ന്യൂഡല്‍ഹി: ദശാബ്ദങ്ങളായി കുന്നും മലയും കയറി ഇറങ്ങി സൈനികരെയും വഹിച്ച് രാജ്യത്തെ സേവിച്ച മാരുതി സുസുക്കി ജിപ്‌സിയെ സൈന്യത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുന്നു. ഉദ്ദേശം 35000 മാരുതി ജിപ്‌സിയാണ് ഇന്ത്യന്‍ സൈന്യത്തിനുള്ളത്. ഇവയെ മാറ്റി പകരം മറ്റൊരു വാഹനം കണ്ടെത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച ടെന്‍ഡര്‍ അടുത്ത മാസങ്ങളില്‍ പുറപ്പെടുവിക്കും.
ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) ആണ് ഇത് സംബന്ധിച്ച സൈന്യത്തിന്റെ ആവശ്യം അംഗീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിക്കും. ലൈറ്റ് വെഹിക്കിള്‍ വിഭാഗത്തിലുള്ള വാഹനമാണ് സൈന്യം മാരുതി ജിപ്‌സികള്‍ക്ക് പകരമായി തേടുന്നത്.
നിലവില്‍ ഇത്തരത്തിലുള്ള 4,964 വാഹനങ്ങള്‍ വാങ്ങാന്‍ സൈന്യത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഇവയുടെ എണ്ണം വര്‍ധിപ്പിക്കും. ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന, സമതലങ്ങളിലും മരുഭൂമികളിലും പര്‍വതങ്ങളിലും ഒരുപോലെ ഓടിക്കാനാവുന്ന വാഹനമാണ് സൈന്യം തേടുന്നത്.
ഇതിന് പുറമേ വാഹനത്തിന് മുകളിലായി നിരീക്ഷണ സംവിധാനവും, അത് നിര്‍വഹിക്കുന്ന സൈനികന് റൈഫിളും സ്ഥാപിക്കാന്‍ കഴിയണം. ക്വിക്ക് റിയാക്ഷന്‍ ടീമുകളുടെ ഓപ്പറേഷനുകളില്‍ സഹായകരമാകുന്ന വാഹനങ്ങളെയും പരിഗണിക്കുന്നുണ്ട്. ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ച് വാഹന നിര്‍മ്മാതാക്കളെ ക്ഷണിക്കാനാണ് തീരുമാനം.
മാരുതി സുസുക്കി ജിപ്‌സി വാണിജ്യ ഉത്പാദനം നിര്‍ത്തിയെങ്കിലും സൈന്യത്തിന് ലഭ്യമാക്കിയിരുന്നു. ജിപ്‌സിക്ക് ഏകദേശം 985 കിലോഗ്രാം ഭാരമുണ്ട്. അറ്റകുറ്റപ്പണി കുറവെന്നതും ജിപ്‌സിയുടെ പ്രത്യേകതയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.