കാന്‍ബറ: റഷ്യക്കെതിരേയുള്ള പോരാട്ടത്തിന് കരുത്തു പകരാന്‍ ഉക്രെയ്‌ന് ഓസ്‌ട്രേലിയ നല്‍കുന്ന 20 ബുഷ്മാസ്റ്റര്‍ സൈനിക വാഹനങ്ങള്‍ യൂറോപ്പിലേക്കു യാത്ര തിരിച്ചു. യുദ്ധഭൂമിയില്‍ സൈനികര്‍ക്ക് ശക്തമായ കവചമൊരുക്കുന്ന ബുഷ്മാസ്റ്റര്‍ ഇന്നു രാവിലെയാണ് ബ്രിസ്ബനില്‍നിന്ന് ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ യൂറോപ്പിലേക്കു തിരിച്ചത്. എങ്ങനെ ഉക്രെയ്‌നില്‍ എത്തിക്കും എന്നതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ആംബുലന്‍സായി പ്രവര്‍ത്തിക്കുന്ന രണ്ട് വേരിയന്റുകള്‍ ഉള്‍പ്പെടെയാണ് 20 ബുഷ്മാസ്റ്ററുകള്‍ ഉക്രെയ്‌ന് സമ്മാനമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയത്.
ബുഷ്മാസ്റ്റര്‍ വിമാനത്തിനകത്തേക്കു പ്രവേശിക്കുന്നു.
കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നേരിട്ടു നടത്തിയ അഭ്യര്‍ഥനയെതുടര്‍ന്നാണ് ഓസ്ട്രേലിയ 500 ലക്ഷം ഡോളര്‍ മൂല്യമുള്ള 20 ബുഷ്മാസ്റ്റര്‍ വാഹനങ്ങള്‍ നല്‍കുന്നത്. യുദ്ധഭൂമിയില്‍ സ്‌ഫോടനങ്ങളില്‍നിന്ന് സൈനികര്‍ക്ക് അധിക സുരക്ഷ നല്‍കുന്നത് ഉള്‍പ്പെടെ നിരവധി ദൗത്യങ്ങള്‍ ഒരേസമയം നിര്‍വഹിക്കാന്‍ സഹായിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ നിര്‍മിത ബുഷ്മാസ്റ്റര്‍ വാഹനങ്ങള്‍.
ഉക്രെയ്‌നിലെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ ഒലിവ് പച്ച നിറമാണ് വാഹനങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങളും അധികമായി സജ്ജീകരിച്ചിട്ടുണ്ട്. കുഴിബോംബുകള്‍, പീരങ്കികള്‍, തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എന്നിവയില്‍നിന്ന് വാഹനത്തിനുള്ളിലെ ഉക്രെയ്ന്‍ സൈനികര്‍ക്ക് സുരക്ഷ ലഭിക്കുന്ന വിധമാണ് ബുഷ്മാസ്റ്ററിന്റെ രൂപകല്‍പന.
വാഹനത്തിന്റെ ഇരുവശത്തും ഉക്രെയ്ന്‍ പതാക വരച്ചിട്ടുണ്ട്. ഉക്രെയ്നിലെ ജനങ്ങളോടുള്ള ഓസ്‌ട്രേലിയയുടെ പ്രതിബദ്ധതയും പിന്തുണയും അറിയിക്കുന്നതിനായി ഇംഗ്ലീഷിലും ഉക്രെയ്ന്‍ ഭാഷയിലും 'യുണൈറ്റഡ് വിത്ത് ഉക്രെയ്ന്‍' എന്നും വാഹനത്തില്‍ എഴുതിയിട്ടുണ്ട്. വാഹനങ്ങള്‍ കൂടാതെ സൈനികര്‍ക്ക് ഉക്രെയ്ന്‍ ഭാഷയിലുള്ള സബ്‌ടൈറ്റില്‍ ഉള്‍പ്പെടുന്ന വീഡിയോയിലൂടെ സൈനിക പരിശീലനവും നല്‍കും.
ഓസ്ട്രേലിയ ഉക്രെയ്ന് ഇതുവരെ ഏകദേശം 165 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നല്‍കിയിട്ടുണ്ട്. 70,000 ടണ്‍ കല്‍ക്കരിയും 65 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായവും നല്‍കി. റഷ്യന്‍ സേനയെ തുരത്താന്‍ ഉക്രെയ്ന് കഴിയുന്നവിധമുള്ള എല്ലാ സൈനിക സഹായവും ഓസ്ട്രേലിയ തുടര്‍ന്നും നല്‍കുമെന്ന് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്:
യുദ്ധമുഖത്തെ ഉരുക്കുകവചം; സെലന്‍സ്‌കി ആവശ്യപ്പെട്ട ബുഷ്മാസ്റ്റര്‍ വാഹനങ്ങളുടെ പ്രത്യേകതകള്‍
'തങ്ങള്‍ക്ക് ആയുധങ്ങള്‍ തരൂ'; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനോടായി സെലന്‍സ്‌കി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.