യു.എസില്‍ റോമന്‍ കത്തോലിക്കാ സഭയിലെ ആദ്യ ഇന്ത്യന്‍ ബിഷപ്പായി ഫാ. ഏള്‍ ഫെര്‍ണാണ്ടസ്

യു.എസില്‍ റോമന്‍ കത്തോലിക്കാ സഭയിലെ ആദ്യ ഇന്ത്യന്‍ ബിഷപ്പായി ഫാ. ഏള്‍ ഫെര്‍ണാണ്ടസ്

കൊളംബസ് (ഒഹായോ): ഇന്ത്യന്‍ വംശജനായ ഫാ. ഏള്‍ ഫെര്‍ണാണ്ടസിനെ അമേരിക്കയിലെ കൊളംബസ് രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതാദ്യമായാണ് യു.എസ് റോമന്‍ കത്തോലിക്കാ സഭയില്‍ ഒരു ഇന്ത്യ-അമേരിക്കന്‍ വംശജന്‍ ബിഷപ്പായി നിയമിക്കപ്പെടുന്നത്.

രൂപതയുടെ വെള്ളക്കാരനല്ലാത്ത ആദ്യ ബിഷപ്പാണ് 49 വയസുകാരനായ ഫാ. ഫെര്‍ണാണ്ടസ്. ഇപ്പോള്‍ സിന്‍സിനാറ്റി അതിരൂപതയിലെ വൈദികനാണ്. ബിഷപ്പ് റോബര്‍ട്ട് ജെ ബ്രണ്ണന്‍, ബ്രൂക്ക്‌ലിന്‍ ബിഷപ്പായി പോകുന്ന ഒഴിവിലാണ് കൊളംബസ് രൂപതയുടെ 13-ാമത്തെ ബിഷപ്പായി ഫാ. ഏള്‍ ചുമതലയേല്‍ക്കുന്നത്. മേയ് 31 നാണ് സ്ഥാനാരോഹണച്ചടങ്ങ്.

1970-ല്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ സിഡ്നി ഫെര്‍ണാണ്ടസിന്റെയും തെല്‍മയുടെയും മകനാണ് ഫാ. ഏള്‍. പിതാവ് ഫിസിഷ്യനും അമ്മ അധ്യാപികയുമായിരുന്നു. അഞ്ചു സഹോദരങ്ങളില്‍ നാലാമനായി ഒഹായോയിലെ ടോളിഡോയില്‍ 1972 സെപ്റ്റംബര്‍ 21-നാണു ജനനം.

സിന്‍സിനാറ്റിയിലെ സെന്റ് ഇഗ്‌നേഷ്യസ് ഓഫ് ലയോള ചര്‍ച്ചില്‍ പാസ്റ്ററാകുന്നതിന് മുമ്പ്, ഫാ. ഫെര്‍ണാണ്ടസ് ടോളിഡോ സര്‍വകലാശാലയില്‍ ബയോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനില്‍ വൈദ്യപഠനത്തിനായി ചേര്‍ന്നെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം ഉപേക്ഷിച്ചു. പൗരോഹിത്യമാണ് തന്റെ നിയോഗം എന്നു തിരിച്ചറിഞ്ഞ ഫാ. ഏള്‍ സിന്‍സിനാറ്റിയിലെ മൗണ്ട് സെന്റ് മേരീസില്‍ സെമിനാരി പഠനത്തിനു ചേര്‍ന്നു. റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റും നേടി.

2002-ലാണ് വൈദികനായി അഭിഷിക്തനായത്. സിന്‍സിനാറ്റി അതിരൂപതയില്‍ വൈദികനായ അദ്ദേഹം ഹോളി ഏഞ്ചല്‍സ് ചര്‍ച്ചിലെ വികാരിയായിരുന്നു, കൂടാതെ 2002 മുതല്‍ 2004 വരെ ഷെല്‍ബി കൗണ്ടിയിലെ ലേമാന്‍ കാത്തലിക് ഹൈസ്‌കൂളില്‍ അധ്യാപകനായി.

2016 മുതല്‍ 2019 വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ സഹായിയായും സേവനമനുഷ്ഠിച്ചു.

വാഷിംഗ്ടണില്‍ താമസിക്കുമ്പോള്‍, വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലില്‍ ഒരാളുടെ മരണത്തിനും 35 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ വെള്ളക്കാരുടെ 'യുണൈറ്റ് ദ റൈറ്റ്' റാലിഅദ്ദേഹത്തിന്റെ ചിന്താഗതികളില്‍ വലിയ മാറ്റമുണ്ടാക്കി.

'ഞാന്‍ എന്നെ ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനായാണ് കാണുന്നത്. ഓരോ വ്യക്തിയും എന്റെ സഹോദരനും സഹോദരിയുമാണ്. സമാധാനം കൈവരിക്കാന്‍ അക്രമത്തിന്റെ മാര്‍ഗം ഉപയോഗിക്കേണ്ടതില്ല-കഴിഞ്ഞ ദിവസം കൊളംബസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിയുക്ത ബിഷപ്പ് പറഞ്ഞു.

അക്രമവും വിദ്വേഷവും ഒരു വ്യക്തിയുടെ ആത്മാവിനെ ചെറുതാക്കുന്നു. വിവേചനം അനുഭവിക്കുന്നവന്റെ വേദന തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതം നിയന്ത്രിക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുത്. ഇത് അവസരങ്ങളുടെ നാടാണ്. ഇവിടുത്തെ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ ബിഷപ്പായി ചുമതലയേല്‍ക്കുന്നതില്‍ അഭിമാനമുണ്ട്-ഫാ. ഏള്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

തീവ്ര കത്തോലിക്ക വിശ്വാസം പിന്തുടരുന്ന മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ വിനയമാണ് തന്റെ ആത്മീയ യാത്രയില്‍ പിന്തുടരുന്നത്. ഗ്രേറ്റര്‍ കൊളംബസില്‍ ഉടനീളമുള്ള ആളുകളെ കാണാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും പ്രദേശത്തെ വൈവിധ്യമാര്‍ന്ന ജനസംഖ്യയെ അടുത്തറിയാനും തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.