സീറോ മലബാര്‍ കുര്‍ബാന ഏകീകരണം: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാര്‍പാപ്പയുടെ കത്ത്

സീറോ മലബാര്‍ കുര്‍ബാന  ഏകീകരണം: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാര്‍പാപ്പയുടെ കത്ത്

''വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്.  കര്‍ത്താവിന്റെ സ്വരം ശ്രവിക്കാനും മാര്‍പാപ്പയുടെ ഉപദേശത്തിലും അഭ്യര്‍ത്ഥനയിലും വിശ്വാസമര്‍പ്പിക്കാനും തയ്യാറുള്ള പുരോഹിതരുടെയും അത്മായ വിശ്വാസികളുടെയും മാതൃക  നിങ്ങളില്‍ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് സീറോമലബാര്‍ സഭയുടെ നൂറ്റാണ്ടുകളിലൂടെ പ്രകടമായിട്ടുള്ള വൃതിരിക്ത സ്വഭാവസ വിശേഷതയാണ്''.

''വിത്ത് ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവര്‍ കറ്റ ചുമന്നുകൊണ്ട് ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും'' - സങ്കീര്‍ത്തനങ്ങള്‍ (126: 6).

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമ എകീകരണം സംബന്ധിച്ച സിനഡിന്റെ തീരുമാനം നടപ്പിലാക്കാന്‍ ഉദ്‌ബോധിപ്പിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പായുടെ കത്ത്. വരുന്ന ഈസ്റ്ററിന് മുമ്പായി ഏകീകൃത കുര്‍ബാനക്രമം നടപ്പില്‍ വരുത്താന്‍ പാപ്പാ കത്തിലൂടെ ആഹ്വാനം ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ്പ്, മെത്രാപ്പൊലീത്തന്‍ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, അത്മായര്‍ എന്നിവരെ അഭിസംബോധന ചെയ്താണ് കത്ത്.

കത്തിന്റെ പൂര്‍ണ രൂപം:

മേജര്‍ ആര്‍ച്ചുബിഷപ്പ്, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, അത്മായ വിശ്വാസികള്‍ എന്നിവര്‍ക്ക്,

മാനവരാശിയുടെ രക്ഷക്കായി താഴ്ത്തപ്പെടലിലേക്കും പീഡാസഹനത്തിലേക്കും നടന്നുനീങ്ങുന്ന, പിതാവിന്റെ ഇച്ഛ പൂര്‍ത്തീകരിക്കാന്‍ കയ്പു നിറഞ്ഞ പാനപാത്രത്തില്‍ നിന്നു പാനം ചെയ്യാന്‍ സന്നദ്ധനാകുന്ന കര്‍ത്താവിനെ കൂടുതല്‍ ആധികാരികതയോടും ഉത്തരവാദിത്വത്തോടും കൂടി അനുഗമിക്കാന്‍ ഈസ്റ്റര്‍ ഒരുക്കത്തിന്റെ ഈ വിശുദ്ധകാലം നമ്മെ ക്ഷണിക്കുകയാണ്.

മാനവരാശിക്ക് ഉടമ്പടിയുടെ പൂര്‍ണതയിലേക്ക് പ്രവേശിക്കാനും മുന്നേറാനും വേണ്ടി നേട്ടത്തിന്റെ, വിജയത്തിന്റെ, മിശിഹാ മഹത്വത്തിന്റെ മാനുഷിക അവകാശവാദങ്ങളില്‍ നിന്നു ക്രിസ്തു പിന്‍വാങ്ങുന്നു. വിനയവും എളിമയും നിറഞ്ഞ സ്‌നേഹത്താല്‍ അവിടന്ന് വിജയം വരിക്കുന്നു. കുരിശില്‍ സര്‍വ്വം ഉരിഞ്ഞെടുക്കപ്പെട്ടുവെങ്കിലും പിതാവുമായുള്ള അവിടുത്തെ ബന്ധമെന്ന ഏറ്റവും സുപ്രധാനമായ ഒന്ന് ആര്‍ക്കും കവര്‍ന്നെടുക്കാനാകില്ല.

