വയല്‍ നികത്തി വീടുവയ്ക്കാനാവില്ല: തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വ്യക്തത വരുത്തി ഹൈക്കോടതി

വയല്‍ നികത്തി വീടുവയ്ക്കാനാവില്ല: തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വ്യക്തത വരുത്തി ഹൈക്കോടതി

കൊച്ചി: നെല്‍വയല്‍ വാങ്ങിയവര്‍ക്ക് വീടുവയ്ക്കാനായി നിലം നികത്താനാവില്ലെന്ന് ഹൈക്കോടതി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നിലവില്‍ വന്നശേഷം നിലം വാങ്ങിയവര്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്. വീടുവയ്ക്കാന്‍ മറ്റു ഭൂമിയില്ലെങ്കില്‍ കൈവശമുള്ള പാടത്തിന്റെ നിശ്ചിതഭാഗം നികത്തി വീടുവയ്ക്കാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ, നിയമം നിലവില്‍വരുന്നതിനുമുമ്പേ നിലമുടമകളായവര്‍ക്കാണ് ബാധകമെന്നും കോടതി വ്യക്തമാക്കി.

ഇതുസംബന്ധിച്ച ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ച് റദ്ദാക്കി. 2008 ആഗസ്റ്റ് 12നാണ് വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടു വന്നത്. ഇതിന് ശേഷം തുണ്ടുനിലം വാങ്ങിയവര്‍ക്ക് നികത്തി വീടുവയ്ക്കാന്‍ അനുമതി നല്‍കുന്നത് നിയമത്തിന്റെ ലക്ഷ്യത്തെ ബാധിക്കുമെന്നും ഫുള്‍ബെഞ്ച് വ്യക്തമാക്കി.

നിയമം വന്നശേഷം നിലം വാങ്ങിയവര്‍ക്ക് ഇത് നികത്തി വീടുവയ്ക്കാന്‍ അര്‍ഹതയില്ലെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകളില്‍ ഡിവിഷന്‍ ബെഞ്ച് തന്നെ ഈ വിധി റദ്ദാക്കി. നിയമം വന്നശേഷം നിലം വാങ്ങിയവര്‍ക്കും വീടുവയ്ക്കാന്‍ മറ്റു ഭൂമിയില്ലെങ്കില്‍ നിശ്ചിത അളവില്‍ നിലം നികത്താമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍.

2020ല്‍ മറ്റൊരു സിംഗിള്‍ ബെഞ്ച് ഈ വിലയിരുത്തല്‍ നിയമപരമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഹര്‍ജികള്‍ ഫുള്‍ബെഞ്ചിന് വിട്ടു. തുടര്‍ന്നാണ് ഫുള്‍ബെഞ്ച് ഹര്‍ജികള്‍ പരിഗണിച്ചത്. നിലം ഉടമകളെ 2008ന് മുമ്പും ശേഷവും നിലം വാങ്ങിയവരെന്ന് വേര്‍തിരിക്കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

നെല്‍വയല്‍ നികത്തുന്നത് പൂര്‍ണമായും തടയുകയെന്നതല്ല നിയമത്തിന്റെ ലക്ഷ്യമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം ഫുള്‍ബെഞ്ച് തള്ളി. 2008ന് ശേഷം നിലം വാങ്ങിയവര്‍ നിലമുടമകള്‍ തന്നെയാണ്. പക്ഷെ അവര്‍ക്ക് നികത്താന്‍ അര്‍ഹതയില്ല.പഞ്ചായത്ത് മേഖലയില്‍ ഒരേക്കര്‍ നിലമുള്ള വ്യക്തി വേറെ ഭൂമിയില്ലാത്ത പത്തുപേര്‍ക്ക് നിലം വിറ്റാല്‍ ഓരോ നിലമുടമയ്ക്കും ഇതുനികത്തി വീടുവയ്ക്കാന്‍ അനുമതി നല്‍കേണ്ടിവരും. നെല്‍വയലുകള്‍ സംരക്ഷിക്കുകയെന്ന നിയമത്തിന്റെ ലക്ഷ്യത്തെ ഇത് ബാധിക്കുമെന്നും ഫുള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.