തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; അരുവിക്കര ഡാമിലെ ഒരു ഷട്ടര്‍ ഉയര്‍ത്തും

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; അരുവിക്കര ഡാമിലെ ഒരു ഷട്ടര്‍ ഉയര്‍ത്തും

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ. തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴയില്‍ പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. തിരുവനന്തപുരം കൊട്ടിയത്തറയില്‍ മരം വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. കൊല്ലത്തും മഴ ശക്തമായി പെയ്യുകയാണ്.

ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ലോവര്‍ റേഞ്ചിലും മഴ ശക്തമാകും. വടക്കന്‍ കേരളത്തില്‍ മഴ ദുര്‍ബലമാകും. വരും ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും. നാളെയോടെ ആന്‍ഡമാന്‍ കടലില്‍ ചക്രവതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ കൊമാരിന്‍ ഭാഗത്ത് നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റ് അനുകൂലമായി വന്നതാണ് തെക്കന്‍ കേരളത്തിലെ അതിശക്തമായ മഴയ്ക്ക് കാരണം. പെട്ടെന്നുണ്ടായ മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. കനത്ത കാറ്റില്‍ മരം വീണത് മൂലം മിക്കയിടത്തും വൈദ്യുതി ബന്ധം താറുമാറായി.

മന്ത്രി ജി.ആര്‍. അനിലിന്റെ ഓദ്യോഗിക വീടിന്റെ വളപ്പില്‍ മരം ഒടിഞ്ഞ് വീണു. മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെള്ളം കയറി. നെയ്യാര്‍ ഡാമില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചീങ്കണ്ണി പാര്‍ക്കിനു സമീപമാണ് സംഭവം. കരിക്കകം ക്ഷേത്രത്തിലെ ദീപാലങ്കാര ഗോപുരം തകര്‍ന്നു. ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ഗോപുരമാണ് തകര്‍ന്നത്.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഏഴിന് ഈ മേഖലയിലെ മത്സ്യബന്ധനം ഒഴിവാക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.