മാര്‍ട്ടിന്‍ വിലങ്ങോലില്‍
ടെക്സാസ് /മക്അലന്‍: നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ആത്മീയവസന്തം സമ്മാനിച്ച 'ശാലോം വേള്‍ഡ്' ഇംഗ്ലീഷ് ചാനല്‍ ഇനി ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലും.
പരിശുദ്ധ ദൈവമാതാവിന്റെ മംഗളവാര്‍ത്താ തിരുനാളായ മാര്‍ച്ച് 25 ഇന്ത്യന്‍ സമയം വൈകിട്ട് 6.30-ന് (അമേരിക്കന്‍ സമയം 9.00 AM ET, യൂറോപ്യന്‍ സമയം 1.00 PM GMT), ഓസ്ട്രേലിയന്‍ സമയം 26-ന് 12.00 AM AEDT) ശാലോം വേള്‍ഡിന്റെ അഞ്ചാമത്തെ ചാനല്‍ 'ശാലോം വേള്‍ഡ് ഏഷ്യ- ആഫ്രിക്ക' പ്രേക്ഷകര്‍ക്കു മുന്നില്‍ മിഴി തുറക്കും. സുപ്രധാനമായ ഈ ചുവടുവെപ്പോടെ 'ശാലോം വേള്‍ഡി'ന് അഞ്ച് ഭൂഖണ്ഡങ്ങളില്‍ സാന്നിധ്യമാകും. നിലവില്‍, ശാലോം വേള്‍ഡിന് അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും വെവ്വേറെ ചാനലുകളുണ്ട്. ഇതുകൂടാതെ, ദിവ്യബലി ഉള്‍പ്പെടെയുള്ള തിരുക്കര്‍മങ്ങള്‍ 24 മണിക്കൂറും തല്‍സമയം ലഭ്യമാക്കുന്ന SW PRAYER ചാനലിന് കഴിഞ്ഞ വര്‍ഷം തുടക്കംകുറിച്ചിട്ടുമുണ്ട്.
ലളിതമായായാണ് പുതിയ ചാനലിന്റെ ലോഞ്ചിംഗ് ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ ദൈവമാതാവിന് സമര്‍പ്പിച്ചുകൊണ്ട് അമേരിക്കയില്‍നിന്ന് ആരംഭിച്ച ശാലോം വേള്‍ഡ് ചാനല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതിന്റെ ചിത്രീകരണത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.
തുടര്‍ന്ന് ഏഷ്യയിലെയും ആഫ്രിക്കയിലെയും സഭയെ പ്രതിനിധീകരിച്ച് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ, ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റും മ്യാന്‍മറിലെ യാങ്കൂണ്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ചാള്‍സ് ബോ, മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണെ എന്നിവിടങ്ങളിലെ മെത്രാന്‍ സമിതി അധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, സതേണ്‍ അറേബ്യ അപ്പസ്തോലിക് വികാര്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍, സൗത്ത് ആഫ്രിക്കന്‍ ബിഷപ്പ് സിതംബെല്‍ ആന്റന്‍ സിപുക, മംഗോളിയന്‍ ബിഷപ്പ് ജോര്‍ജിയോ മരേങ്കോ എന്നിവര്‍ ആശംസ നേരും. ചാനലിലെ പ്രധാന പ്രോഗ്രാമുകള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം 'ശാലോം വേള്‍ഡ് ഏഷ്യ-ആഫ്രിക്ക'യ്ക്കായി തയാറാക്കിയ തീം സോംഗും പ്രകാശനം ചെയ്യും.
ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് സുവിശേഷത്തിന്റെ സദ് വാര്‍ത്ത പകരുന്ന ശാലോമിന്റെ ദൃശ്യമാധ്യമശുശ്രൂഷ 2014 ഏപ്രില്‍ 27-നാണ് ഇംഗ്ലീഷ് ജനതയ്ക്കു മുന്നില്‍ ആരംഭിച്ചത്.
