തിരുവനന്തപുരം: ഡ്രോണുകളെ നിര്‍വീര്യമാക്കാനും തകര്‍ക്കാനും ശേഷിയുള്ള 'ആന്റി ഡ്രോണ്‍ മൊബൈല്‍ സിസ്റ്റം' രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോണ്‍ ഫൊറന്‍സിക് ഗവേഷണ കേന്ദ്രത്തില്‍ സംവിധാനത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പില്‍ ഘടിപ്പിക്കുന്ന ആന്റി ഡ്രോണ്‍ നിര്‍മിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കമ്പ്യൂട്ടറില്‍ തെളിയുമെന്നും അതിനെ ജാമര്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കുകയയോ ലേസര്‍ ഉപയോഗിച്ച് തകര്‍ക്കുകയോ ചെയ്യാമെന്ന് അവകാശപ്പെട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോണ്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതെന്നു സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.
ജീപ്പില്‍ ഘടിപ്പിക്കുന്നതിനാല്‍ എവിടെയും ഉപയോഗിക്കാമെന്നും ഇതോടൊപ്പം പൊലീസ് സേനയ്ക്ക് ആവശ്യമായ വിവിധ തരം ഡ്രോണുകളും വികസിപ്പിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
സൈബര്‍ ഡോമില്‍, 40 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ഡ്രോണ്‍ പറത്താനും ഉപയോഗിക്കാനും സിമുലേറ്ററില്‍ പരിശീലനം നല്‍കിയതായും യഥാര്‍ഥ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശീലനം തുടര്‍ന്നും നല്‍കുമെന്നും വ്യക്തമാക്കി. ജില്ലാ തലത്തിലും കൂടുതല്‍ പൊലീസുകാര്‍ക്കു പരിശീലനം നല്‍കുമെന്നും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.