ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുഭാവ പൂര്‍ണമായ നിലപാടാണെന്നും ചര്‍ച്ച ആരോഗ്യകരമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയെക്കുറിച്ച് അതീവ താത്പര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടത്. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. നല്ല ചര്‍ച്ചയാണ് നടന്നത്. അക്കാര്യത്തിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയാണ്. അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും പിണറായി വ്യക്തമാക്കി.
കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും വേഗതയുള്ള ഗതാഗത സംവിധാനം വേണമെന്നാണ് അഭിപ്രായം. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രാസമയം നാല് മണിക്കൂര്‍ മാത്രമാക്കി കുറയ്ക്കാന്‍ പദ്ധതിക്ക് കഴിയും. ഏറ്റവും സുരക്ഷിതവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഓഹരിയായി റെയില്‍വേയില്‍ നിന്ന് 3125 കോടി രൂപയും സംസ്ഥാന സര്‍ക്കാരില്‍നിന്ന് 3251 കോടി രൂപയും പൊതുജനങ്ങളില്‍നിന്ന് 4252 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 13,362 കോടി രൂപ ഹഡ്കോ, കിഫ്ബി, സംസ്ഥാന സര്‍ക്കാര്‍ എന്നിവയാണ് വഹിക്കുക.
വിദേശത്തുനിന്ന് കടമായി ലഭിക്കേണ്ട 33,700 കോടി രൂപയുമായി ബന്ധപ്പെട്ട അപേക്ഷ സാമ്പത്തിക കാര്യ വകുപ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി വി.പി ജോയിയും സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.