തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ ദുരിതത്തിലായ ജനത്തെ സഹായിക്കാന്‍ കെഎസ്ആര്‍ടിസിക്കും സാധിച്ചില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു. ആകെ 18,757 ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ഇന്നലെ ജോലിക്കെത്തിയത് 2,525 പേരാണ്. എന്നിട്ടും സംസ്ഥാനത്താകെ നടത്തിയത് വെറും 52 സര്‍വീസുകളും. മൊത്തം സര്‍വീസിന്റെ 1.31 ശതമാനം മാത്രമാണിത്.
18145 സ്ഥിരം ജീവനക്കാരും 612 താല്‍ക്കാലികക്കാരും ഉള്‍പ്പെടെ 18,757 ജീവനക്കാര്‍ കോര്‍പറേഷനിലുണ്ട്. 428 സ്ഥിരം ജീവനക്കാര്‍ അവധിയിലാണ്. ഇവരില്‍ 13.46 ശതമാനം പേര്‍ ജോലിക്കെത്തിയെങ്കിലും ഇത് സര്‍വീസുകളില്‍ പ്രതിഫലിച്ചില്ല. സിഐടിയു, ഐഎന്‍ടിയുസി യൂണിയനില്‍ ഉള്‍പ്പെട്ടവര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നു.
ബിഎംഎസ് അനുകൂല തൊഴിലാളി സംഘടനയില്‍പെട്ടവരാണ് ജോലിക്കെത്തിയത്. 2020ല്‍ നടത്തിയ ഹിതപരിശോധനയുടെ കണക്കുകള്‍ പ്രകാരം ബിഎംഎസ് സംഘടനയില്‍പ്പെട്ട 4802 ജീവനക്കാര്‍ കെഎസ്ആര്‍ടിസിയിലുണ്ട്. ഇവരെ വച്ച് സര്‍വീസ് നടത്താന്‍ ഒരു ക്രമീകരണവും അധികൃതര്‍ സ്വീകരിച്ചില്ല.
ബിഎംഎസിന് വലിയ സ്വാധീനമുള്ള പാലാ ഡിപ്പോയിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെത്തിയത്. 221 ജീവനക്കാരില്‍ 72 പേര്‍ ഇവിടെ ജോലിക്കെത്തി. എന്നാല്‍, 55 സര്‍വീസുകളില്‍ ഒന്നുപോലും ഓടിക്കാന്‍ സാധിച്ചില്ല. ഏറ്റവും കൂടുതല്‍ ഓടിച്ചത് മാനന്തവാടി ഡിപ്പോയാണ്. 67 ഷെഡ്യൂളുകളില്‍ 33 എണ്ണം നിരത്തിലിറക്കാന്‍ അവര്‍ക്കായി. ആകെയുള്ള 400 ജീവനക്കാരില്‍ 147 പേര്‍ ജോലിക്കെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.