ആ 'തീവ്രവാദി'ചാപ്പ വീണ്ടും!.. ഇത് നരനായാട്ടിനുള്ള സര്‍ക്കാര്‍ ലൈസന്‍സിന്റെ മുന്നൊരുക്കം

ആ 'തീവ്രവാദി'ചാപ്പ വീണ്ടും!.. ഇത് നരനായാട്ടിനുള്ള സര്‍ക്കാര്‍ ലൈസന്‍സിന്റെ മുന്നൊരുക്കം

തീവ്രവാദികളാണ് കെ. റെയിലിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍!

വല്ലാര്‍പാടം ടെര്‍മിനലിലേക്ക് ചരക്കുതീവണ്ടി എത്താനായി റെയില്‍ പാളം പണിയുന്നതിന്റെ ഭാഗമായി 14 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍, 2008 ഫെബ്രുവരി ആറിന് മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ട പത്തു കുടുംബങ്ങള്‍ തികച്ചും സമാധാനപരമായി ന്യായമായ സമരം ചെയ്തപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്‍ ചെയ്ത പ്രസ്താവനയില്‍ നിന്ന് ഇതിന് അല്‍പം വ്യത്യാസമേയുള്ളൂ.

അന്ന് 'നക്സലുകള്‍' ആയിരുന്നു പ്രശ്നക്കാര്‍! വൈപ്പിന്‍ എല്‍എന്‍ജി സമരത്തിലും ഗെയില്‍ സമരത്തിലും സര്‍ക്കാര്‍ ഇതേ ചാപ്പകുത്തല്‍ തന്ത്രമാണ് പ്രയോഗിച്ചത്. സ്റ്റാന്‍ സാമിയച്ചനെതിരേ കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിച്ച 'അര്‍ബന്‍ നക്സല്‍' പ്രയോഗവും നമ്മുടെ മനസിലുണ്ടല്ലോ.

നരനായാട്ട് നടത്താനുള്ള സര്‍ക്കാരിന്റെ ലൈസന്‍സെടുക്കലും മുന്നൊരുക്കവുമാണ് 'തീവ്രവാദി'പ്രയോഗം. നേരും നെറിവുമില്ലാത്ത സര്‍ക്കാര്‍ നയങ്ങളും ശൈലികളും മൂലം ജീവനും സ്വത്തും സംരക്ഷിക്കാന്‍ തെരുവില്‍ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്ന സാധാരണക്കാര്‍ക്കാണ് ഈ കിരീടം ഫാസിസ്റ്റു മനസുള്ള സര്‍ക്കാരുകള്‍ ചാര്‍ത്തിക്കൊടുക്കാറ്. ജനകീയ സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുന്നു എന്നതാണ് സര്‍ക്കാരിന്റെ സ്ഥിരം പല്ലവി.

എന്നാല്‍, അക്രമ മുദ്രാവാക്യങ്ങള്‍ മുഴക്കിയും വിദ്വേഷ, വിഷ പ്രസംഗങ്ങള്‍ നടത്തിയും തെരുവുകളെ ആകമാനം വിറപ്പിച്ച് ശക്തി പ്രകടനങ്ങള്‍ നടത്തുന്ന ഒറിജിനല്‍ തീവ്രവാദികളെയും ഭീകരരെയും അങ്ങനെ വിളിക്കാനോ നേരിടാനോ സര്‍ക്കാരിനു കഴിയാറില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

തീര്‍ച്ചയായും ഒരു കാര്യം സത്യമാണ്: കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും സ്ഥലവും നഷ്ടപ്പെടുന്ന ഏതു മനുഷ്യനും ഒരു തീവ്രവാദിയായി മാറിയേക്കാം. പക്ഷേ അവര്‍ സര്‍ക്കാര്‍ സൂചിപ്പിക്കും വിധമുള്ള തീവ്രവാദികളല്ല, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തീവ്രവും ന്യായവും ധീരവുമായ നിലപാടെടുത്ത് ഭരണകൂട ഭീകരതയോട് ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പൊരുതാനിറങ്ങുന്നവരാണ്.

മൂലമ്പിള്ളിക്കാരും ഫാസിസ്റ്റുകളും

2008 ല്‍ മൂലമ്പിള്ളിയിലെ പത്തു കുടുംബങ്ങളെയും കടമക്കുടി, മുളവുകാട്, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍, കടുങ്ങല്ലൂര്‍, ഏലൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെയും അവരുടെ ഭവനങ്ങളില്‍ നിന്ന് തെരുവിലേക്കിറക്കി വിട്ട തികച്ചും കിരാതമായ കേരള സര്‍ക്കാറിന്റെ നടപടി ഓര്‍ത്ത് എന്നും കേരളത്തിനു ലജ്ജിക്കേണ്ടിവരും.