ഡിവൈന്‍ മേഴ്സി തിരുനാള്‍ ദിനത്തില്‍, വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനെയും ജോണ്‍ 23-ാമനെയും വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തുന്ന തിരുക്കര്‍മങ്ങള്‍ വത്തിക്കാനില്‍നിന്ന് തല്‍സമയം പ്രേക്ഷകരിലേക്കെത്തിച്ചുകൊണ്ടായിരുന്നു ശാലോം വേള്‍ഡിന്റെ ആരംഭം. നോര്‍ത്ത് അമേരിക്കയ്ക്കുശേഷം ഘട്ടം ഘട്ടമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ചാനല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ നാലാം ഘട്ടമാണ് ഇപ്പോള്‍ സാധ്യമാകുന്നത്.
2016-ലെ ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 12-ന് തുടക്കം കുറിച്ച 'ശാലോം വേള്‍ഡ്' യൂറോപ്പിന്റെ സംപ്രേഷണമായിരുന്നു രണ്ടാം ഘട്ടം. 2018 ജനുവരി 26ന് ആരംഭിച്ച 'ശാലോം വേള്‍ഡ് ഓസ്ട്രേലിയ' ചാനലായിരുന്നു മൂന്നാം ഘട്ടം. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ ചാനലുകളിലേതുപോലെ ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍നിന്നുള്ള പ്രോഗ്രാമുകള്‍കൂടി ഉള്‍പ്പെടുത്തി ഐ.എസ്.ടി (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) സമയക്രമത്തിലാകും ഏഷ്യ- ആഫ്രിക്ക ചാനലിന്റെ സംപ്രേക്ഷണം.
ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും വേണ്ടി വ്യത്യസ്തമായ ചാനലുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് 'ശാലോം മീഡിയ'യുടെ അടുത്ത ലക്ഷ്യം.
ആത്മീയവളര്‍ച്ചയ്ക്ക് സഹായകമായ വിശ്വാസപ്രബോധനങ്ങള്‍, ഡോക്യുമെന്ററികള്‍, ടോക് ഷോ, മ്യൂസിക് വീഡിയോസ്, കണ്‍സേര്‍ട്‌സ്, സന്മാര്‍ഗമൂല്യങ്ങള്‍ പകരുന്ന സിനിമകള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള ആനിമേഷന്‍സ് എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളാകും ശാലോം വേള്‍ഡിന്റെ സവിശേഷത.
ലോകമെങ്ങും നടക്കുന്ന മിഷണറി പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനൊപ്പം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ പ്രചോദനമേകുന്ന പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വത്തിക്കാനില്‍നിന്നുള്ള പേപ്പല്‍ പരിപാടികളും വിദേശരാജ്യങ്ങളിലെ പേപ്പല്‍ പര്യടനങ്ങളും തത്സമയം പ്രേക്ഷകരിലെത്തിക്കുന്നതിനൊപ്പം മരിയന്‍ കോണ്‍ഫറന്‍സ്, ഡിവൈന്‍ മേഴ്‌സി കോണ്‍ഫറന്‍സ്, യൂക്കരിസ്റ്റിക്ക് കോണ്‍ഗ്രസ്, കരിസ്മാറ്റിക് കോണ്‍ഗ്രസ്, പ്രോ ലൈഫ് റാലികള്‍, യൂത്ത് ആന്‍ഡ് അഡല്‍റ്റ് കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള സംഗമങ്ങളുടെ തത്സമയ സംപ്രേഷണവും ലഭ്യമാക്കുന്നുണ്ട്.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും മികച്ച കത്തോലിക്കാ ചാനലിനുള്ള 'ഗബ്രിയേല്‍ അവാര്‍ഡ്' 2020-ല്‍ കരസ്ഥമാക്കിയ ശാലോം വേള്‍ഡിന്, പാനമ ആതിഥേയത്വം വഹിച്ച 'ലോക യുവജനസംഗമം 2019'-ന്റെ ഔദ്യോഗിക മീഡിയാ പാര്‍ട്ണറാകാനുള്ള അനുഗ്രഹവും ദൈവം നല്‍കി. ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം യു.കെയിലെ തെരുവുകളില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 'അഡോറിമസ് 2018', അയര്‍ലന്‍ഡ് ആതിഥേയത്വം വഹിച്ച 'ലോക കുടുംബസംഗമം 2018', ഫിലിപ്പൈന്‍സ് സഭയുടെ 500-ാം പിറന്നാള്‍ (500 YOC) എന്നിവ ഉള്‍പ്പെടെ നിരവധി സംരംഭങ്ങളുടെ മീഡിയാ പാര്‍ട്ണറാകാനും അവസരം ലഭിച്ചു.
