ന്യൂയോര്‍ക്ക്: ഓസ്‌കര്‍ വേദിയില്‍ തന്റെ ഭാര്യയെ കളിയാക്കിയതിന്റെ പേരില്‍ അവതാരകന്‍ ക്രിസ് റോക്കിനെ സ്റ്റേജില്‍ കയറി മുഖത്തടിച്ച നടന്‍ വില്‍ സ്മിത്ത് പരസ്യമായി മാപ്പുപറഞ്ഞു. 'തന്റെ പെരുമാറ്റം അംഗീകരിക്കാനും ന്യായീകരിക്കാനും കഴിയാത്തതാണ്. സ്നേഹത്തിന്റെയും നന്മയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. താനല്ലാതായ നിമിഷത്തില്‍ സംഭവിച്ച് പോയതിന് ക്ഷമിക്കണം'-വില്‍ സ്മിത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ.
ഇന്നലെ ഓസ്‌കര്‍ വേദിയില്‍ അവതാരകന്റെ പേരുപറയാതെ വില്‍ സ്മിത്ത് ക്ഷമ ചോദിച്ചിരുന്നു. അതേസമയം സംഭവത്തില്‍ ഓസ്‌കര്‍ അക്കാദമി അന്വേഷണം പ്രഖ്യാപിച്ചു. അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ നടപടിയെ ഓസ്‌കര്‍ അക്കാദമി അപലപിക്കുകയും ചെയ്തു.
'കിംഗ് റിച്ചാര്‍ഡി'ലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരമാണ് വില്‍ സ്മിത്തിന് ലഭിച്ചത്. തിളക്കമാര്‍ന്ന ഈ നേട്ടത്തിന് മുന്‍പാണ് ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഓസ്‌കര്‍ വേദിയില്‍ അരങ്ങേറിയത്. തന്റെ ഭാര്യയെ കളിയാക്കിയതിന് വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ സ്റ്റേജില്‍ കയറി മുഖത്തടിക്കുകയായിരുന്നു.
ഭാര്യയുടെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരിഹാസത്തില്‍ ക്ഷുഭിതനായ അദ്ദേഹം സീറ്റില്‍ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടന്നുകയറി. അവതാരകനെ അടിച്ചശേഷം തിരികെ ഭാര്യക്കരികില്‍ വന്നിരുന്ന താരം 'എന്റെ ഭാര്യയുടെ പേര് നിന്റെ വൃത്തികെട്ട വായിലൂടെ പറയരുതെന്ന്' പറഞ്ഞു. എന്നാല്‍ പിന്നീട് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ തന്റെ പ്രതികരണത്തെക്കുറിച്ച് സ്മിത്ത് വിശദീകരിക്കുകയുണ്ടായി. 'പ്രണയം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും' എന്നാണ് സ്മിത്ത് ഇതേക്കുറിച്ച് പറഞ്ഞത്.
'എനിക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും ബ്രാന്‍ഡ് അംബാസഡര്‍ ആകണം. ഓസ്‌കര്‍ അക്കാദമിയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. എനിക്കൊപ്പം അവാര്‍ഡിന് പരിഗണിക്കപ്പെട്ടവരോടും എന്റെ മാപ്പ്. ജീവിതത്തെയാണ് കല അനുകരിക്കുന്നത്'-വില്‍ സ്മിത്ത് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.