ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെയും പ്രസിഡന്റ് ആരിഫ് ആല്‍വിയുടെയും നടപടി പ്രഥമദൃഷ്ട്യാ ഭണഘടനാ വിരുദ്ധമെന്ന് വിധിച്ചാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്ത ബണ്ടിയാല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ വിധി.
ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി റദ്ദാക്കിയ കോടതി അവിശ്വാസ പ്രമേയത്തില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടത്താനും നിര്‍ദ്ദേശിച്ചു. രാവിലെ പത്ത് മണിക്ക് ദേശീയ സഭയില്‍ വോട്ടെടുപ്പ് നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാന്‍ സര്‍ക്കാരാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിനാണ് പാകിസ്ഥാന്‍ മുസ്ലിംലീഗ് (നവാസ്), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ നൂറോളം എം.പിമാര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ് രികെ ഇന്‍സാഫിലെ (പി.ടി.ഐ.) 24 ജനപ്രതിനിധികള്‍ കൂറുമാറിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
പിന്നാലെ ഏഴംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്താന്‍ (എം.ക്യു.എം.-പി.), നാല് അംഗങ്ങളുള്ള ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി, ഓരോ അംഗംവീതമുള്ള പി.എം.എല്‍.ക്യു. ജമൂരി വതന്‍ പാര്‍ട്ടി എന്നിവ പിന്തുണ പിന്‍വലിച്ചു. ഇതോടെ ഇമ്രാന്റെ ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.
342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനു വേണ്ടിയിരുന്നത്. പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് തള്ളിയതോടെ പ്രതിപക്ഷ നീക്കം പരാജയപ്പെട്ടു. ഇതിനു പിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വി ദേശീയസഭ പിരിച്ചു വിടുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.
പുനപരിശോധനാ ഹര്‍ജി സ്വീകരിക്കില്ലെന്നും വോട്ടെടുപ്പില്‍ നിന്ന് ഒരംഗത്തെയും സര്‍ക്കാരിന് തടയാനാവില്ലെന്നും വിധിയിലുണ്ട്. രാജിവച്ചൊഴിയാതെ അവിശ്വാസ വോട്ടെടുപ്പ് നേരിട്ട് പരാജയപ്പെട്ടാല്‍ അങ്ങനെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയാകും ഇമ്രാന്‍ ഖാന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.