സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിസില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്‌നോവി മൗണ്ടന്‍സിലാണ് ദുരന്തമുണ്ടായത്. 75 വയസുള്ള പൈലറ്റും 64 വയസുകാരിയുമാണ് മരിച്ചത്. ഓസ്‌ട്രേലിയയില്‍ ഒരാഴ്ച്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.
രാത്രി പതിനൊന്നരയോടെയാണ് സ്നോവി മൗണ്ടന്‍സ് ഹൈവേയില്‍ നിന്ന് 200 മീറ്റര്‍ അകലെ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. രണ്ടും പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് മുന്‍പുള്ള ഹെലികോപ്റ്റിന്റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) ചീഫ് കമ്മീഷണര്‍ ആംഗസ് മിച്ചല്‍ പറഞ്ഞു.
ആഴ്ചകള്‍ക്കു മുന്‍പ് സ്നോവി മൗണ്ടന്‍സില്‍ ഹെലികോപ്റ്റര്‍ അപകടമുണ്ടായിരുന്നു. ഗുത്തേഗ പവര്‍ സ്റ്റേഷന് സമീപമുള്ള നദിയിലേക്ക് ഹെലികോപ്റ്റര്‍ പതിക്കുകയായിരുന്നു. അന്ന് പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച്ച വിക്ടോറിയ സംസ്ഥാനത്തെ മെല്‍ബിണിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ചു പേരാണ് മരിച്ചത്. മൗണ്ട് ഡിസപ്പോയിന്റ്‌മെന്റിലാണ് തകര്‍ന്നുവീണത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓസ്ട്രേലിയയില്‍ ഒന്‍പതു വ്യോമ ദുരന്തങ്ങളാണ് നടന്നതെന്ന് ആംഗസ് മിച്ചല്‍ പറഞ്ഞു. ദുരന്തങ്ങളില്‍ 17 പേരാണു മരിച്ചത്. ദുരന്തങ്ങളെക്കുറിച്ച് വിശദമായി പഠിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.