പിതാവിന്റെ ആ പ്രതികരണമാണ് പാപത്തിന്മേലും മരണത്തിന്മേലുമുള്ള ഈശോയുടെ വിജയമുണ്ടാകുന്ന ഈസ്റ്റര്‍ പുലരി. വൈവിധ്യമാര്‍ന്ന ആരാധനക്രമ പാരമ്പര്യങ്ങള്‍ ആലപിക്കുന്ന 'ഹല്ലേലുയ്യ', ക്രിസ്തുവിനോടൊപ്പം ഉയിര്‍പ്പിക്കപ്പെട്ട മാനവരാശി പരിശുദ്ധ ത്രീത്വത്തിന് ഉയര്‍ത്തുന്ന കൂട്ടായ്മയുടെയും സ്തുതിയുടെയും കീര്‍ത്തനമാണ്; അത് ആര്‍ക്കെങ്കിലും എന്തിനെങ്കിലും എതിരേയുള്ളതല്ല.

ഒരു സഭയെന്ന നിലയില്‍, നാമെല്ലാവരും മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്മാര്‍, അത്മായ വിശ്വാസികള്‍ ആഘോഷിക്കുന്ന രഹസ്യത്തിന്റെ സത്ത മറക്കാന്‍ പലപ്പോഴും പ്രലോഭിതരാകുന്നു. നാം ഈശോയെക്കുറിച്ചു സംസാരിക്കുന്നു. സൈദ്ധാന്തികമായി നമുക്ക് അവിടത്തെക്കുറിച്ച് വളരെയേറെ അറിയാം. എങ്കിലും അവിടത്തോടൊപ്പം ജീവിക്കാന്‍, അവിടത്തെ ഇഷ്ടപ്പെടാന്‍, താഴ്ത്തപ്പെടലിന്റെ പാതയും കുരിശിന്റെ വഴിയും അംഗീകരിക്കാന്‍ നമുക്കാകണം. നമുക്കു വിഘടിച്ചു ജീവിക്കാനാകില്ല. നമുക്കു വിഭജനം സൃഷ്ടിക്കാനാവില്ല. നമുക്കൊരു വിവാദത്തിന്റെ പ്രഭവമാകുന്നതിനു നിന്നുകൊടുക്കാനാകില്ല.

നിങ്ങളുടെ സഭയുടെ ആരാധനക്രമം നിര്‍ണയിക്കാന്‍ പരമോന്നതാധികാരമുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ് കോപ്പല്‍ സഭയുടെ മെത്രാന്‍ സിനഡ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍ദ്ദേശിച്ച രീതിയില്‍ ഏതാനും ആരാധനക്രമ ഗ്രന്ഥങ്ങള്‍ അംഗീകരിക്കുക മാത്രമല്ല, ആഘോഷങ്ങളുടെ രീതി നിര്‍ണയിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ സഭയുടെ വൈവിധ്യമുള്ള പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ട, ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ച് പൂര്‍ണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളില്‍ നിന്ന് ഒരു ചുവടു പിന്നോട്ടു വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതല്‍ മഹത്തരമായ സ്‌നേഹത്തിനും സക്ഷ്യത്തിനും വേണ്ടി ഇതിലുള്‍പ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകള്‍ ത്യാഗം ചെയ്യാനും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.

വിശുദ്ധ കുര്‍ബാന നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബര്‍ 28 മുതല്‍ സിനഡിന്റെ തീരുമാനം നടപ്പില്‍ വരുത്താന്‍ 34 രൂപതകള്‍ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാരൃത്തില്‍ ഇതുണ്ടായില്ലെന്നതു ഖേദകരമാണ്. പകരം നിങ്ങള്‍, ശ്രദ്ധാപൂര്‍വമായ വിചിന്തനത്തോടെയാണെങ്കിലും, സീറോമലബാര്‍ സഭയിലെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട, പ്രത്യേക ആരാധനക്രമ രീതി തുടരാന്‍ തീരുമാനിച്ചു.

എന്നിരുന്നാലും, ക്രൈസ്തവ വിശ്വാസികള്‍ എന്ന നിലയില്‍, നമ്മുടെ പെരുമാറ്റം, എങ്ങനെ വിയോജിപ്പു പ്രകടിപ്പിക്കുന്നു, വൈഷമ്യങ്ങളെയും താഴ്ത്തപ്പെടലിനെയും എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ ഒരു ചുവടു പിന്നോട്ടു വയ്ക്കുന്നു എന്നിങ്ങനെ സ്വയം ചോദിക്കുന്നതു നന്നായിരിക്കും. ഇത് കര്‍ത്താവിലേക്കു നോക്കി, അവിടത്തെ ഉത്കണ്ഠയിലും പീഡാസഹനത്തിലും തുടങ്ങി അവിടത്തോടൊപ്പം പെസഹാ രഹസ്യം ഒരുമിച്ച് അനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം; അല്ലാതെ, വിജയത്തിന്റെയോ, പരാജയത്തിന്റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരേ മറ്റൊന്ന് എന്ന മാനുഷിക മാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്.

