ന്യൂയോര്‍ക്: ഏഷ്യന്‍ അമേരിക്കന്‍ ഹിസ്റ്ററിയും, സിവിക് ഇമ്പാക്ട് സ്റ്റഡീസും ന്യൂയോര്‍ക് പ്രൈമറി സ്‌കൂള്‍ തുടങ്ങി ഹൈസ്‌കൂള്‍ തലം വരെ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്താന്‍ ഡോ. ആനി പോള്‍ സമര്‍പ്പിച്ച പ്രമേയം റോക്ലാന്‍ഡ് ലെജിസ്ലേറ്റര്‍സ് ഏകകണ്ഠമായി പാസാക്കി.
ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തോടും, ഐലന്‍ഡര്‍ അമേരിക്കന്‍ സമൂഹത്തോടുമുള്ള (AAPI) വിരുദ്ധത വര്‍ധിച്ചുവരുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നും അത് അനുവദിക്കാന്‍ പറ്റുന്നതല്ലെന്നും ഡോ. ആനിപോള്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ന്യൂയോര്‍ക്കില്‍ ഏഷ്യന്‍ അമേരിക്കന്‍ സമൂഹവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യന്‍ കമ്മ്യൂണിറ്റി എണ്ണമറ്റ സംഭാവനകള്‍ ഈ രാജ്യത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇതുവരെ ചരിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു ഏഷ്യന്‍ അമേരിക്കന്‍ ഹിസ്റ്ററിയും, സിവിക് ഇമ്പാക്ട് സ്റ്റഡീസും ന്യൂയോര്‍ക് K-12 പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ ഹെയ്റ്റ് ക്രൈം കുറയ്ക്കാന്‍ സാധിക്കും.
എഫ്ബിഐയുടെ റിപോര്‍ട്ടനുസരിച്ചു കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി സമയത്ത് ഏഷ്യന്‍ വിരുദ്ധ കുറ്റ കൃത്യങ്ങളില്‍ 76 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ മന്‍ഹാട്ടനില്‍ ഒരു ദിവസം രണ്ടു മണിക്കൂറിനുള്ളില്‍ ഏഴ് ഹെയ്റ്റ് ക്രൈം ഏഷ്യന്‍ സ്ത്രീകളോടു കാണിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. മാനസികമായും ശാരീരികമായും മാത്രമല്ല, സൈബര്‍ ആക്രമങ്ങളും വലിയതോതില്‍ നടക്കുന്നുണ്ട്. ഇതുപോലെ പല സംസ്ഥാനങ്ങളിലും ഹെയ്റ്റ് ക്രൈം കൂടികൂടി വരികയാണ്.
ഈ അതിക്രമങ്ങളെ തടയേണ്ടത് അത്യാവശ്യമാണെന്നും ഏഷ്യന്‍ അമേരിക്കന്‍ ഹിസ്റ്ററിയും, സിവിക് ഇമ്പാക്ട് സ്റ്റഡീസും ന്യൂയോര്‍ക് K-12 പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഡോ ആനി തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. സെനറ്റ് ബില്‍ S6359A, അസംബ്ളി ബില്‍ A7260A എന്നീ ബില്ലുകളെ പിന്‍തുണച്ചായിരുന്നു ഈ പ്രമേയം. ഈയിടെ ആണ് ന്യൂജേഴ്സിയില്‍ ഈ ബില്‍ പാസായത്. ബില്‍ പാസായാല്‍ ഈ നിയമം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക് മാറും. ഇല്ലിനോയ്സാണ് ആദ്യത്തെ സംസ്ഥാനം.
ലെജിസ്ലേറ്ററായി മൂന്നാം തവണയും ജയിച്ച ഡോ. ആനി പോള്‍ ന്യൂയോര്‍ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിത ലെജിസ്ലേറ്ററാണ്. ഈ വര്‍ഷവും ഡോ. ആനി ലെജിസ്ലേര്‍റിന്റെ വൈസ്ചെയറാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.