പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി

പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി

കൊച്ചി: കൊച്ചിയില്‍ അഞ്ചു വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. സരിത തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാനാണ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'രെഹാന' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26 മത് ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവര്‍ണ്ണ ചകോരം ലഭിച്ച 'ക്ളാരാ സോള', പ്രേക്ഷക പ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച 'കൂഴങ്കല്‍', മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ 'കമീല കംസ് ഔട്ട് റ്റുനൈറ്റ്; ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ 'ആവാസവ്യൂഹം', 'നിഷിദ്ധോ', 'കുമ്മാട്ടി'യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഭാഗമായി ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും 'ചെമ്മീനി'ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്ര സംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്സിബിഷനുകളും ഒരുക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.