കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനിടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിന് പിന്നാലെയാണ് പ്രസിഡന്റ് ഗോതബായ രജപക്‌സെ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ തടയിടുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിലൂടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.
കൂടാതെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനും അധികാരമുണ്ടാകും. നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്താനോ റദ്ദാക്കാനോ കഴിയും. ഞായറാഴ്ച കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗോതബയ രാജപക്സയുടെ ഉത്തരവില്‍ പറയുന്നത്.
അതേസമയം പ്രസിഡന്റ് ഗോതബയ രാജപക്സയുടെ രാജിയാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു സമീപം ഇന്നലെ ജനം സംഘടിച്ചു. പ്രതിഷേധക്കാരെ അര്‍ധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകര്‍ക്കും അഞ്ചു സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റു. അയ്യായിരത്തിലധികം പേര്‍ അണിനിരന്ന പ്രതിഷേധം സര്‍ക്കാരിനെ ഞെട്ടിച്ചു.
എന്നാല്‍ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ വീടിന് സമീപം പ്രതിഷേധം നടത്തിയതില്‍ അപലപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്തെത്തി. അക്രമാസക്ത പ്രതിഷേധം തീവ്രവാദമാണെന്നാരോപിച്ച സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളാണ് ഇതിനു പിന്നിലെന്നും കുറ്റപ്പെടുത്തി.
ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളായ സമാഗി ജന ബലവേഗയ, ജനത വിമുക്തി പെരമുന എന്നീ പാര്‍ട്ടികള്‍ക്കാണ് അക്രമാസക്ത പ്രതിഷേധത്തിന്റെ ഉത്തരവാദിത്തമെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുംഗ കുറ്റപ്പെടുത്തി. രാജ്യം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്കു കാരണം പ്രസിഡന്റിന്റെ കെടുകാര്യസ്ഥതയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രതിഷേധം അക്രമാസക്തമായതോടെ നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. രണ്ട് പൊലീസ് ജീപ്പും രണ്ട് ബൈക്കും സമരക്കാര്‍ തീവച്ച് നശിപ്പിച്ചു. പ്രസിഡന്റിന്റെ വീടിന് സുരക്ഷ കൂട്ടാന്‍ കര, നാവിക സേനാംഗങ്ങളെ വിന്യസിച്ചു. രാജ്യത്ത് ഡീസല്‍ വിതരണം നിലച്ചതിന് പിന്നാലെയാണ് ജനം തെരുവിലിറങ്ങിയത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന് 53ലേറെ ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു.
13 മണിക്കൂര്‍ പവര്‍കട്ട് 2 കോടിയിലേറെ ജനങ്ങളെ ഇരുട്ടിലാഴ്ത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. രാജ്യത്തെ പാചക വാതക വില ഉടന്‍ കൂടുമെന്നാണ് വിവരം. അതേസമയം മൊരാതുവായില്‍ മേയര്‍ സോമന്‍ ലാല്‍ ഫെര്‍നാന്‍ഡോയുടെ വസതിയ്ക്ക് നേരെ ഇന്നലെ കല്ലേറ് നടന്നു.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ കൂടുതലായും വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.