അന്ന് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഓഫീസ് സമുച്ചയത്തിലേക്ക് കുടില്‍ കെട്ടി താമസിക്കാനായി പ്രകടനമായി പോയ കുടിയൊഴിപ്പിക്കപ്പെട്ടവരെ പോലീസ് തടഞ്ഞതോടെ അവര്‍ എറണാകുളം മേനക ജങ്ക്ഷനില്‍ രാപകല്‍ സമരം ആരംഭിച്ചു. 45 ദിവസങ്ങള്‍ നീണ്ട ആ സമരത്തെയാണ് അന്നത്തെ മുഖ്യമന്ത്രി നക്സലുകളുടെ സമരം എന്നു വിശേഷിപ്പിച്ചത്.

ഒടുവില്‍, 2008 മാര്‍ച്ച് 19 ന് സര്‍ക്കാരിന് ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കേണ്ടി വന്നു. ഏറ്റെടുത്ത ഭൂമിക്ക് സെന്റിന് രണ്ടു ലക്ഷം രൂപ വീതം നല്‍കാമെന്നും സര്‍ക്കാര്‍ വാസയോഗ്യമാക്കി നല്‍കുന്ന 4-6 സെന്റു ഭൂമിയില്‍ താമസമുറപ്പിക്കും വരെ മാസം 5000 രൂപ വീതം ഓരോ കുടുംബത്തിനും കൊടുക്കാമെന്നും കുടിവെള്ളം, വിദ്യുച്ഛക്തി, റോഡുകള്‍ എന്നീ സൗകര്യങ്ങളോടുകൂടിയ ഭൂമി വിതരണം ചെയ്യാമെന്നും ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ തൊഴില്‍ ലഭ്യമാക്കാമെന്നുമൊക്കെയായിരുന്നു പാക്കേജിലുള്ള മോഹന വാഗ്ദാനങ്ങള്‍. അവയാല്‍ ആകൃഷ്ടരായി, ചെറുത്തു നിന്നിരുന്ന മറ്റു കുടുംബങ്ങള്‍കൂടി തങ്ങളുടെ ആധാരങ്ങള്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസില്‍ അടിയറവു വച്ചു.

2008 നവംബറില്‍ പുനരധിവാസ ഭൂമിക്കായുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. 2012 ഓടെ ഏഴിടങ്ങളിലായി പുനരധിവാസ മേഖലകള്‍ തയ്യാറാക്കി. പക്ഷേ 316 കുടുംബങ്ങളില്‍ 52 കുടുംബങ്ങള്‍ മാത്രമേ എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തും ആ സ്ഥലങ്ങളില്‍ വീട് വച്ചിട്ടുള്ളൂ. ഓരോ പുനരധിവാസ ഭൂമിയിലും ഇതുവരെ പണിയപ്പെട്ടിട്ടുള്ള വീടുകളുടെയും ഉണ്ടാകേണ്ടിയിരുന്ന വീടുകളുടെയും എണ്ണം താഴെ ചേര്‍ക്കുന്നു: മൂലമ്പിള്ളി (5/13), കോതാട് (5/18), മുളവുകാട് (0/15), ചേരാനല്ലൂര്‍ (4/6), തുതിയൂര്‍ കരുണാകരപിള്ള റോഡ്, കാക്കനാട് (2/54), തുതിയൂര്‍ ഇന്ദിര നഗര്‍, കാക്കനാട് (2/104), വടുതല (34/106).

വാഗ്ദാനങ്ങള്‍, സന്ദര്‍ശനങ്ങള്‍, മിനിറ്റ്സുകള്‍, മാപ്പപേക്ഷകള്‍

ഇതിനിടെ ഇടത്തു വലത്തു മുന്നണിക്കാര്‍ പലപ്പോഴായി മൂലമ്പിള്ളി വിഷയത്തില്‍ അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് വാചകക്കസര്‍ത്തുകളും സന്ദര്‍ശനങ്ങളും മാപ്പപേക്ഷകളും നടത്തി. 2010 ല്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി മൂലമ്പിള്ളി സന്ദര്‍ശിച്ച് തങ്ങള്‍ ഭരണത്തിലെത്തിയാല്‍ പ്രഥമ പരിഗണനാ വിഷയങ്ങളില്‍ മൂലമ്പിള്ളി ഉണ്ടാകും എന്ന് ഉറപ്പു നല്കി. 2011 ല്‍ മുഖ്യമന്ത്രിയായ അദ്ദേഹം മൂലമ്പിള്ളി കോര്‍ഡിനേഷന്‍ സമിതിയുമായി ചര്‍ച്ച നടത്തി. നൂറു ദിന കര്‍മ പരിപാടിയിലെ ആദ്യ പദ്ധതിയായി മൂലമ്പിള്ളി പാക്കേജ് അംഗീകരിച്ച് മിനിറ്റ്സില്‍ എഴുതിവച്ചു. റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍ സമരക്കാരുടെ പക്കലെത്തി രണ്ടു പ്രാവശ്യം (2008; 2014) മാപ്പു പറഞ്ഞു.

