കെ റെയിൽ പ്രതിഷേധം ശക്തം: കോട്ടയത്തും തവനൂരിലും കല്ലിടൽ തടഞ്ഞു; തൃശൂർ പാലക്കാട് കോഴിക്കോട് കളക്ടറേറ്റ് മാർച്ചുകളിൽ സംഘർഷം

കെ റെയിൽ പ്രതിഷേധം ശക്തം: കോട്ടയത്തും തവനൂരിലും കല്ലിടൽ തടഞ്ഞു; തൃശൂർ പാലക്കാട് കോഴിക്കോട് കളക്ടറേറ്റ് മാർച്ചുകളിൽ സംഘർഷം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടും കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും തൃശൂരിലും പാലക്കാടും കെ റെയിൽ കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു.

കെ റെയിൽ പദ്ധതിക്കെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തലസ്ഥാനത്ത് മുരിക്കുംപുഴ കോഴിമടയിൽ നടന്ന പ്രതിഷേധത്തിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവേ കല്ല് പിഴുതെറിഞ്ഞു. നാല് ദിവസം മുൻപെത്തി നാട്ടിയ സർവേ കല്ലാണ് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിൽ പിഴുതുമാറ്റിയത്. 

അതേസമയം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മലപ്പുറം തവനൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമാണ് ഇന്ന് കല്ലിടാന്‍ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയില്‍ പ്രതിഷേധം കാരണം കല്ലിടല്‍ നടന്നില്ല. എന്നാൽ കോഴിക്കോട് ജില്ലയിലെ സർവേ ഉടൻ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ എൻ തേജ് ലോഹിത് പറഞ്ഞു. സർവേ നമ്പരുകളിലെ വ്യക്തത കുറവാണ്. ഒഴിവായിപ്പോയ സർവേ നമ്പരുകൾ കൂടി ഉൾപ്പെടുത്തി സർവേ പുനരാരംഭിക്കും. പ്രതിഷേധക്കാരുമായി ചർച്ച നടത്തി സർവേ പൂർത്തിയാകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 

തൃശൂരിലും പാലക്കാടും കെ റെയിലിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

അതിനിടെ കെ റെയില്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് കെ റെയില്‍ വിരുദ്ധ സമര സമിതി മാര്‍ച്ച്‌ നടത്തി. മാർച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ഉദ്ഘാടനം ചെയ്തു. 'കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആറന്മുള വിമാനത്താവള പദ്ധതി ജനകീയ സമരവും ജനവികാരവും മാനിച്ച്‌ പിന്‍വലിച്ചു. എന്നാല്‍ അന്ന് സമരത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ ജനവികാരം കാണുന്നില്ലെന്നും' മേധാ പട്കര്‍ പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ആയിരണക്കണക്കിന് ആളുകൾ പങ്കെടുത്തു. 

'ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് പദ്ധതികൾ ഉപേക്ഷിക്കുന്നത് സർക്കാരിന് അഭിമാനമാണ്. നിലനിൽപ്പിനായുള്ള ജനങ്ങളുടെ നിലവിളി സർക്കാർ കേൾക്കണമെന്ന്' മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.