മെല്‍ബണ്‍: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തിന്റെ ഭാഗമായി ആരാധനക്രമത്തില്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ ഇടയലേഖനം. സിനഡ് തീരുമാനപ്രകാരമുള്ള കുര്‍ബാന അര്‍പ്പണ രീതി രൂപതയിലെ എല്ലാ ഇടവകകളിലും പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഇടയലേഖനം ഇറക്കിയിരിക്കുന്നത്.
ആരാധനക്രമ ഐക്യം നിലനിര്‍ത്താന്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെയും സിനഡിന്റെയും നിര്‍ദേശം അനുസരിച്ചാണ് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ തീരുമാനിച്ചത്.
വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. ഇടവകയില്‍/മിഷനില്‍ ലിറ്റര്‍ജി കമ്മിറ്റി കൂടുതല്‍ സജീവമാകണം. വികാരി/സഹവികാരി, കപ്യാര്‍, ഗായകസംഘ പ്രതിനിധി, വായനക്കാരുടെ പ്രതിനിധി, അള്‍ത്താര ശുശ്രൂഷികളുടെ പ്രതിനിധി, കുര്‍ബാനയുടെ അസാധാരണ ശുശ്രൂഷികളുടെ പ്രതിനിധി എന്നിവര്‍ ഈ കമ്മിറ്റിയില്‍ ഉണ്ടായിരിക്കണം.
2. ആരാധനക്രമത്തില്‍ സജീവമായി പങ്കുചേരാന്‍ ഗീതങ്ങളിലുടെയും പ്രാര്‍ത്ഥനകളിലുടെയും വിശ്വാസസമൂഹത്തെ സഹായിക്കുക എന്ന ചുമതലയാണ് ഗായകസംഘത്തിനുള്ളത്. ആരാധനക്രമത്തിന് ഔദ്യോഗികമായി അംഗീകരിച്ച ഗീതങ്ങളായിരിക്കണം ആലപിക്കേണ്ടത്. ശബ്ദത്തിന്റെ അതിപ്രസരം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഗീതങ്ങള്‍ക്ക് മുന്‍പും പിന്‍പും ഇടയ്ക്കുമുള്ള ബീറ്റ്സ് കുറയ്ക്കണം. തിരുക്കര്‍മ്മങ്ങള്‍ക്കിടയ്ക്ക് ആവശ്യത്തിലധികം സമയം ഗീതങ്ങള്‍ ആലപിക്കരുത്്. അനാഫൊറയുടെ സമയത്ത് 'ഓശാന', 'അതിപൂജിതമാം' എന്നീ ഗീതങ്ങള്‍ക്കൊഴികെ വാദ്യോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.
3. തിരുക്കര്‍മ്മങ്ങള്‍ക്കായി മദ്ബഹയില്‍ പ്രവേശിക്കുന്നവര്‍ ആരാധനക്രമവസ്ത്രം ധരിച്ചിരിക്കണം.
4. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ കാര്‍മ്മികനും ശുശ്രൂഷികളും ഒരുമിച്ച് ബലിപീഠത്തെ വണങ്ങുന്നു (ബേമ്മയുടെ മുന്‍പിലല്ല). അതിനുശേഷം ശുശ്രൂഷികള്‍ കുരിശും തിരിയും മറ്റു വസ്തുക്കളും നിശ്ചിത സ്ഥലങ്ങളില്‍ വയ്ക്കുന്നു.
5. വിശുദ്ധ കുര്‍ബാനയുടെ ആരംഭം മുതല്‍ വായനകള്‍ വരെയും, സുവിശേഷവായന സമയത്തും, കാറോസൂസ മുതല്‍ 'ദൈവമേ എന്നോടു കരുണതോന്നണമേ' എന്ന അനുതാപശുശ്രൂഷ വരെയും വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു മുന്‍പുള്ള കര്‍ത്തൃ പ്രാര്‍ത്ഥനയുടെ ആമുഖം മുതല്‍ കുര്‍ബാനയുടെ സമാപനം വരെയും എല്ലാവരും എഴുന്നേറ്റു നില്‍ക്കുന്നു. പഴയനിയമ വായന, ലേഖന വായന, സുവിശേഷപ്രസംഗം എന്നീ സമയങ്ങളില്‍ ഇരിക്കുന്നു. 'ദൈവമേ എന്നോടു കരുണ തോന്നണമേ'''' മുതല്‍ വിശുദ്ധ കര്‍ബാന സ്വീകരണത്തിനു മുന്‍പുള്ള കര്‍ത്തൃപ്രാര്‍ത്ഥനയുടെ ആമുഖം വരെ മുട്ടുകുത്തുന്നു.