പരസ്യങ്ങളെ ആശ്രയിക്കാതെ മുന്നേറുന്ന ശാലോം വേള്‍ഡിന് ശക്തിപകരുന്നത് എസ്.പി.എഫ് (ശാലോം പീസ് ഫെല്ലോഷിപ്പ്) അംഗങ്ങളുടെ വിശ്വാസത്തിലൂന്നിയ പിന്തുണയാണ്. ടെക്സസിലെ മക്അലനിലാണ് ശാലോം മീഡിയ യു.എസ്.എയുടെ ആസ്ഥാനം. പ്രോഗ്രാമുകള്‍ തയാറാക്കാന്‍ അമേരിക്ക, കാനഡ എന്നിവയ്ക്കു പുറമെ യു.കെ, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും പ്രൊഡക്ഷന്‍ സെന്ററുകളുണ്ട്. ഫീച്ചേര്‍ഡ് പ്രോഗ്രാമുകള്‍ക്കൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9-ന് SW NEWS (ശാലോം വേള്‍ഡ് ന്യൂസ്) ബുള്ളറ്റിനുകളും സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു മുതല്‍ 13 വയസു വരെയുള്ള കുട്ടികള്‍ക്കായി ദിവസവും വൈകിട്ട് 4.00 മുതല്‍ 6.00 വരെ SW PALS എന്ന പേരില്‍ പ്രോഗ്രാം സെഗ്മെന്റും ഒരുക്കിയിട്ടുണ്ട്.
ക്രിസ്തുവിന്റെ സഭയ്ക്ക് ആരംഭംകുറിച്ച ഏഷ്യയിലേക്കും ആദിമ നൂറ്റാണ്ടുകളില്‍ നിരവധി വിശുദ്ധരെ സമ്മാനിച്ച ആഫ്രിക്കയിലേക്കുമുള്ള ശാലോം വേള്‍ഡ് ചാനലിന്റെ കടന്നുവരവിനെ ദൈവസ്തുതികളോടെ സ്വീകരിക്കുകയാണ് ലോകമെമ്പാടുമുള്ള ശാലോം ശുശ്രൂഷകര്‍. സഭയുടെ ഏറ്റവും വലിയ പ്രേഷിത ഭൂമിയെന്ന് വിശേഷിപ്പിക്കാവുന്ന ഏഷ്യ-ആഫ്രിക്ക വന്‍കരകളിലെ നവസുവിശേഷവത്ക്കരണത്തില്‍ വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്. വെല്ലുവിളികള്‍ ഉണ്ടെങ്കിലും അതൊന്നും ആശങ്കപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം.
നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ദൈവം നടത്തിയ അത്ഭുതാവഹമായ വഴികള്‍തന്നെ അതിനു കാരണം. ശാലോം ശുശ്രൂഷകളുടെ ഏറ്റവും വലിയ മൂലധനമായ ദൈവാശ്രയബോധം മുറുകെപ്പിടിച്ച്, ലോകജനതയുടെ 75 ശതമാനത്തില്‍പ്പരം ജനങ്ങളും അധിവസിക്കുന്ന വന്‍കരകളില്‍ നിര്‍വഹിക്കപ്പെടാനുള്ള ശുശ്രൂഷാ ദൗത്യങ്ങള്‍ക്കായി ഒരുങ്ങുകയാണ് ശാലോം വേള്‍ഡ്.
പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിള്‍ ടി.വി, ആമസോണ്‍ ഫയര്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ടി.വികളിലും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേള്‍ഡ് ലഭ്യമാണ്. വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: shalomworld.org
വിവിധ ഡിവൈസുകളില്‍ ശാലോം ചാനല്‍ ലഭ്യമാക്കാനുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക: shalomworld.org/watchon
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.