ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു; പൊതുഗതാഗതം നിശ്ചലം

ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു; പൊതുഗതാഗതം നിശ്ചലം

ന്യുഡല്‍ഹി: രാജ്യത്ത് ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുക്കുന്നതില്‍ ഇന്നും വിലക്ക് ഉണ്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, കല്‍ക്കരി വ്യവസായം അടക്കമുള്ള മേഖലകളെ ആദ്യദിന പണിമുടക്ക് ഭാഗികമായി ബാധിച്ചിരുന്നു. ഇവിടങ്ങളില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്നും പണിമുടക്കിലാണ്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.

അതേസമയം കേരളത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എന്‍ജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. ഇന്നലെ പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ക്കെതിരെയും തുറന്ന കടകള്‍ക്കെതിരെയും വ്യാപക അക്രമം നടന്നിരുന്നു. ഇന്ന് പലയിടത്തും സംയുക്ത യൂണിയനുകളുടെ പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്നും അവര്‍ക്കുളള യാത്രാ സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട് പണിമുടക്കിന്റെ രണ്ടാം ദിവസവും പെട്രോള്‍ പമ്പുകള്‍ ഭൂരിഭാഗവും തുറന്നിട്ടില്ല. തുറന്ന നഗരത്തിലെ പമ്പില്‍ നല്ല തിരക്കുമാണ്. പമ്പുകള്‍ തുറക്കണമെന്നും ആവശ്യമായ സുരക്ഷയൊരുക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തുന്നവരെ സി ഐ ടി യു തൊഴിലാളികള്‍ തടഞ്ഞ് മടക്കി അയച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കോടതി പറഞ്ഞു. ഭരണ സംവിധാനം തടസപ്പെടുത്തി സമരം ചെയ്യാന്‍ ട്രേഡ് യൂണിയന്‍ നിയമത്തിലും വകുപ്പില്ലെന്ന് കോടതി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം. ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ ആവശ്യമെങ്കില്‍ വാഹനം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശമ്പളം വാങ്ങി അവധിയെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം ഇന്നും പണിമുടക്കുമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ വയക്തമാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാരില്‍ ഇന്നലെ ജോലിക്കെത്തിയത് 32 പേര്‍ മാത്രമാണ്.

ഇന്നലെ പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്‍ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. എന്നാല്‍ സമരക്കാര്‍ ഒരിടത്തും ട്രെയിനുകള്‍ തടഞ്ഞില്ല. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പോകേണ്ടവര്‍ക്ക് പൊലീസ് വാഹനം ഒരുക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.