സ്‌കൂള്‍ അധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ

സ്‌കൂള്‍ അധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 07

ഫ്രാന്‍സിലെ റെയിംസില്‍ സമ്പന്നമായ ഒരു കുലീന കുടുംബത്തില്‍ 1651 ലാണ് ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ജനിച്ചത്. പതിനാറ് വയസുള്ളപ്പോള്‍ അദ്ദേഹം നാട്ടിലെ കത്തീഡ്രലില്‍ ചാപ്റ്റര്‍ അംഗമായിരുന്നു. ഇരുപത്തേഴാം വയസില്‍ 1678 ല്‍ ജോണ്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു.

പട്ടം സ്വീകരിച്ച ഉടന്‍ തന്നെ അദ്ദേഹം റാവെനില്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിന്റെ അധികാരിയായി നിയമിതനായി. 1679 ല്‍ ജോണ്‍ അഡ്രിയാന്‍ ന്യേല്‍ എന്ന് പേരായ ഒരു അല്‍മായനെ കണ്ടുമുട്ടി. അദ്ദേഹം ആണ്‍കുട്ടികള്‍ക്ക് വേണ്ടിയൊരു സ്‌കൂള്‍ തുടങ്ങുവാനായി ആഗ്രഹിക്കുന്ന കാര്യം വിശുദ്ധനെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം രണ്ട് സ്‌കൂളുകള്‍ ആരംഭിച്ചു.

വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനം വിശുദ്ധന് വളരെയേറെ ഇഷ്ടമായിരുന്നു. അദ്ദേഹം അധ്യാപകരോടു വളരെ താല്‍പര്യപൂര്‍വ്വം ഇടപെടുകയും ക്രമേണ അവരെ തന്റെ ഭവനത്തില്‍ താമസിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു.

തന്റെ മനസില്‍ ഉരുത്തിരിഞ്ഞ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് അദ്ദേഹം അവര്‍ക്ക് പരിശീലനം നല്‍കി. കുറെ പേര്‍ വിശുദ്ധന്റെ ആശയങ്ങളെ തള്ളിക്കളഞ്ഞ് ജോലി ഉപേക്ഷിച്ച് പോയെങ്കിലും നിരവധിയാളുകള്‍ അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അങ്ങനെ 'ബ്രദേഴ്‌സ് ഓഫ് ദി ക്രിസ്ത്യന്‍ സ്‌കൂള്‍സിന്' ആരംഭമായി.

വിദ്യാഭ്യാസത്തെ നന്മ ചെയ്യുവാനുള്ള നല്ലൊരവസരമായി കണ്ട് ജോണ്‍ തന്റെ 'കാനന്‍' പട്ടം ഉപേക്ഷിക്കുകയും പാരമ്പര്യമായി തനിക്ക് ലഭിച്ചതെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. തന്റെ അധ്യാപകരെ മതപരമായ ഒരു ആത്മീയ സമൂഹമായി രൂപാന്തരപ്പെടുത്തി.

വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ സ്‌കൂളില്‍ നിന്നും നിരവധി ആണ്‍കുട്ടികള്‍ 'ബ്രദേഴ്‌സില്‍' പ്രവേശം ആവശ്യപ്പെട്ടു തുടങ്ങി. അതിനാല്‍ വിശുദ്ധന്‍ അവരെ ആത്മീയ അധ്യാപകരാക്കുവാനുള്ള പരിശീലനം നല്‍കുന്നതിനായി ഒരു ജൂനിയര്‍ പരിശീലന കേന്ദ്രവും സ്ഥാപിച്ചു.

നിരവധി പാസ്റ്റര്‍മാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് വിശുദ്ധ ജോണ്‍ ആദ്യം റെയിംസിലും പിന്നീട് പാരീസിലും, അവസാനം സെന്റ്ഡെനിസിലും അധ്യാപകര്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്ത് താന്‍ പുതിയൊരു സമ്പ്രദായത്തിനു അടിത്തറയിടുകയാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയ വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.

മാത്രമല്ല കൈതൊഴിലുകാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനായും വിദ്യാലങ്ങള്‍ സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ ജെയിംസിന്റെ അപേക്ഷ പ്രകാരം കുലീന വര്‍ഗത്തിലുള്ളവര്‍ക്ക് വരെ വിശുദ്ധന്‍ വിദ്യാലയം സ്ഥാപിച്ചു.

1719 ലെ നോമ്പുകാലത്ത് അതി ഗുരുതരമായൊരു അപകടത്തിന് വിധേയനായ അദ്ദേഹം ആ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ദിനം ഈ ലോകത്തോട് വിടപറഞ്ഞു. 1900 ത്തില്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെയെ വിശുദ്ധനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സ്‌കൂള്‍ അധ്യാപകരുടെ മധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെയില്‍സിലെ ബ്രിനാക്ക്

2. സിറിയായിലെ അഫ്രാറ്റെസ്

3. എസ്‌പെയിനിലെ അയ്ബെര്‍ട്ട്

4. സിലിസിയായിലെ കള്ളിയോപ്പൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26