ഫോട്ടോയും ഗൂഗിള്‍ ലൊക്കേഷനും: ന്യൂജെന്‍ ദമ്പതികള്‍ നടത്തുന്നത് ഹൈടെക് ലഹരി വിതരണം

ഫോട്ടോയും ഗൂഗിള്‍ ലൊക്കേഷനും: ന്യൂജെന്‍ ദമ്പതികള്‍ നടത്തുന്നത് ഹൈടെക് ലഹരി വിതരണം

കണ്ണൂര്‍: ലഹരി വിതരണം ഹൈടെക് ആക്കി ന്യൂജെന്‍ ദമ്പതികള്‍. എംഡിഎംഎ അടക്കമുള്ള രാസ ലഹരിമരുന്നുകളും കൊക്കെയ്‌നും ബ്രൗണ്‍ഷുഗറും ഉള്‍പ്പടെയുള്ളവയാണ് ഇവര്‍ വിതരണം ചെയ്യുന്നത്. ലഹരിമരുന്നു നല്‍കുന്നതു നൈജീരിയക്കാര്‍. ചില്ലറ വിതരണത്തിന് ദമ്പതിമാരും. ഫോട്ടോയും ഗൂഗിള്‍ ലൊക്കേഷനുമൊക്കെ നല്‍കി ഹൈടെക് വിതരണമാണ് ഇവര്‍ നടത്തുന്നത്.

പണമിടപാട് പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാണ്. അഞ്ച് ജില്ലകളില്‍ വ്യാപിച്ചു കിടക്കുകയാണ് സംഘമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. കുറച്ചു മാസം കൊണ്ടാണ് ഇവര്‍ സംസ്ഥാന വ്യാപകമായി വിതരണം വിപുലപ്പെടുത്തിയത്. ലഹരി മരുന്നുമായി പിടിയിലായവരെ മാത്രമല്ല സംഘവുമായി ലഹരിമരുന്നിനു വേണ്ടി പണമിടപാടു നടത്തിയവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലീസ് പിടികൂടിയ ലഹരിമരുന്നു കേസ് പലതു കൊണ്ടും കേരളത്തില്‍ തന്നെ ഏറെ ചര്‍ച്ച ആവുകയാണ്.

സംഭവത്തില്‍ അന്വേഷണത്തിന് തുടക്കം ഇടുന്നത് ബാങ്ക് ഇടപാടുകളില്‍ നിന്നാണ്. നിസാം എന്നയാളുടെ ബാങ്ക് അക്കൗണ്ടിലെ ദുരൂഹമായ ഇടപാടുകള്‍ സ്‌പെഷല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. പിന്നീടാണ് എടക്കാട് പാതയോരത്ത് ഒരു സ്ത്രീ എംഡിഎംഎ പൊതി ഉപേക്ഷിച്ചു പോയ സംഭവം ഉണ്ടായത്. പൊതി ഉപേക്ഷിച്ച സ്ത്രീ സഞ്ചരിച്ച വാഹനം കണ്ടെത്താനായി അടുത്ത ശ്രമം. വാഹനം ബല്‍ക്കീസ് എന്ന സ്ത്രീയുടെ പേരിലാണെന്നു വ്യക്തമായെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇവര്‍ വാടക വീടുകള്‍ മാറിമാറിക്കഴിയുന്നതായിരുന്നു തടസം. പിന്നീടു ബല്‍ക്കീസിനെ കണ്ടെത്തുകയും ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നു മലബാറിലെ അടുത്ത കാലത്തെ ഏറ്റവും വലിയ എംഡിഎംഎ കേസ് കണ്ണൂര്‍ സിറ്റി പൊലീസ് പിടികൂടുകയും ചെയ്തു.

സംഘത്തിന്റെ വിതരണ ശൃംഖലയില്‍ സജീവമായിരുന്ന രണ്ട് ദമ്പതിമാരാണ് ഇതിനകം കേസില്‍ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും പാഴ്‌സലായി എത്തിച്ച 1.950 കിലോഗ്രാം എംഡിഎംഎയും 67 ഗ്രാം ബ്രൗണ്‍ഷുഗറും 7.5 ഗ്രാം ഓപ്പിയവും (കറുപ്പ്) സഹിതം മുഴപ്പിലങ്ങാട് തോട്ടന്റവിട വീട്ടില്‍ ബല്‍ക്കീസ് ചെറിയ (28), ഭര്‍ത്താവ് അഫ്‌സല്‍ (39) എന്നിവര്‍ ഈമാസം ഏഴിന് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെയും ഡാന്‍സാഫിന്റെയും പിടിയിലാവുകയായിരുന്നു.

പാഴ്‌സല്‍ ഓഫിസില്‍ എത്തി ലഹരിമരുന്നു പായ്ക്കറ്റ് കൈപ്പറ്റിയ ഉടനെയാണ് ഇവരെ പൊലീസ് പിടിച്ചത്. ചുരിദാര്‍ എന്ന പേരിലാണ് പാഴ്‌സല്‍ എത്തിയിരുന്നത്. ബല്‍ക്കീസാണ് മിക്കപ്പോഴും പാഴ്‌സല്‍ കൈപ്പറ്റിയത്. അയച്ചത് സംഘത്തലവനായ ബല്‍ക്കീസിന്റെ സഹോദരീ ഭര്‍ത്താവ് കണ്ണൂര്‍ തെക്കിബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറായിരുന്നു.

ബല്‍ക്കീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 11ന് പൊലീസ് പിടിച്ചെടുത്തത് 18.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 3.49 ഗ്രാം വരുന്ന 270 എല്‍എസ്ഡി സ്റ്റാംപുകള്‍, 19 ഗ്രാം വരുന്ന 90 എംഡിഎംഎ ഗുളികകള്‍. ഈ കേസില്‍ ഈ മാസം 23ന് പൊലീസ് അറസ്റ്റ് ചെയ്തതും ദമ്പതിമാരെത്തന്നെയാണ്. എസ് ഡി പി ഐ പ്രവര്‍ത്തകനായ തയ്യില്‍ മരക്കാര്‍കണ്ടി ചെറിയ ചിന്നപ്പന്റവിട വീട്ടില്‍ സി.സി.അന്‍സാരി, ഭാര്യ ആതിര അനി എന്ന ഷബ്‌ന. ഇവര്‍ക്കു പുറമെ പുതിയങ്ങാടി ചൂരിക്കടത്ത് വീട്ടില്‍ സി.എച്ച്.ഷിഹാബിനെയും അറസ്റ്റ് ചെയ്തിരുന്നു.

നൈജീരിയക്കാരാണു നിസാമിനു ലഹരി മരുന്ന് നല്‍കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഒരു തവണ നേരിട്ട് ഇടപാടു നടത്തിയപ്പോള്‍ നിസാം ബെംഗളൂരു പൊലീസിന്റെ പിടിയിലായിരുന്നു. കിലോയ്ക്ക് ഒന്‍പത് ലക്ഷം രൂപയ്ക്കാണ് തനിക്ക് എംഡിഎംഎ ലഭിക്കുന്നതും നൈജീരിയന്‍ സ്വദേശികളാണു തനിക്ക് എംഡിഎംഎ അടക്കമുള്ള ലഹരിമരുന്ന് എത്തിച്ചു തരുന്നതെന്നും നിസാമിന്റെ മൊഴിയിലുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്ത കേസിലെ നിര്‍ണായക കണ്ണിയായ ഒരു നൈജീരിയന്‍ യുവതിയെ ബെംഗളൂരുവില്‍ നിന്നു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. സംഘത്തിനായി അന്വേഷണം വിപുലമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.