കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സൂചന; പുതുക്കിയ പട്ടികയിലും പേരുള്‍പ്പെടുത്തി സിപിഎം

കെ.വി തോമസ്  സെമിനാറില്‍ പങ്കെടുക്കുമെന്ന് സൂചന; പുതുക്കിയ പട്ടികയിലും പേരുള്‍പ്പെടുത്തി സിപിഎം

കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കുമെന്ന് സുചന. എന്നാൽ തീരുമാനം നാളെ അറിയിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. നാളെ രാവിലെ 11 ന് മാധ്യമങ്ങളെ കാണുമെന്നും കെ.വി തോമസ് അറിയിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ കെ വി തോമസ്, ശശി തരൂര്‍ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെതിരെ കെപിസിസി രംഗത്തു വന്നു.

ഇതേത്തുടര്‍ന്ന് സിപിഎം സെമിനാറില്‍ സംബന്ധിക്കുന്നതില്‍ നിന്നും ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശശി തരൂര്‍ പിന്മാറി.

അതേസമയം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെ പേരും ഉള്‍പ്പെടുത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്.

കെ.വി തോമസിനെ പാര്‍ട്ടിയിലേക്കല്ല ക്ഷണിച്ചത്, പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. സെമിനാറില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം പറയാനാണ് ക്ഷണിച്ചത്. പങ്കെടുക്കില്ലെന്ന് തോമസ് അറിയിച്ചിട്ടില്ല. അതാണ് പരിപാടിയില്‍ പേര് ഉള്‍പ്പെടുത്തിയതെന്നും ജയരാജന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.