ടെര്‍മിനലിന്റെയും ജനത്തിന്റെയും ദുരവസ്ഥ

എന്നാല്‍, ഇപ്പോഴും 'തലതിരിഞ്ഞ വികസന' പദ്ധതിയും അതിന്റെ ഇരകളും പെരുവഴിയിലാണ്. ടെര്‍മിനലിന്റെ അവസ്ഥയ വളരെ ശോചനീയമാണ്. ലക്ഷ്യം കണ്ടിരുന്നതൊന്നും പൂര്‍ത്തിയാക്കാതെ നാളുകള്‍ നീളുകയാണ്. വീടുകള്‍ പൊളിച്ച് ജനത്തെ ഓടിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പണിതൊരുക്കിയ റെയില്‍പാളം ഇപ്പോള്‍ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുകയാണ്.

ഇറക്കി വിടപ്പെട്ടവരുടെ ജീവിതം അനിശ്ചിതത്വത്തിലും നിരാശയിലും പുകയുകയുമാണ്. പുനരധിവാസ ഭൂമി ലഭിച്ച 316 കുടുംബങ്ങളും തങ്ങള്‍ ചതിക്കപ്പെട്ടു എന്ന തിരിച്ചറിവില്‍ ഇപ്പോള്‍ വെന്തുരുകുകയാണ്. 264 വീട്ടുകാര്‍ ഇപ്പോഴും വാടക വീടുകളിലും ചാര്‍ത്തുകളിലുമായി ജീവിതം തള്ളിനീക്കുന്നു. പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ ഏഴു പുനരധിവാസ മേഖലകളില്‍ ചേരാനല്ലൂരൊഴികെ ആറു സ്ഥലങ്ങളും ചതുപ്പുനിലം നികത്തിയെടുത്തവയാണ്. അവിടെ പണിയപ്പെട്ട 52 ഭവനങ്ങളില്‍ ഒട്ടുമിക്കവയ്ക്കും വിള്ളലുകള്‍ സംഭവിച്ചു കഴിഞ്ഞു. പല ഭവനങ്ങള്‍ക്കും ഒരു വശത്തേക്ക് ചരിവ് ഉണ്ട്. സര്‍ക്കാര്‍ നല്‍കിയ ഇടം പാര്‍പ്പിടം പണിയാന്‍ യോജിച്ചതല്ലെന്ന പി.ഡബ്ല്യൂ.ഡിയുടെ പഠന റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ പക്കലെത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ നീതി രഹിതമായ വികസന നയവും ശൈലിയും കൊണ്ട് അനേകം കുടുംബങ്ങള്‍ ശിഥിലമായി. വ്യക്തികള്‍ മാനസിക പിരിമുറുക്കത്തിന് അടിപ്പെട്ടു. ഏറെപ്പേര്‍ രോഗികളായി. 32 പേര്‍ ഇതിനകം മരിച്ചു. ഇതില്‍ രണ്ടു പേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു! കോതാടുനിന്ന് സര്‍ക്കാര്‍ കുടിയിറക്കി വിട്ട കുന്നത്ത് ഫ്രാന്‍സിസ് (68), തുതിയൂര്‍ ഇന്ദിരാനഗറിലെ പുനരധിവാസ മണ്ണില്‍ വീടുവയ്ക്കാനാവാതെ അയ്യപ്പന്‍കാവിലെ തന്റെ വാടക വീട്ടില്‍ വച്ച് കഴുത്തില്‍ കുരുക്കിട്ട് ഈ ഭൂമിയില്‍നിന്നു തന്നെ കുടിയിറങ്ങിപ്പോയത് ഇക്കഴിഞ്ഞ നവംബര്‍ 29 നായിരുന്നു!

മൂലമ്പിള്ളിക്കാരും കോടതിയും

പാക്കേജ് പൂര്‍ണമായും പിഴവില്ലാതെയും നടപ്പിലാക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് 46 പേര്‍ ചേര്‍ന്ന് കേരള ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. 2012 ല്‍ പാക്കേജ് നടപ്പിലാക്കിയെന്നും ചതുപ്പുനിലം വാസയോഗ്യമാക്കിയാണ് നല്‍കിയതെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ വാദിച്ചു. 2021 ഓഗസ്റ്റ് 26 ന് ഈ കേസില്‍ കോടതി വിധി പറഞ്ഞു.