6. ബലിപീഠത്തെ ധൂപിക്കുന്നത് വലതുഭാഗത്തു നിന്നാണ് ആരംഭിക്കേണ്ടത്.
7. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും രൂപതാ മെത്രാന്റെയും പേരുകള്‍ കാറോസൂസയില്‍ കൊടുത്ത രീതിയില്‍ പറയാന്‍ ശ്രദ്ധിക്കണം. അവരുടെ വീട്ടുപേര് ആരാധനക്രമത്തില്‍ ഉപയോഗിക്കുന്ന പതിവില്ല.
8. ബലിപീഠത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ആവശ്യമായ തിരുവസ്ത്രക്കള്‍ (കാസ, പീലാസ, കുസ്‌തോതി, കുരിശ്, സുവിശേഷ പുസ്തകം, തക്‌സ) മാത്രമേ വയ്ക്കാവു. മറ്റു വസ്തുക്കള്‍ (തിരിക്കാലുകള്‍, പൂപ്പാത്രങ്ങള്‍) വയ്ക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഒരുക്കണം.
കുര്‍ബാനയ്ക്കു മുന്‍പ് കാസ, പീലാസ, അപ്പം, വീഞ്ഞ്, വെള്ളം എന്നിവ വയ്ക്കുന്നത് ഉപപീഠങ്ങളില്‍ (ബേസ്ഗസ) ആണ്. അവിടെനിന്നാണ് കാര്‍മ്മികന്‍ അപ്പവും വീഞ്ഞും ദിവ്യരഹസ്യഗീതസമയത്ത് ആഘോഷമായി അള്‍ത്താരയിലേക്ക് കൊണ്ടുവരേണ്ടത്.
9. വിശുദ്ധ കുര്‍ബാനയില്‍ സമൂഹത്തിന് വേണ്ടത്ര അപ്പവും വീഞ്ഞും ഒരുക്കശുശ്രൂഷയുടെ സമയത്തുതന്നെ തിരുപ്പാത്രങ്ങളില്‍ ഭാഗിച്ചു വയ്ക്കണം. കൂദാശചെയ്യപ്പെട്ട ശേഷം അത് വിവിധ പാത്രങ്ങളിലേക്കു പകരുന്നത് ഒഴിവാക്കണം.
10. വിശുദ്ധ കുര്‍ബാന സമൂഹത്തിന് നല്‍കുന്നതിനു മുന്‍പാണ് ശുശ്രൂഷികള്‍ക്ക് നല്‍കേണ്ടത്.
11. വിശുദ്ധ കുര്‍ബാന സ്വീകരണശേഷം സമാപനാശീര്‍വാദത്തിനു മുന്‍പ് അറിയിപ്പുകളോ മറ്റു പരിപാടികളോ നടത്തുന്നത് പൗരസ്ത്യ ആരാധനക്രമ ചൈതന്യത്തിന് ഒട്ടും നിരക്കുന്നതല്ല. അറിയിപ്പുകള്‍ സമാപനശീര്‍വാദത്തിനു ശേഷമാണ് നടത്തേണ്ടത്.
12. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനത്തില്‍ പ്രതിപാദിച്ചതുപോലെ 'ആരാധനക്രമത്തിന്റെ അടിസ്ഥാന രൂപങ്ങളില്‍ ഐകരുപ്യമില്ലാതെ (സഭയില്‍) ഐക്യം സാധ്യമല്ല. വിശുദ്ധ കുര്‍ബാനയിലെ ഐകരൂപ്യം ഇതാണ്: കാര്‍മ്മികന്‍ ആമുഖ ശുശ്രുഷയും വചന ശുശ്രൂഷയും ഉള്‍പ്പടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദിയില്‍വച്ച് (ബേമ്മ) ജനാഭിമുഖമായും അനാഫൊറ ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു ശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിര്‍വഹിക്കുക.'' (സിനഡാനന്തര ഇടയലേഖനം. 2021 ആഗസ്റ്റ് 27)
1999 നവംബറില്‍ സിനഡ് ഏകകണ്ഠമായി തീരുമാനിച്ച കാര്യങ്ങള്‍ ഡിസംബര്‍ 15-ന് മെത്രാന്മാര്‍ എല്ലാവരും ഒപ്പുവച്ച് ഇറക്കിയ സംയുക്ത ഇടയലേഖനത്തില്‍ കര്‍ബാനയര്‍പ്പണ രീതിയെപ്പറ്റിയുള്ള നിര്‍ദേശങ്ങള്‍ ഒരിക്കല്‍ക്കൂടി ശ്രദ്ധയില്‍പ്പെടുത്തുന്നു:
1. വി. കുര്‍ബാന വചനവേദിയിലാരംഭിക്കുന്നു.
