ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിലേറി ഒരു വര്‍ഷം തികയും മുന്‍പേ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന എം.കെ സ്റ്റാലിന്റെ ജനപ്രീയത പതിന്‍മടങ്ങ് വര്‍ധിച്ചു. 'അണ്ണാവുടെ പുള്ളൈ' എന്ന വിശേഷണത്തില്‍ നിന്നും തമിഴ് ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയായി ഉയര്‍ന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ നേതൃപാടവവും ശക്തമായ നിലപാടുകളുമാണ്.
ഇപ്പോഴിതാ ദേശീയ രാഷ്ട്രീയത്തില്‍ വേരുകള്‍ ശക്തമാക്കാനും അഖിലേന്ത്യാ തലത്തില്‍ ബിജെപിയ്ക്ക് എതിരെ മുന്നണി രൂപീകരിക്കാനുമുള്ള നീക്കവുമായി രാജ്യ തലസ്ഥാനത്ത് ഡിഎംകെയുടെ ഓഫീസ് തുറക്കുകയാണ്. ഡല്‍ഹിയിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍വ്വഹിക്കും.
ദേശീയ രാഷ്ട്രീയത്തില്‍ അവിഭാജ്യ ഘടകമാണ് ഡിഎംകെ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ ഓഫീസ് തുറക്കുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കയച്ച കത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും കാവി പുതപ്പിച്ച് ബിജെപി കരുത്തു തെളിയിച്ചിരുന്നു. ദേശീയ തലത്തില്‍ ബിജെപിയ്ക്ക് ബദല്‍ ഉണ്ടാക്കുകയെന്നതാണ് ഡല്‍ഹിയില്‍ ഓഫീസ് തുറക്കുന്നതിലൂടെ സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്.
ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ജാതി വേര്‍തിരിവുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചും എം.കെ സ്റ്റാലിന്‍ തമിഴ് ജനങ്ങളുടെ ഹൃദയങ്ങളില്‍ വളരെ വേഗം ഇടം നേടിയെന്ന് മാത്രമല്ല രാജ്യശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശക്തനായ നേതാവെന്ന് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ സ്റ്റാലിന്‍ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്റ്റാലിന്റെ നീക്കങ്ങള്‍ക്ക് ദേശീയ തലത്തില്‍ പ്രാധാന്യമുണ്ട്.
ഡല്‍ഹിയിലെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി എന്നിവരും പങ്കെടുക്കുമെന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുള്ളത്. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും സോണിയാ ഗാന്ധിയുമായും തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയുമായും സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന തന്റെ ആത്മകഥാ പ്രകാശനത്തിലൂം ബിജെപിക്കെതിരെ പ്രതിപക്ഷ നിരയെ അണിനിരത്താന്‍ സ്റ്റാലിന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്മകഥയായ 'ഉങ്കളില്‍ ഒരുവന്റെ' പ്രകാശന ചടങ്ങ് ബിജെപിക്കെതിരെ ദേശീയ തലത്തില്‍ രൂപപ്പെടുന്ന പ്രതിപക്ഷത്തിന്റെ സംഗമവേദി കൂടിയായിരുന്നു. പുസ്തകത്തിന്റെ ആദ്യഭാഗം രാഹുല്‍ ഗാന്ധിയായിരുന്നു പ്രകാശനം ചെയ്തത്.
തമിഴ്നാടിനുമേല്‍ ആര്‍ക്കും ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ലെന്നും സംസ്ഥാനത്തിന്റെ പാരമ്പര്യവും ചരിത്രവും പ്രധാനമന്ത്രി മോഡിക്ക് മനസിലായിട്ടില്ലെന്നും ചടങ്ങില്‍ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല, ആര്‍ജെഡി നേതാവ് തേജ്വസി യാദവ് എന്നിവരായിരുന്നു ചടങ്ങില്‍ പങ്കെടുത്ത മറ്റ് പ്രധാന നേതാക്കള്‍.
രാജ്യ തലസ്ഥാനത്ത് ദക്ഷിണേന്ത്യയുടെ ചരിത്രം ഉയര്‍ത്തിപ്പിടിക്കുന്ന ചടങ്ങായിരിക്കും ഡിഎംകെയുടെ ഓഫീസ് ഉദ്ഘാടനമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ ഭരണമാതൃക രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ തുടക്കം കൂടിയാകും ചടങ്ങ്. സാമൂഹിക നീതിയെന്ന ആശയത്തെ അടിസ്ഥാനമാക്കി രൂപീകരിക്കുന്ന ദേശീയ ഫെഡറേഷനില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിച്ച് രാജ്യത്തെ 37 കക്ഷി നേതാക്കള്‍ക്ക് സ്റ്റാലിന്‍ കത്തയക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.