അതിനാല്‍ സിനഡ് നിശ്ചയിച്ച പ്രകാരം വിശുദ്ധ കുര്‍ബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസം വിനാ നടപ്പാക്കാന്‍ പിതൃനിര്‍വിശേഷമായി ഉദ്‌ബോധിപ്പിച്ചു കൊണ്ട് ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു. മറ്റിടങ്ങളില്‍ ചെയ്തതുപോലെ ഉചിതമായ ബോധനം നല്‍കാനായി, അതുവഴി മാറ്റങ്ങള്‍ അംഗീകരിക്കാനായി എല്ലാവരും തയ്യാറാകുന്നതിന്, ചില ഇടവകകള്‍ക്കു കൂടുതല്‍ സമയം വേണ്ടി വരാന്‍ സാധ്യതയുണ്ട്. സിനഡിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം ഇത് മനസിലാക്കാവുന്നതാണ്.

അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജര്‍ ആര്‍ച്ച് ബിഷപ്പിനോടോ, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കും വിധം ആവശ്യമായ ഈ ഇളവ് ചോദിക്കാവുന്നതാണ്. പൗരസ്ത്യ സഭകളുടെ കാനന്‍ നിയമ സംഹിതക്ക് അനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേക്കു മാത്രമേ ഈ ഇളവ് നല്‍കാനാകൂ.

വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. എന്നാല്‍ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാനും മാര്‍പാപ്പയുടെ ഉപദേശത്തിലും അഭ്യര്‍ത്ഥനയിലും വിശ്വാസമര്‍പ്പിക്കാനും തയ്യാറുള്ള പുരോഹിതരുടെയും അത്മായ വിശ്വാസികളുടെയും മാതൃക ഞാന്‍ നിങ്ങളില്‍ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് സീറോമലബാര്‍ സഭയുടെ നൂറ്റാണ്ടുകളിലൂടെ പ്രകടമായിട്ടുള്ള വൃതിരിക്ത സ്വഭാവസ വിശേഷതയാണ്.

ഒട്ടേറെ ചരിത്രപരമായ തെറ്റിദ്ധാരണകള്‍ മറികടക്കാനും നമ്മുടെ കാലത്ത് ദൈവവിളിയും പ്രേഷിതോത്സാഹവും പുഷ്ടിപ്പെടുത്താനും നിങ്ങളുടെ വിശ്വസ്തത ഇടയാക്കിയിട്ടുണ്ട്. നിങ്ങള്‍ ചെയ്യുന്ന ത്യാഗം കര്‍ത്താവ് മറക്കുകയില്ല, ഒടുവില്‍ അവിടത്തെ അനുഗ്രഹങ്ങളുടെ സമൃദ്ധിയിലേക്കു നിങ്ങളുടെ ഹൃദയങ്ങള്‍ തുറക്കപ്പെടും. അങ്ങനെ സങ്കീര്‍ത്തന വചനങ്ങള്‍ നിങ്ങളില്‍ അന്വര്‍ത്ഥമാകും:''വിത്ത് ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവര്‍ കറ്റ ചുമന്നുകൊണ്ട് ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും'' (126:6).

നിങ്ങള്‍ ആയിരിക്കുന്ന അതിലോല സാഹചര്യത്തില്‍ വിഭജനത്തിന്റെ എല്ലാ വിവാദങ്ങള്‍ക്കും പ്രതിസാക്ഷ്യങ്ങള്‍ക്കുമുപരി നാം കര്‍ത്താവില്‍ വിതച്ചാല്‍ അവിടത്തോടൊത്തു കൊയ്യാം; നാം കാറ്റു വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യും. നിങ്ങളുടെ വിശ്വസ്തതയിലും അനുസരണത്തിലും വിശ്വാസം അര്‍പ്പിച്ചുകൊണ്ട്, പൗരോഹിത്യ അഭിഷേകത്തിലൂടെ കൈവന്ന പ്രത്യേക ബാധ്യത ഓര്‍മ്മിപ്പിച്ചുകൊണ്ട്, നിങ്ങള്‍ക്കെല്ലാവര്‍ക്കും മേല്‍ കര്‍ത്താവിന്റെ അനുഗ്രഹം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദയവായി എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ഥിക്കുന്നു.

റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍,
2022 മാര്‍ച്ച് 25,
കര്‍ത്താവിന്റെ മംഗളവാര്‍ത്താ തിരുനാള്‍
ഫ്രാന്‍സിസ് മാര്‍പാപ്പ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.