2. 'സകലത്തിന്റെയും നാഥാ'' എന്ന പ്രാര്‍ത്ഥനയുടെ ആരംഭത്തില്‍, മദ്ബഹവിരി തുറക്കുന്ന പതിവുള്ള പള്ളികളില്‍ കാര്‍മ്മികന് അള്‍ത്താരയിലേക്കു തിരിഞ്ഞ് ഒരു പ്രാവശ്യം ആചാരം ചെയ്യാവുന്നതാണ്. ആചാരം ചെയ്തശേഷം വചനവേദിയിലേക്ക് തിരിയുന്നു.
3. ഹല്ലേലുയ്യ ഗീതം പാടുന്ന സമയത്ത് കാര്‍മ്മികന്‍ പ്രധാന അള്‍ത്താരയില്‍നിന്ന് സുവിശേഷം വചനവേദിയിലേക്ക് കൊണ്ടുവരുന്നു.
4. കാറോസൂസയുടെ സമയത്ത് അപ്പവും വീഞ്ഞും ഒരുക്കാവുന്നതാണ്. ഒരുക്കിയശേഷം വചനവേദിയില്‍ വന്ന് പ്രാര്‍ത്ഥന തുടരുന്നു.
5. 'കര്‍ത്താവില്‍ ഞാന്‍ ദൃഢമായി ശരണപ്പെട്ടു' എന്ന ഗീതം/ പ്രാര്‍ത്ഥന ആരംഭിക്കുമ്പോള്‍ സഹകാര്‍മ്മികരുണ്ടെങ്കില്‍ അവര്‍ അഥവാ ഡീക്കന്‍ അപ്പവും വീഞ്ഞും അള്‍ത്താരയില്‍ (ബേസ്ഗസയില്‍നിന്ന്) കൊണ്ടുവന്ന്, അള്‍ത്താരാഭിമുഖമായി നില്‍ക്കുന്നു. 'പിതാവിനും പുത്രനും' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ആരംഭിക്കുമ്പോള്‍ പുരോഹിതര്‍ വചനവേദിയിലേക്കു തിരിയുന്നു. സഹകാര്‍മ്മികരില്ലെങ്കില്‍ കാര്‍മ്മികന്‍ അപ്പവും വീഞ്ഞും അള്‍ത്താരയില്‍ സമര്‍പ്പിച്ചശേഷം
തിരിച്ച് വചനവേദിയിലേക്കു വരുന്നു.
6. 'സകലത്തിന്റെയും നാഥനായ ദൈവം...' എന്നു ചൊല്ലി ശുശ്രുഷിയെ ആശീര്‍വദിച്ചശേഷം
'പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലി മൂന്നു പ്രാവശ്യം കുമ്പിട്ടാചാരം ചെയ്ത്, കാര്‍മ്മികന്‍ പ്രധാന ബലിപീഠത്തെ സമീപിച്ച് അള്‍ത്താരയില്‍ മൂന്നു പ്രാവശ്യം ചുംബിച്ച് അള്‍ത്താരാഭിമുഖമായി (ജനാഭിമുഖമല്ല) ബലി തുടരുന്നു.
7. ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞ് കാസയും പീലാസയും ഒരുക്കിവച്ചശേഷം വചനവേദിയില്‍വന്ന് ജനാഭിമുഖമായിനിന്ന് വിശുദ്ധ കുര്‍ബാനയുടെ ബാക്കിഭാഗം തുടരുന്നു.
ഏകീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. 'അന്നാപെസഹാതിരുനാളില്‍' എന്ന പ്രാരംഭഗീതം രണ്ടു പാദങ്ങള്‍ മാത്രം. ആവര്‍ത്തിക്കേണ്ട (തക്‌സ പുറം 1).
2. 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' ആദ്യഭാഗം മാത്രം.
3. കാലത്തിന്റെ പ്രത്യേക പ്രാര്‍ത്ഥനകളും ഗീതങ്ങളും വെള്ളിയാഴ്ചയും ഞായറാഴ്ുയും ഉപയോഗിക്കേണ്ടതാണ്.
4. 'സര്‍വ്വാധിപനാം', 'ശബ്ദമുയര്‍ത്തി' ഗീതങ്ങള്‍ ഒരു പ്രാവശ്യം. റാസയില്‍ പൂര്‍ണ്ണമായി.
5. ഞായറാഴ്ച മൂന്നു വായനകള്‍ (തക്‌സ XVII, N0. 7).
6. സുവിശേഷ വായനയ്ക്കു മുന്‍പ് ഹല്ലേലൂയ്യ ഗീതമാണ് പാടേണ്ടത്.
7. ഞായറാഴ്ചയിലും തിരുനാള്‍ ദിവസങ്ങളിലും ലേഖനവായനയ്ക്ക് ഒരു തിരിയും സുവിശേഷവായനയ്ക്ക് രണ്ടു തിരിയും വേണം.
