മെല്‍ബൺ ഹെലികോപ്റ്റർ ദുരന്തം: മരിച്ച അഞ്ചു പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ചു

മെല്‍ബൺ ഹെലികോപ്റ്റർ ദുരന്തം: മരിച്ച അഞ്ചു പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്ത് ഇന്നലെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മെല്‍ബണിനു സമീപം മൗണ്ട് ഡിസപ്പോയിന്റ്മെന്റിലാണ് ഇന്നലെ രാവിലെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റ് ഉള്‍പ്പെടെ യാത്രക്കാരായ അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തമാണിത്.

മെല്‍ബണ്‍ സിബിഡിയില്‍നിന്ന് പറന്നുയര്‍ന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ മൗണ്ട് ഡിസപ്പോയന്റ്മെന്റിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് അപ്രത്യക്ഷമായത്. വടക്കന്‍ വിക്ടോറിയയിലെ ഉലുപ്ന ദീപ് ലക്ഷ്യമിട്ടായിരുന്നു യാത്ര. രാവിലെ എട്ടു മണിക്ക് ശേഷം ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ ഒന്‍പതു മണിക്കുണ്ടായ ദുരന്തം ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തറിഞ്ഞത്.


ഹെലികോപ്റ്റര്‍ ദുരന്തമുണ്ടായ സ്ഥലം

മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മേഖലയിലാണ് അപകടമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസ് ഹെലികോപ്റ്ററിന് സംഭവസ്ഥലത്ത് നിലത്തിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കയറില്‍ തൂങ്ങി ഇറങ്ങിയും കാല്‍നടയായുമാണ് രക്ഷാപ്രവര്‍ത്തകര്‍ ഉച്ചയോടെ സംഭവസ്ഥലത്ത് എത്തിയത്.

നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. സംഭവ സ്ഥലത്തു വച്ചുതന്നെ എല്ലാവരും മരണത്തിനു കീഴടങ്ങുകയായിരുന്നു. അപകടകാരണം ഇപ്പോഴും അറിവായിട്ടില്ലെന്ന് അന്വേഷണം നടത്തുന്ന ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ ചീഫ് കമ്മീഷണര്‍ ആംഗസ് മിച്ചല്‍ പറഞ്ഞു.

പൈലറ്റായ മുപ്പത്തിരണ്ടുകാരന്‍ ഡീന്‍ നീല്‍, മാംസ വ്യവസായ രംഗത്തെ പ്രമുഖ വ്യാപാരിയായ പോള്‍ ട്രോജ (73) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വാരഗുല്‍ പട്ടണത്തിലെ റാഡ്ഫോര്‍ഡ് മീറ്റ്സിന്റെ ചെയര്‍മാനാണ് പോള്‍ ട്രോജ.

ഉലുപ്നയിലേക്കു പറന്ന, സ്വകാര്യ കമ്പനിയുടെ രണ്ട് ഹെലികോപ്റ്ററുകളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. രണ്ടാമത്തെ ഹെലികോപ്റ്റര്‍ മെല്‍ബണിലെ മൂറബിന്‍ എയര്‍പോര്‍ട്ടില്‍ അപകടമില്ലാതെ ലാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.