മരുഭൂമിയിലെ വള്ളംകളി; ആവേശത്തുഴയെറിയലിൽ ഗബ്രിയേൽ ട്രോഫി നേടി

മരുഭൂമിയിലെ വള്ളംകളി; ആവേശത്തുഴയെറിയലിൽ ഗബ്രിയേൽ ട്രോഫി നേടി

റാസ് അൽ ഖൈമ : മണ്ണിനോട് മല്ലിട്ട് മണ്ണിൽ പൊന്ന് വിളയിക്കുന്ന കുട്ടനാട്ടിലെ കർഷകനും കർഷക തൊഴിലാളിക്കും ആബാലവൃദ്ധം ജനങ്ങൾക്കും ആവേശമായി 1952 മുതൽ ആലപ്പുഴയിലെ പുന്നമടക്കായലിൽ വർഷം തോറും നടത്തിവരുന്ന നെഹ്‌റു ട്രോഫി വള്ളം കളി മത്സരത്തിന്റെ അതേ ആവേശത്തോടെ യു എ ഇ യിലെ റാസ് അൽ ഖൈമയിൽ 2019 ൽ ആരംഭിച്ച ആർ എ കെ നെഹ്രുട്രോഫി മത്സരങ്ങൾ ഈ വർഷവും നടത്തപ്പെട്ടു.


കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന വള്ളം കളി വീണ്ടും ആരംഭിച്ചത് പ്രവാസി മലയാളികൾ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
മാർച്ച് 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് റാസ് അൽഖൈമയിലെ അൽ മാർജാൻ ഐലൻഡ് ഓളപ്പരപ്പിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ആയിരങ്ങളാണ് ആവേശത്തോടെ പങ്കെടുത്തത്.
മറൈൻ ഇന്റർനാഷണൽ സ്പോർട്സ്ക്ലബ്‌, റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ, ദി ബ്രൂ മീഡിയ എന്നിവർ ചേർന്നൊരുക്കിയ ജല കായിക മാമാങ്കത്തിൽ യു എ ഇ യിലെ നിരവധി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ സാംസ്‌കാരിക ഘോഷയാത്രയും നടത്തപ്പെട്ടു.


അൽ മാർജാൻ ഐലൻഡ് സമിതിയും, ചെമ്മീൻ ബാൻഡും ചേർന്നൊരുക്കിയ ഫ്യൂഷൻ ചെണ്ട മേളം, പ്രശസ്ത പിന്നണി ഗായകൻ നിഖിൽ മാത്യു അവതരിപ്പിച്ച സ്പെഷ്യൽ മ്യൂസിക്കൽ  പെർഫോമെൻസ് തുടങ്ങി നിരവധി കലാപരിപാടികൾ കാണികളെ ആനന്ദസാഗരത്തിൽ ആറാടിച്ചു. എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസഷൻ സംഘടിപ്പിച്ച കാർ, ബൈക് ഷോകൾ കാണികളുടെ കൈയ്യടി ഏറ്റുവാങ്ങി.


25 പേർ വരെ കയറാവുന്ന ഡ്രാഗൺ ബോട്ടുകളാണ് മത്സരത്തിന് ഒരുക്കിയിരുന്നത്. പ്രഗത്ഭരായ 8 ടീമുകളാണ് ഓളപ്പരപ്പിൽ തുഴയെറിയാൻ ഒരുമിച്ച് കൂടിയത്. സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ബ്ലെസ്സൻ ക്യാപ്റ്റൻ ആയ ഗഫുർഖാസ് ക്ലബ്ബിന്റെ ഗബ്രിയേൽ ഒന്നാം സ്ഥാനവും, സുബിൻ ക്യാപ്റ്റൻ ആയ കേരളാ സ്നേക്ക് ബോട്ട് ക്ളബ്ബിന്റെ സെന്റ് ജോർജ് രണ്ടാംസ്ഥാനവും നേടി.

ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 ദിർഹം, രണ്ടാം സ്ഥാനം നേടിയ ടീമിന് 15,000 ദിർഹം എന്നിങ്ങനെ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. അടുത്ത വർഷം മുതൽ കൂടുതൽ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്നും വിജയികൾക്ക് നൽകുന്ന ക്യാഷ് അവാർഡിന്റെ തുക വർധിപ്പിക്കുമെന്നും വള്ളം കളിയുടെ മുഖ്യ സംഘാടകനും, മറൈൻ ഇന്റർനാഷണൽ സ്പോർട്സ്ക്ലബ്‌ മാനേജിങ് ഡയറക്ടറുമായ മേജർ ആരിഫ് അൽ ഹറാൻകി അറിയിച്ചു. ഒരു എമിറാത്തി എന്ന നിലയിൽ മറ്റൊരു നാടിൻറെ പാരമ്പര്യത്തിന്റെയും, സംസ്കാരത്തിന്റെയും ഭാഗമാകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, കൂടുതൽ ആകർഷകമായി വരും വർഷങ്ങളിലെ
വള്ളം കളി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരം വളരെ ആവേശകരമായിരുന്നെന്നും, വരും വർഷങ്ങളിലെ മത്സരങ്ങളിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ ടീമുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്നും സെന്റ് ജോർജ് ടീമംഗമായ ഷിജൻ വർഗീസ് സീന്യൂസിനോട് പറഞ്ഞു.
സാങ്കേതിക കരണങ്ങളാലാണ് ഏറ്റവും നല്ല തുഴക്കാരുമായെത്തിയ കാരിച്ചാലിന് ഫൈനൽ നഷ്ടമായതെന്ന് കാരിച്ചാൽ ക്യാപ്റ്റൻ രാജേഷും, വള്ളംകളി രംഗത്തെ മിന്നും താരം ലോപ്പച്ചൻ കാവാലവും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.