സമരം പുറത്ത്; സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ട് ജോലി ചെയ്യുന്നു

സമരം പുറത്ത്; സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ട് ജോലി ചെയ്യുന്നു

തൃശൂര്‍: തുറക്കുന്ന കടകള്‍ക്കും മറ്റ് സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ സിപിഎം നേതൃത്വത്തില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും അരങ്ങേറുമ്പോള്‍ തൃശൂരില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഷട്ടര്‍ അടച്ചിട്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ജീവനക്കാര്‍ രഹസ്യമായി ജോലി ചെയ്യുന്നത്.

പൊതു പണിമുടക്കിന്റെ ഭാഗമായി സമര രംഗത്തുള്ള സിപിഎം നേതാക്കളാണ് ഈ ബാങ്കിന്റെ ഭരണസമിതി അംഗങ്ങള്‍. സംഭവം വിവാദമായതോടെ സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടര്‍ തുറക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയുകയായിരുന്നെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം.

തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിന് മുന്‍പില്‍ പ്രതിഷേധിച്ചു. പണി മുടക്കിന് ആഹ്വാനം ചെയത സിപിഎം നേതാക്കള്‍ സ്വന്തം സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് വിരോധാഭാസ മാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ബാങ്കിന്റെ കമ്പ്യൂട്ടര്‍ സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് അകത്ത് നടക്കുന്നതെന്നും ബാങ്ക് പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

ഇതിനിടെ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി നടന്നു.വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികള്‍ പ്രതിഷേധിക്കുകയും കടയടപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇതോടെ കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. സമരക്കാരും വ്യാപാരികളും തമ്മില്‍ ഉന്തും തള്ളുമായതോടെ പൊലീസ് എത്തിയാണ് ഇരുകൂട്ടരേയും പിന്തിരിപ്പിച്ചത്. മൂന്നാറിലും വ്യാപാരികളും സമരാനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതേ തുടര്‍ന്നുണ്ടായ പൊലീസ് ഇടപെടലില്‍ എ.രാജ എംഎല്‍എയ്ക്ക് പരിക്കു പറ്റിയതായി സിപിഎം നേതാക്കള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.