സര്‍ക്കാരിന്റെ രേഖകളില്‍ത്തന്നെ വീടുകളുടെ വിള്ളലുകളെക്കുറിച്ചു പരാമര്‍ശമുള്ളതിനാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോ റവന്യൂ സെക്രട്ടറിയോ പരാതിക്കാരുടെ പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയുടെ വെളിച്ചത്തില്‍ കളക്ടറുമായി സംസാരിച്ച് നാലാഴ്ചയ്ക്കകം ഉചിതമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു. നാലു മാസത്തിനുള്ളില്‍ ഒരു അന്തിമ തീരുമാനമുണ്ടാകണമെന്ന് കോടതി ഉത്തരവിട്ട വിഷയത്തില്‍ ഈ സര്‍ക്കാര്‍ ഇതുവരെയും ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല.

വര്‍ഷത്തില്‍ ഒരു വഴിപാട്

സമരം നിര്‍ത്തിയ മൂലമ്പിള്ളിക്കാര്‍ക്കു കിട്ടിയ ഏക സമ്മാനം അന്ധതബാധിച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഓഫീസുകള്‍ക്കും മുന്നില്‍ എല്ലാ വര്‍ഷവും ഒരു ആചാരംപോലെ നടത്തേണ്ടിവരുന്ന ഒരു മൂലമ്പിള്ളി ദിനാചരണമാണ്! സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെക്കുറിച്ച് സര്‍ക്കാരിനെയും റവന്യൂ വകുപ്പിനെയും ഓര്‍മിപ്പിക്കാന്‍ ഈ വര്‍ഷം മാര്‍ച്ച് 19 ന് കത്തുകളയച്ചു പ്രതിഷേധിക്കുകയാണ് ഈ പാവപ്പെട്ട മനുഷ്യര്‍ ചെയ്തത്.

ജീവിതം കയ്ച്ചവരുടെ തീവ്രവാദം...

മൂലമ്പിള്ളി സമര കാലത്ത് നിലവിലുണ്ടായിരുന്ന അതേ മുന്നണി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ കെ റെയില്‍ എന്ന മഹാ വെള്ളാനയുമായി വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, ഏലൂരിലെ മഞ്ഞുമ്മല്‍ നിന്നും കുടിയിറക്കപ്പെട്ട എണ്‍പത്തിരണ്ടുകാരിയായ ശ്രീദേവി പറയുന്നത് കേള്‍ക്കുക:

'തുതിയൂരില്‍ പുനരധിവാസയിടം ലഭിച്ച ഒട്ടുമിക്ക കുടുംബങ്ങളും വീടു പണിതിട്ടില്ല. കാരണം, പണിതവയ്ക്കെല്ലാം വിള്ളലുണ്ട്. ചതുപ്പു നിലമായതുകൊണ്ട് ഈ പ്രശ്നമുണ്ടെന്ന് അധികാരികള്‍ക്കെല്ലാം അറിയാം. പ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നതല്ലാതെ അതിന് പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ല. ഞങ്ങളുടെ ഗതി ആര്‍ക്കും വരാതിരിക്കേണ്ടതിന് ഇനി ഒറ്റ മാര്‍ഗമേയുള്ളൂ - വികസനം എന്നും പറഞ്ഞു വരുന്നവര്‍ക്ക് ആരും സ്വന്തം ഭൂമി വിട്ടു കൊടുക്കാതിരിക്കുക'.

വന്ദ്യവയോധികയായ ഈ അമ്മ പറയുന്നതിനോട് എനിക്കു പൂര്‍ണമായ യോജിപ്പില്ല. പക്ഷേ, ആ അമ്മ പറയുന്നതില്‍ കാര്യമുണ്ട്. വാക്കിനും നിലപാടുകള്‍ക്കും നേരും നെറിവുമില്ലാത്ത ഭരണ കര്‍ത്താക്കളുള്ളിടത്ത് പൗരന്മാര്‍ സ്വീകരിക്കേണ്ട നിലപാട് അതു തന്നെയാണ്.

മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മനുഷ്യോചിതവും ന്യായപൂര്‍ണവുമായ ജീവിത സാഹചര്യം ഒരുക്കാന്‍ തയ്യാറാകാത്ത ഭരണകൂടത്തിന് കേരളത്തില്‍ ഒരിടത്തും വികസനത്തിന്റെ പേരില്‍ മനുഷ്യരെ ഇനിയും കുടിയിറക്കാന്‍ അവകാശമില്ല. ആദ്യം മൂലമ്പിള്ളിക്കാര്‍ക്ക് നീതി നടത്തിക്കൊടുക്കുക. ശേഷം, അടുത്ത വികസന കാര്യം ചര്‍ച്ച ചെയ്യാം. അതല്ലേ സാമൂഹ്യ നീതിയും സാമാന്യ മര്യാദയും?

ഫാ. ജോഷി മയ്യാറ്റില്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.