മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് കണികകള്‍; ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി ഗവേഷകര്‍

മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് കണികകള്‍; ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി ഗവേഷകര്‍

ആംസ്റ്റര്‍ഡാം: മനുഷ്യരക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയെന്ന ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. നെതര്‍ലന്‍ഡ്‌സില്‍ പരിശോധന നടത്തിയ 80 ശതമാനം പേരുടെ സാമ്പിളിലും രക്തത്തില്‍ പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നതാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 22 പേരിലാണ് പഠനം നടത്തിയത്.

ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പ്ലാസ്റ്റിക് ശരീരത്തിലേക്കു കയറുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നതെന്നും ഇതു ഗൗരവമായി പരിഗണിക്കണമെന്നും ആംസ്റ്റര്‍ഡാമിലെ ഇക്കോടോക്‌സിക്കോളജി പ്രൊഫസര്‍ ഡിക് വെതാക്ക് പറഞ്ഞു.

പ്ലാസ്റ്റിക് കണികകള്‍ക്ക് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളില്‍ തങ്ങിനില്‍ക്കാനും കഴിയുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് ഏതെങ്കിലും വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, മൈക്രോപ്ലാസ്റ്റിക് കണികകള്‍ക്ക് മനുഷ്യകോശങ്ങളില്‍ കേടു വരുത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

പരിസ്ഥിതിയിലേക്കു വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നതാണ് ഇതിനൊരു പ്രധാന കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എവറസ്റ്റ് കൊടുമുടി മുതല്‍ ആഴമേറിയ സമുദ്രത്തില്‍ വരെ മൈക്രോപ്ലാസ്റ്റിക് ഭീഷണി ഉയര്‍ത്തുന്നു.

പോളിപ്രൊപ്പിലിന്‍, പോളിസ്‌റ്റൈറൈന്‍, പോളിമീഥൈല്‍ മെതാക്രിലേറ്റ്, പോളിത്തിലീന്‍, പോളിത്തിലീന്‍ ടെറഫ്താലേറ്റ് (പി.ഇ.ടി) എന്നിങ്ങനെ അഞ്ച് തരം പ്ലാസ്റ്റിക്കുകളുടെ കണികകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പഠനം നടത്തിയ 22 പേരുടെ രക്തസാമ്പിളുകളില്‍ 17 എണ്ണത്തിലും പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയിട്ടുണ്ട്.

പാനീയ കുപ്പികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോളിത്തിലീന്‍ ടെറഫ്താലേറ്റ്, വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കായ പോളിസ്‌റ്റൈറൈന്‍, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിത്തിലീന്‍ തുടങ്ങിയ പ്ലാസ്റ്റിക്കുകളാണ് പ്രധാനമായും രക്തത്തില്‍ കണ്ടെത്തിയത്.

മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ വിസര്‍ജ്യത്തില്‍ പോലും മൈക്രോപ്ലാസ്റ്റിക് 10 മടങ്ങ് കൂടുതലാണെന്നും പ്ലാസ്റ്റിക് കുപ്പികളില്‍ ഭക്ഷണം നല്‍കുന്ന കുഞ്ഞുങ്ങള്‍ പ്രതിദിനം ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണികകള്‍ അകത്താക്കുന്നുവെന്നും മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇത്തരം കണികകള്‍ കൂടുതല്‍ ശിശുക്കളെയും ചെറിയ കുട്ടികളെയുമാണ് ബാധിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.