും ചെയ്യുക എന്നതാണ് കലയുമായി സംബന്ധിച്ചുള്ള പ്രതീക്ഷ. വിപണി മാത്രം കേന്ദ്രീകരിക്കുന്ന കല മാത്രമല്ല, അടിസ്ഥാനപരമായി ജീവിത കേന്ദ്രീകൃതമായ തലത്തിലാണ് കലയെ വളർത്തിയെടുക്കേണ്ടത്.

-റോയ് എം. തോട്ടം എസ്.ജെ

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.