ബ്രിസ്ബന്‍: ക്യൂന്‍സ് ലാന്‍ഡില്‍ രൂക്ഷമാകുന്ന മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം രണ്ടായി. സതേണ്‍ ഡൗണ്‍സ് പ്രദേശത്തെ നോര്‍ത്ത് ബ്രാഞ്ചില്‍ ഇന്നലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 40 വയസുകാരന്റെ മൃതദേഹം ഇന്നു രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വെള്ളപ്പൊക്കത്തില്‍പെട്ട വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഒലിച്ചുപോയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ആറു മണിയോടെ സ്റ്റെര്‍ലിംഗ് റോഡിന് സമീപം രണ്ട് വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് രക്ഷാവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് ഒരു വാഹനത്തിലെ യാത്രക്കാരിയെ ആദ്യം രക്ഷപ്പെടുത്തി. രണ്ടാമത്തെ വാഹനത്തില്‍നിന്ന് നാല്‍പതുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത്. പോലീസും മുങ്ങല്‍ വിദഗ്ധരും നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം ഇന്നു രാവിലെ കണ്ടെത്തിയത്.
പെറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടത്തുന്ന മറ്റൊരു 40 വയസുകാരനും ഇന്നലെ മഴക്കെടുതിയില്‍ മരിച്ചു. തൂവൂമ്പയ്ക്ക് സമീപമുള്ള കിംഗ്‌സ്‌തോര്‍പ്പില്‍ റോഡില്‍നിന്ന് ഒലിച്ചുപോയ കാറില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചു നായ്ക്കള്‍ക്കും ജീവന്‍ നഷ്ടമായി.
കഴിഞ്ഞ മാസം ക്വീന്‍സ് ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു. നിരവധി പേരുടെ ജീവനെടുക്കുകയും ഒരു ലക്ഷത്തോളം വീടുകള്‍ നശിക്കുകയും ചെയ്തു. അതിനു ശേഷം ജനജീവിതം വീണ്ടും ദുസഹമാക്കി പേമാരി ശക്തി പ്രാപിക്കുകയാണ്.
ഗോള്‍ഡ് കോസ്റ്റിലെ ബീച്ച്മോണ്ട് റോഡിന്റെ ഒരു വശം മണ്ണിടിച്ചിലില്‍ തകര്‍ന്ന നിലയില്‍.
ക്വീന്‍സ് ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ പേമാരിക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.
തെക്ക്-കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എമര്‍ജന്‍സി വിഭാഗം അറിയിച്ചു. വെള്ളപ്പൊക്കമുള്ള മേഖലകളില്‍ വാഹനവുമായി ഇറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.
ഇന്നലെ രാവിലെ ഒന്‍പതു മണി മുതല്‍ ഗോള്‍ഡ് കോസ്റ്റിലെ ഒന്നിലധികം സ്ഥലങ്ങളില്‍ 200 മില്ലിമീറ്ററിലധികം മഴയാണു രേഖപ്പെടുത്തിയത്. തലേബുഡ്ഗെര വാലിയില്‍ 340 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുകള്‍ ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ക്വീന്‍സ്ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് (ക്യുഎഫ്ഇഎസ്) സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബ്രാഡ് കമ്മിന്‍സ് പറഞ്ഞു. ഡാര്‍ലിംഗ് ഡൗണ്‍സ് മേഖലയിലെ പല റോഡുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെന്നും വെള്ളം ഇറങ്ങാന്‍ സമയമെടുക്കുമെന്നും ബ്രാഡ് കമ്മിന്‍സ് പറഞ്ഞു.
സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിന് സഹായത്തിനായി ഇതുവരെ 214 കോളുകളാണു ലഭിച്ചത്. ഇന്ന് ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഗോള്‍ഡ് കോസ്റ്റിന്റെ ചില ഭാഗങ്ങളില്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഗോള്‍ഡ് കോസ്റ്റിലെ ഒരു റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഈ ഭാഗത്തുള്ള ബീച്ചുകളും അടച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.