മതവിരുദ്ധ വാദങ്ങളെ ചെറുത്ത കൊറിന്തിലെ മെത്രാനായിരുന്ന വിശുദ്ധ ഡിയോണിസിയൂസ്

മതവിരുദ്ധ വാദങ്ങളെ ചെറുത്ത കൊറിന്തിലെ മെത്രാനായിരുന്ന വിശുദ്ധ ഡിയോണിസിയൂസ്

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 08

കൊറിന്തിലെ മെത്രാനായിരുന്ന ഡിയോണിസിയൂസ് രണ്ടാം നൂറ്റാണ്ടില്‍ മാര്‍ക്കസ് ഒറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്തെ സഭയുടെ ഇടയന്‍മാരില്‍ ഏറ്റവും ശക്തനും പ്രഭാഷണ ചാതുരിയുള്ള വ്യക്തിയുമായിരുന്നു. പ്രസംഗങ്ങള്‍ മാത്രമല്ല, ആഴത്തില്‍ ചിന്തിപ്പിക്കുന്ന ലേഖനങ്ങള്‍ എഴുതിയും അദ്ദേഹം ക്രൈസ്തവരെ ഉദ്‌ബോധിപ്പിച്ചിരുന്നു.

യുസേബിയൂസിന്റെ വിവരണങ്ങളില്‍ നിന്നുമാണ് വിശുദ്ധനെ കുറിച്ചും അദ്ദേഹമെഴുതിയ ലേഖനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടുള്ളത്. വിശുദ്ധ പീറ്റര്‍ സോട്ടര്‍ പാപ്പായുടെ കാലത്ത് റോമില്‍ നിന്നും ലഭിച്ച സഹായത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വിശുദ്ധന്‍ റോമന്‍ സഭയ്ക്ക് എഴുതിയ കത്തില്‍ സഭ നടത്തി വന്നിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ ഇദ്ദേഹം ഉള്ളുതുറന്നു പ്രകീര്‍ത്തിച്ചിട്ടുണ്ട്.

വിശുദ്ധന്‍ റോമന്‍ സഭയ്‌ക്കെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: 'ആദ്യകാലം മുതലേ എല്ലാ സ്ഥലങ്ങളിലുമുള്ള സഭകളുടെ നിലനില്‍പ്പിനായി സഹായങ്ങള്‍ അയച്ചുകൊടുക്കുന്നത് നിന്റെ പതിവാണ്. ആവശ്യമുള്ളവര്‍ക്ക് നീ സഹായം കൊടുക്കുന്നു. പ്രത്യേകിച്ച് ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി. ഇതില്‍ നീ നിനക്ക് മുന്‍പുള്ള പിതാക്കന്‍മാരുടെ മാതൃക പിന്തുടരുന്നു.

ഇക്കാര്യത്തില്‍ അനുഗ്രഹീതനായ മെത്രാന്‍ സോട്ടര്‍, തന്റെ മുന്‍ഗാമികളില്‍ നിന്നും ഒരുപടി മുന്നിലാണ്. അദ്ദേഹം അവരേയും മറികടന്നിരിക്കുന്നു. ഒരു പിതാവ് മക്കള്‍ക്കെന്നപോലെ അദ്ദേഹം നല്‍കിയ ആശ്വാസം എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. ഈ ദിവസം നാം ഒരുമിച്ച് നമ്മുടെ കര്‍ത്താവിന്റെ ദിനം ആഘോഷിച്ചു.'

അക്കാലത്തെ മതവിരുദ്ധ വാദങ്ങളെക്കുറിച്ച് വിശുദ്ധന്‍ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് ആദ്യമൂന്ന് നൂറ്റാണ്ടുകളിലെ ഭീകരമായ മതവിരുദ്ധ വാദങ്ങള്‍ വിശുദ്ധ ലിഖിതങ്ങളുടെ വ്യാഖ്യാനങ്ങള്‍ വഴിയല്ല വന്നിട്ടുള്ളത്. മറിച്ച്, ദൈവദൂഷകരുടെ അബദ്ധമായ തത്വശാസ്ത്ര വിദ്യാലയങ്ങളില്‍ നിന്നുമാണ്.

മതവിരുദ്ധ വാദങ്ങള്‍ വിഗ്രഹാരാധകരുടെ അന്ധവിശ്വാസപരമായ അഭിപ്രായങ്ങളുടെ ചിറകിലേറി. വിശുദ്ധ ഡിയോണിസിയൂസ് ഇത്തരം ദൈവനിഷേധപരമായ തെറ്റുകളുടെ ഉറവിടങ്ങളെ ചൂണ്ടികാട്ടി. ഏതു തരത്തിലുള്ള തത്വശാസ്ത്ര വിഭാഗങ്ങളില്‍ നിന്നുമാണ് ഓരോ മതവിരുദ്ധ വാദവും ഉയര്‍ത്തെഴുന്നേറ്റതെന്നും അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.

ഗ്രീക്കുകാര്‍ വിശുദ്ധ ഡിയോണിസിയൂസിനെ ഒരു രക്തസാക്ഷി എന്ന നിലയില്‍ ആദരിക്കുന്നു. കാരണം വിശുദ്ധന്‍ സമാധാനപൂര്‍വ്വമാണ് മരണപ്പെട്ടതെന്ന് കാണപ്പെടുന്നുണ്ടെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി അദ്ദേഹം ഒരുപാടു കഷ്ടതകള്‍ സഹിച്ചു. എന്നാല്‍ ലാറ്റിന്‍കാര്‍ വിശുദ്ധനെ ഒരു കുമ്പസാരകനായാണ് പരിഗണിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കാര്‍ത്തേജിലെ കണ്‍ചെസാ

2. കോമാ ബിഷപ്പായ അമാന്‍സിയൂസ്

3. ടൂഴ്‌സിലെ ബിഷപ്പായ പെര്‍പെത്തൂസ്

4. അലക്‌സാണ്ട്രിയായിലെ എദേസിയൂസ്

5. അസിന്‍ ക്രിറ്റൂസ്, ഫ്‌ളെഗോണ്‍, ഹെറോഡിയോണ്‍

6. ആഫ്രിക്കയിലെ ജാനുവാരിയൂസ്, മാക്‌സിമാ മക്കാരിയാ.


'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26