സ്രാവിന്റെ പിടിയില്‍ നിന്നും യുവാവിനെ രക്ഷിച്ച കത്തോലിക്ക വൈദികന് ഓസ്‌ട്രേലിയയില്‍ ധീരതാ പുരസ്‌കാരം

സ്രാവിന്റെ പിടിയില്‍ നിന്നും യുവാവിനെ രക്ഷിച്ച കത്തോലിക്ക വൈദികന് ഓസ്‌ട്രേലിയയില്‍ ധീരതാ പുരസ്‌കാരം

പെര്‍ത്ത്: കടലില്‍ നീന്തുന്നതിനിടെ കൂറ്റന്‍ സ്രാവിന്റെ ആക്രമണത്തിനിരയായ യുവാവിനെ രക്ഷിച്ച കത്തോലിക്ക വൈദികന്റെ ധീരതയ്ക്ക് അംഗീകാരം. പെര്‍ത്തിലെ മിഡ്‌ലാന്‍ഡിലുള്ള സെന്റ് ബ്രിജിഡ്‌സ് ദൈവാലയത്തില്‍ സഹവികാരിയും സെന്റ് ജോണ്‍ ഓഫ് ഗോഡ് പബ്ലിക് ഹോസ്പിറ്റലിലെ ചാപ്ലൈനുമായ ഫാ. ലിയാം റയാനാണ് ഓസ്‌ട്രേലിയ അംഗീകാരം നല്‍കി ആദരിച്ചത്. ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹര്‍ലിയില്‍ നിന്നാണ് വൈദികന്‍ ധീരതാ പുരസ്‌കാരം ഏറ്റുവാങ്ങിയത്. യുവാവിനെ രക്ഷിക്കാന്‍ വൈദികനൊപ്പം പങ്കുചേര്‍ന്ന മറ്റ് രണ്ടുപേര്‍ക്കും പുരസ്‌ക്കാരം ലഭിച്ചു.


അലക്‌സ് ഒലിവര്‍, ഫാ. ലിയാം റയാന്‍, ജസ് വൂള്‍ഹൗസ്, ഫില്‍ മമ്മെര്‍ട്ട് എന്നിവര്‍

അവാര്‍ഡ് ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഹാനുഭൂതിയുടെ പുറത്തു മാത്രമുള്ള പ്രവര്‍ത്തിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. താന്‍ അസാധാരണമായതൊന്നും ചെയ്തിട്ടില്ല. യുവാവിനെ രക്ഷപ്പെടുത്താന്‍ ആ നിമിഷത്തില്‍ തനിക്ക് ധൈര്യം നല്‍കിയതിന് ദൈവത്തിന് നന്ദി പറയുന്നു-പുരസ്‌കാരം സ്വീകരിച്ച് ഫാ. ലിയാം റയാന്‍ പറഞ്ഞു.

കടിച്ചുകുടഞ്ഞ് സ്രാവ്;
അത്ഭുതകരമായ രക്ഷാപ്രര്‍വര്‍ത്തനം

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ബങ്കര്‍ ബേ ബീച്ചില്‍ 2020 ജൂലൈ 31-നാണ് വൈദികന്റെ ധീരത വെളിവായ സംഭവമുണ്ടായത്. സുഹൃത്തായ ജസ് വൂള്‍ഹൗസിനും കുടുംബത്തിനുമൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഫാ. റയാന്‍. പരിചയസമ്പന്നനായ ഒരു സര്‍ഫറാണ് വൈദികന്‍.

കരയില്‍നിന്ന് 100 മീറ്റര്‍ അകലെ കടലില്‍ സര്‍ഫിങ് ചെയ്യുന്നതിനിടെയാണ് 28 വയസുകാരനായ ഫില്‍ മമ്മെര്‍ട്ടിനെ സ്രാവ് ആക്രമിക്കുന്നത്. അഞ്ച് മീറ്ററോളം വലിപ്പമുള്ള ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് ഇനത്തില്‍പെട്ട കൂറ്റന്‍ സ്രാവാണ് യുവാവിനെ ആക്രമിച്ചത്.

ഫില്ലിന്റെ പാദത്തില്‍ സ്രാവ് കടിച്ചുകുടയുകയും യുവാവിനെ കടലിന്റെ ആഴത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. സര്‍ഫിങ് ബോര്‍ഡില്‍ നിന്ന് ഒരു വലിയ കഷണം കടിച്ചെടുക്കുകയും ചെയ്തു. ഇതേസമയം, വൈദികനും ജസ് വൂള്‍ഹൗസും കടലില്‍ നീന്തുകയായിരുന്നു. ആക്രമണം കണ്ടയുടനെ ഫാ. റയാന്‍ ഫില്‍ മമ്മെര്‍ട്ടിന് അടുത്തേക്കു കുതിച്ചു.


ഫാ. ലിയാം റയാന്‍, സ്രാവ് കടിച്ചെടുത്ത സര്‍ഫിങ് ബോര്‍ഡിന്റെ ഒരു ഭാഗം (ഫയല്‍ ചിത്രം)

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ സര്‍ഫിങ് ബോര്‍ഡിന്റെ ഒരു ഭാഗം ഫില്‍ സ്രാവിന്റെ വായിലേക്കു തള്ളി ഇറക്കി. യുവാവിനെ സഹായിക്കാന്‍ താന്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയതായി വൈദികന്‍ പറഞ്ഞു. ഈ നിലവിളി കേട്ട് മറ്റൊരു സര്‍ഫറായ അലക്സ് ഒലിവര്‍ ഇരുവര്‍ക്കും അടുത്തേക്കു നീന്തി. ശരീരത്തില്‍നിന്ന് അമിതമായി രക്തം ഒഴുകുന്ന നിലയിലായിരുന്നു മമ്മെര്‍ട്ട്. പരിക്കേറ്റ യുവാവിനെ തന്റെ നീളമുള്ള സര്‍ഫിങ് ബോര്‍ഡിലേക്ക് വലിച്ചിട്ട് ഫാ. റയാനും ജസ് വൂള്‍ഹൗസും അലക്‌സും കരയിലേക്കു തുഴഞ്ഞു. ഇതിനിടെ സ്രാവ് ഇവരെ വട്ടമിട്ടു നീന്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി മറഞ്ഞു. ഫില്ലിന്റെ സര്‍ഫിങ് ബോര്‍ഡിന്റെ പകുതി വെള്ളത്തില്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു.

