തമിഴ് നാട്ടിൽ 3,500 കോടി രൂപ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്

തമിഴ് നാട്ടിൽ 3,500 കോടി രൂപ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്

അബുദാബി: ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് തമിഴ് നാട്ടിൽ 3,500 കോടി രൂപ മുതൽ മുടക്കുന്നു. ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ. യിലുള്ള തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അബുദാബി ചേംബർ ആസ്ഥാനത്തെ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലിയുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി. 


ഷോപ്പിംഗ് മാൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനുള്ള ധാരണാ പത്രത്തിൽ ലുലു ഗ്രൂപ്പും സംസ്ഥാന സർക്കാരും ഒപ്പ് വെച്ചു. തമിഴ് നാടിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന വകുപ്പ് പ്രോമോഷൻ ബ്യൂറോ മാനേജിംഗ് ഡയറക്ടർ പൂജ കുൽക്കർണിയും, ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയുമാണ് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ, വ്യവസായ മന്ത്രി തങ്കം തെന്നരശ്, എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാ പത്രത്തിൽ ഒപ്പ് വെച്ചത്. 


നിക്ഷേപവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി ധാരണയിലെത്തിയതിൽ സന്തോഷമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നിക്ഷേപർക്ക് നൽകുന്നത്. മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും പുറമെ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാനും സംസ്കരിക്കാനും ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കും. പദ്ധതിയുടെ തുടർ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിൻ്റെ ഉന്നതതല സംഘം അടുത്തു തന്നെ തമിഴ് നാട് സന്ദർശിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. 

കോയമ്പത്തൂർ, സേലം, മധുര, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കും. ലുലു ഗ്രൂപ്പിൻ്റെ തമിഴ് നാട്ടിലെ ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് ഈ വർഷാവസാനം കോയമ്പത്തുരിൽ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. അബുദാബി ചേംബർ ഡയറക്ടർമാരായ അലി ബിൻ ഹർമൽ അൽ ദാഹിരി, മസൂദ് അൽ മസൂദ്, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഇന്ത്യ ഒമാൻ ഡയറക്ടർ ഏ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു. 

ഇന്ത്യയിൽ ലുലുവിന് കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലായി മൂന്ന് ഷോപ്പിംഗ് മാളുകൾ ഉണ്ട്. രാജ്യത്തെ നാലാമത്തെ മാൾ ഈ വർഷം മെയ് അവസാനത്തോടെ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ തുറക്കാനാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.