പൊടിമറ്റം: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. ആഴത്തിലുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം മാതാക്കളുടെ നന്മജീവിതവും പ്രാര്‍ത്ഥനാരൂപിയും ഉള്‍ക്കാഴ്ചകളുമാണ്. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പുലരുമ്പോള്‍ സമൂഹത്തിലൊന്നാകെയും ലോകമെമ്പാടും മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും. സമൂഹത്തിന്റെ സമഗ്രമാറ്റങ്ങളുടെ തുടക്കം കുടുംബങ്ങളില്‍ നിന്നായതുകൊണ്ടുതന്നെ മാതാക്കളുടെ കടമയും ഉത്തരവാദിത്വവും വളരെയേറെയാണ്. ജൂബിലിയോടനുബന്ധിച്ച് മാതൃവേദി നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ സേവന ജീവകാരുണ്യ പദ്ധതികള്‍ വലിയ മാതൃകയും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇടവകസമൂഹത്തിലെ 94 വയസ്സുള്ള ഏലിക്കുട്ടി കളത്തിപ്പറമ്പില്‍ മാതൃസംഗമ ദീപം തെളിച്ചു. മാതൃവേദി പ്രസിഡന്റ് ആലീസ് കരിപ്പാപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം മുഖ്യപ്രഭാഷണം നടത്തി. എല്‍സമ്മ ജോയി, ഷാലമ്മ ജെയിംസ്, സി. മരിയ ജെയിംസ്, പ്രൊഫ. ഷീല കുഞ്ചെറിയ, മറിയമ്മ സ്‌കറിയ എന്നിവര്‍ സംസാരിച്ചു.
ഇടവക സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ഭവനസഹായപദ്ധതി, വിദ്യാഭ്യാസ സഹായനിധി എന്നിവയ്ക്കായി മാതൃവേദി സമാഹരിച്ച 2.25 ലക്ഷം രൂപ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം ഏറ്റുവാങ്ങി. മാതൃവേദി വര്‍ഷങ്ങളായി നടപ്പിലാക്കിയ വിവാഹ സഹായപദ്ധതിക്ക് നേതൃത്വം നല്‍കിയ എമിലി ഡോമിനിക്ക് കിഴക്കേമുറിയേയും ഇടവകയിലെ 80 വയസ്സ് പിന്നിട്ട സന്യാസിനിമാരേയും, മാതാക്കളേയും മാതൃസംഗമത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഫൊറോന തലത്തില്‍ നടന്ന അടുക്കളത്തോട്ട മത്സരത്തില്‍ വിജയികളായ ഷൈന്‍ ടോംസ് പുലിക്കുന്നേല്‍, ആനിയമ്മ പറേക്കാട്ടില്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കപ്പെട്ടു. സഹവികാരി ഫാ. മാത്യു കുരിശുമ്മൂട്ടില്‍, തെയ്യാമ്മ തോക്കനാട്ട്, ഡെയ്‌സി ജോര്‍ജ്ജുകുട്ടി, ലീലാമ്മ കളത്തിപ്പറമ്പില്‍, മോളി ജോസഫ് പ്ലാപ്പള്ളി, സുമ കുന്നത്തുപുരയിടം എന്നിവര്‍ ജൂബിലി മാതൃസംഗമത്തിന് നേതൃത്വം നല്‍കി.
പൊടിമറ്റം സെന്റ് മേരീസ് പള്ളി ഇടവകപ്രഖ്യാപന സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു നടന്ന മാതൃസംഗമം കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ. മാത്യു കുരിശുമ്മൂട്ടില്‍, സി. മരിയ ജയിംസ്, ഏലിക്കുട്ടി കളത്തിപ്പറമ്പില്‍, ഷാലമ്മ ജെയിംസ്, തെയ്യാമ്മ തോക്കനാട്ട്, മറിയമ്മ സ്‌കറിയ, ആലീസ് കരിപ്പാപ്പറമ്പില്‍, പ്രൊഫ. ഷീല കുഞ്ചെറിയ, എല്‍സമ്മ ജോയി എന്നിവര്‍ സമീപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.