കടലില്‍ ആഴം കുറഞ്ഞ ഭാഗത്തേക്കു വന്നയുടന്‍ രക്തസ്രാവം മന്ദഗതിയിലാക്കാന്‍ തന്റെ കൈകള്‍ കൊണ്ട് യുവാവിന്റെ കാലിലെ മുറിവില്‍ മുറുകെ പിടിച്ചതായി വൈദികന്‍ പറഞ്ഞു. വൈദത്തിന്റെ ഇടപെടല്‍ കൊണ്ടാണ് തനിക്കിതു സാധ്യമായതെന്ന് ഫാ. റയാന്‍ കൂട്ടിച്ചേര്‍ത്തു. ഫില്ലിനെ രക്ഷിക്കാന്‍ സ്വന്തം ജീവനാണ് വൈദികന്‍ പണയപ്പെടുത്തിയത്.

കരയിലെത്തിയ ഉടനെ യുവാവിനെ ആശുപത്രിയിലേക്കു വിമാനത്തില്‍ കൊണ്ടുപോയി. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിച്ചു.


സ്രാവ് ആക്രമിച്ച ദിവസം ഫാ. ലിയാം റയാന്‍ ഉപയോഗിച്ച സര്‍ഫിങ് ബോര്‍ഡില്‍ 'ഹെയ്ല്‍ മേരി' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. സെമിനാരിയില്‍ പഠിക്കുമ്പോള്‍ സുഹൃത്തായ ജസ് വൂള്‍ഹൗസാണ് ഇത് സമ്മാനിച്ചത്. 'ഹെയ്ല്‍ മേരി' എന്ന് പേരിട്ടാണ് ജസ് ഇതു സമ്മാനിച്ചത്. നിരവധി സര്‍ഫിങ് ബോര്‍ഡുകള്‍ ഉണ്ടെങ്കിലും യുവാവിനെ രക്ഷിച്ച അന്ന് ഈ സര്‍ഫിങ് ബോര്‍ഡാണ് ഉപയോഗിച്ചതെന്ന് വൈദികന്‍ ഓര്‍മിക്കുന്നു (ഫയല്‍ ചിത്രം)

തന്നെ രക്ഷിച്ച വൈദികനും ഒപ്പമുള്ളവര്‍ക്കും മമ്മെര്‍ട്ട് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. അവരില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് ഫില്‍ മമ്മെര്‍ട്ട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തെ ദൈവിക ഇടപെടലായാണ് വൈദികന്‍ നോക്കികാണുന്നത്. യുവാവിന്റെ പ്രധാനപ്പെട്ട രക്തധമനിയില്‍ ഭാഗ്യത്തിനാണ് സ്രാവ് കടിക്കാതിരുന്നതെന്നും ഈ വൈദികന്‍ പറയുന്നു. വൈദികന്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. 2021 സര്‍ഫ് ലൈഫ് സേവിംഗ് ഡബ്ല്യുഎയുടെ വാര്‍ഷിക കോസ്റ്റല്‍ ബ്രേവറി അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു.


ഫില്‍ മമ്മെര്‍ട്ടിനെ കരയിലെത്തിച്ചപ്പോള്‍ (ഫയല്‍ ചിത്രം)

ക്രൈസ്തവത കെട്ടിപ്പടുത്തിരിക്കുന്നത്, ഒരാള്‍ നമുക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുക എന്ന തത്വത്തിലാണെന്ന് ഫാ. റയാന്‍ പറയുന്നു.

ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഭവം എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ അത്ഭുതമായിരുന്നു. സര്‍ഫ് ചെയ്യുന്ന ഒരു വൈദികനെ കണ്ട് പലരും ആശ്ചര്യപ്പെട്ടതും രസകരമായ അനുഭവമായിരുന്നു.

സമുദ്രത്തിലെ നിഗൂഢതയാണ് തന്നെ സര്‍ഫിംഗിലേക്ക് ആകര്‍ഷിച്ചത്. നിങ്ങളുടെ ഭയം മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇത്തരം ജീവികളെ അഭിമുഖീകരിക്കുകയാണെന്ന് താന്‍ വിശ്വസിക്കുന്നു. സമുദ്രം സമാധാനത്തിന്റെ സ്ഥലമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തു മക്കളില്‍ രണ്ടാമന്‍

തീക്ഷ്ണമായ വിശ്വാസമുള്ള കത്തോലിക്ക കുടുംബത്തില്‍ പത്ത് മക്കളില്‍ രണ്ടാമനായാണ് ഫാ. റയാന്‍ വളര്‍ന്നത്. സര്‍ഫിങ് ഇഷ്ടപ്പെട്ടിരുന്ന റയാന്‍ ദൈവീക വേലയ്ക്കായി തന്നെ സ്വയം സമര്‍പ്പിക്കുകയായിരുന്നു. സമുദ്രത്തിന്റെ അപകടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ട്.

പെര്‍ത്തിലെ റിഡംപ്റ്ററിസ് മേറ്റര്‍ മിഷനറി സെമിനാരിയിലാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.