സിനിമയെ വെല്ലും ട്വിസ്റ്റ്; 'കൊല്ലപ്പെട്ടയാൾ' ആറുവർഷത്തിനു ശേഷം തിരിച്ചു വന്നു: കുരുക്കിലായി പോലീസ്

സിനിമയെ വെല്ലും ട്വിസ്റ്റ്; 'കൊല്ലപ്പെട്ടയാൾ' ആറുവർഷത്തിനു ശേഷം തിരിച്ചു വന്നു: കുരുക്കിലായി പോലീസ്

അഹമ്മദാബാദ്: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'കൊല്ലപ്പെട്ടയാള്‍' മറ്റൊരിടത്ത് സുഖമായി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി.എന്നാൽ ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ ശിക്ഷ അനുഭവിച്ചിരുന്ന രണ്ടുപേരെ കുറ്റമുക്തരാക്കിയ കോടതി കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു.

ഗുജറാത്തിലെ നവ്‌സരി ഗ്രാമത്തിൽ നടന്ന സംഭവമാണിത്. നഗുലാല്‍ ഗായത്രി എന്ന ഫാക്ടറി ജീവനക്കാരന്‍ 'കൊല്ലപ്പെടുന്നത്' 2016 ലാണ്. ജോലിക്കുപോയ നഗുലാലിനെ കാണാതായതോടെ ബന്ധുക്കളും വീട്ടുകാരും പരാതി നല്‍കി. കേസ് 'കാര്യക്ഷമമായി' അന്വേഷിച്ച പൊലീസ് മൃതദേഹം കണ്ടെത്തി. അത് നഗുലാലിന്റേതാണെന്ന് ബന്ധുക്കളും തിരിച്ചറിഞ്ഞതോടെ കൊലപാതകികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മണിക്കൂറുകള്‍ക്കകം കൊലപാതകികളെ കണ്ടെത്തി. നഗുലാലിന്റെ സഹജീവനക്കാരായ മദന്‍ പിപ്ലഡി, സുരേഷ് ബട്ടേല എന്നിവരായിരുന്നു. 'കൊലപാതകം' നടത്തിയ രീതിയും കാരണവും പൊലീസ് എഫ് ഐ ആറില്‍ വിവരിച്ചു. ജോലിസ്ഥലത്തെ വൈരാഗ്യമായിരുന്നു കാരണം. പക കടുത്തതോടെ ഇരുവരും ചേര്‍ന്ന് നൈലോണ്‍ നൂലുകൊണ്ട് കഴുത്തറുത്തുകൊന്നു. കേസിന് ശക്തിപകരാന്‍ സാഹചര്യതെളിവുകളടക്കം മുപ്പത്തഞ്ചിലധികം തെളിവുകളും ഹാജരാക്കി. ഒപ്പം 19 സാക്ഷികളെയും. ഇതില്‍ ചിലര്‍ കൊലപാതകം നേരിട്ടുകണ്ടിരുന്നുവെന്നാണ് കോടതിയില്‍ പറഞ്ഞത്.

എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ കൊല്ലപ്പെട്ടെന്ന് കരുതിയ നഗുലാല്‍ അയല്‍ ഗ്രാമത്തില്‍ സുഖമായി താമസിക്കുന്നു എന്ന് ഗ്രാമവാസികളായ ചിലര്‍ കണ്ടെത്തി. ഇത് വെറും തോന്നലാണെന്നാണ് ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഗതി സത്യമാണെന്ന് വ്യക്തമായി.

2016 ല്‍ ഒരു ദിവസം രാത്രി വിശന്നപ്പോള്‍ കൊലക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മദന്‍ പിപ്ലഡിയുടെ വീട്ടിലെ അടുക്കളയില്‍ താന്‍ കയറിയെന്നും മദന്റെ ഭാര്യ തന്നെ കണ്ടെന്ന് തോന്നിയതോടെ പിന്നീടുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഓര്‍ത്ത് നാടുവിടുകയായിരുന്നുവെന്നാണ് നഗുലാല്‍ പറഞ്ഞത്. നഗുലാല്‍ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയതോടെ പ്രതിഭാഗം അഭിഭാഷകര്‍ സംഭവം കോടതിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് പ്രതികളായി മുദ്രകുത്തപ്പെട്ടിരുന്ന മദനെയും സുരേഷിനെയും കോടതി വെറുതേ വിട്ടത്. രണ്ട് പേര്‍ക്കും അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടായേകകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.