8. കാറോസൂസ കഴിഞ്ഞുള്ള ബ്രായ്ക്കറ്റില്‍ കിടക്കുന്ന പ്രാര്‍ത്ഥനകള്‍ (പുറം 38) ഒഴിവാക്കുക.
9. വിശ്വാസപ്രമാണം എല്ലാ കുര്‍ബാനയിലും ചൊല്ലുക.
10. മുന്ന് അനാഫൊറകള്‍ (പുറം 51) സാധിക്കുന്നത്ര നിര്‍ദ്ദേശിച്ചതനുസരിച്ച് ഉപയോഗിക്കുക (തകഢ, ചീ. 24).
11. 'കര്‍ത്താവേ, ആശീര്‍വദിക്കണമേ' ഒരു പ്രാവശ്യം ചൊല്ലിയാല്‍ മതി.
12. മധ്യസ്ഥപ്രാര്‍ത്ഥന (പുറം 62) പ്രത്യുത്തരമുള്ളത് ചൊല്ലുക.
13. നാലാം പ്രണാമജപം (പുറം 64) ബ്രാക്കറ്റില്‍ ഉള്ളത് ഒഴിവാക്കുക.
14. കുര്‍ബാന സ്വീകരണം കഴിഞ്ഞുള്ള 'സ്വര്‍ഗസ്ഥനായ പിതാവേ' ഒഴിവാക്കുക.
15. 'വിശുദ്ധീകരണത്തിന്റെ ബലിപീഠമേ' (പുറം 102) കാര്‍മ്മികന്‍ താഴ്ന്ന സ്വരത്തില്‍ ചൊല്ലേണ്ടതായതുകൊണ്ട് സമൂഹം ചൊല്ലുന്നില്ല.
16. സ്ഥാപന വിവരണം, റൂഹാക്ഷണം, തിരുവോസ്‌കി ഉയര്‍ത്തല്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മാത്രം മണിയടിക്കുക.
17. 2022 ആരാധനക്രമ വത്സരത്തില്‍ കലണ്ടറില്‍ കൊടുത്തിരിക്കുന്ന വായനകളാണ് വായിക്കേണ്ടത്. അതിനായി ചുമതലപ്പെട്ടവര്‍ നേരത്തെ എത്തി, തക്ക ഒരുക്കത്തോടുകൂടി സ്ഫുടമായും എല്ലാവരും കേള്‍ക്കത്തക്ക രീതിയിലും വായിക്കണം. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ വിശുദ്ധഗ്രന്ഥ വായന നടത്തുമ്പോള്‍ അധ്യായവും വാക്യവും പറയരുത്.
18. കാര്‍മ്മികന്‍ സമൂഹത്തെ കുരിശടയാളത്തില്‍ ആശീര്‍വദിക്കുമ്പോള്‍ സമൂഹം തങ്ങളുടെമേല്‍ കുരിശടയാളം വരയ്ക്കുന്നു (പൊതുനിര്‍ദ്ദേശം 22).
19. സമൂഹബലിയില്‍ സഹകാര്‍മ്മികര്‍ മാറി മാറി ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ ക്രമം: കാര്‍മ്മികന്റെ വലതുഭാഗത്തുള്ളയാള്‍ ആദ്യത്തേതും, ഇടതുഭാഗത്തുള്ളയാള്‍ രണ്ടാമത്തേതും എന്ന ക്രമത്തില്‍ തുടരുന്നു.
20. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും രൂപതാധ്യക്ഷന്റെയും ഇടയലേഖനങ്ങള്‍ പള്ളിയില്‍ വായിക്കണം.
21. കയ്യില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഇടതുകൈ മുകളിലും വലതുകൈ താഴെയുമായി നീട്ടിപ്പിടിച്ച് ഇടതുകൈയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ച് വലതുകൈകൊണ്ട് ഉള്‍ക്കൊള്ളുന്നു. വിശുദ്ധ കുര്‍ബാന സ്വീകരണശേഷം ആചാരം ചെയ്യുന്നില്ല.
22. ഏറ്റവും ആഘോഷമായ അവസരങ്ങളില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിനു മുന്‍പ് കാഴ്ചസമര്‍പ്പണം നടത്താവുന്നതാണ്. കാസ, പീലാസ, കുസ്‌തോതി മുതലായ തിരുപ്പാത്രങ്ങള്‍
കാഴ്ചവസ്തക്കളോടൊപ്പം കൊണ്ടുവരരുത്.
മുകളിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വൈദികര്‍ ഉള്‍പ്പെടെ എല്ലാവരും കൃത്യമായി പാലിക്കണമെന്ന ആഹ്വാനത്തോടെയാണ് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഇടയലേഖനം അവസാനിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26